Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുകെയിലേക്ക് ‘മിസൈൽ ഭീഷണി’യുമായി കിം; സൈബർ ആക്രമണമുണ്ടാകുമെന്നും മുന്നറിയിപ്പ്

North-Korean-leader-Kim-Jong-Un ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഉദ്യോഗസ്ഥരോടൊപ്പം. (ഫയൽ ചിത്രം)

സോൾ ∙ സംഘർഷത്തിന്റെ കൊടുമുടിയിൽനിന്നു സമാധാനത്തിന്റെ താഴ്‍വരയിലേക്കു നീങ്ങുന്നതിനിടെ വീണ്ടും ‘മിസൈൽ ഭീഷണി’യുമായി ഉത്തര കൊറിയ. യുകെ തീരം ലക്ഷ്യം വച്ച് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയേക്കുമെന്നാണു റിപ്പോർട്ട്. 18 മാസത്തിനുള്ളിൽ ഉത്തര കൊറിയ ബാലിസിറ്റിക് മിസൈൽ വിക്ഷേപിച്ചേക്കുമെന്നു യുകെ ജനപ്രതിനിധികൾ തന്നെയാണു ഭയപ്പെടുന്നത്. യുകെയിലെ എംപിമാർ ഉൾപ്പെട്ട ‘ദ് കോമൺസ് ഡിഫൻസ് സെലക്ട് കമ്മിറ്റി’യുടെ റിപ്പോർട്ടിലാണ്  ആശങ്ക പങ്കുവയ്ക്കുന്നത്. മിസൈൽ ഭീഷണിയ്ക്കൊപ്പം സൈബർ ആക്രമണത്തെയും ഭയക്കണമെന്നു റിപ്പോർട്ട് പറയുന്നു.

‘ഉത്തര കൊറിയയുടെ ആണവ മിസൈലുകളുടെ ലക്ഷ്യമായി യുകെ മാറുമെന്നു പ്രതിരോധ മന്ത്രാലയം കരുതുന്നില്ല. യുഎസും ദക്ഷിണ കൊറിയയുമാണ് ഉത്തര കൊറിയയുടെ ശത്രുക്കൾ. യുകെ ശത്രുപ്പട്ടികയിലില്ല. പക്ഷേ, വിവേകമല്ല അലിവില്ലായ്മയാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റേത്. ഇത് ആശങ്കപ്പെടുത്തുന്നു’– റിപ്പോർട്ട് അഭിപ്രായപ്പെട്ടു.

ദീർഘദൂര മിസൈലുകളുടെ ഏത് ഉപയോഗവും മേഖലയിൽ സൈനിക ഇടപെടലുകളിലേക്കു നയിക്കാം. സംഘർഷമുണ്ടായാൽ സൈനിക സഹായം നൽകാതിരിക്കാൻ യുകെയ്ക്കു മേൽ നിയമ ബാധ്യതയില്ല. ഇതുവരെ യുകെ പക്ഷം ചേരാതെയാണു നിൽക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. യുഎസിന്റെ ഏതുഭാഗത്തെയും ആക്രമിക്കാവുന്ന തരത്തിലുള്ള ആറ് ആണവ മിസൈൽ പരീക്ഷണങ്ങളാണ് ഇതുവരെ ഉത്തര കൊറിയ നടത്തിയിട്ടുള്ളത്. തങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനു കിമ്മിനു ദൂരം തടസ്സമാകില്ലെന്നാണു യുകെ കരുതുന്നത്.

സൈബർ ആക്രമണത്തിന് ഒരുങ്ങുന്നു

കഴിഞ്ഞവർഷം മേയിലുണ്ടായ ‘വാനാക്രി’ സൈബർ ആക്രമണം കൂടുതൽ ശക്തിയിൽ ഉത്തര കൊറിയ ആവർത്തിച്ചേക്കുമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. കംപ്യൂട്ടറുകളുടെ പ്രവർത്തനം നിയന്ത്രണത്തിലാക്കി, ഫയലുകൾ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടുന്ന ‘റാൻസംവെയർ’ സൈബർ ആക്രമണമാണ് ലോകമാകെ നടന്നത്.

വാനാക്രി സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തര കൊറിയയാണെന്നു യുഎസ്, ബ്രിട്ടൻ, മൈക്രോസോഫ്റ്റ് കമ്പനി എന്നിവർ നേരത്തേ ആരോപിച്ചിരുന്നു. ഇന്ത്യയുൾപ്പെടെ, നൂറ്റൻപതിലേറെ രാജ്യങ്ങളിലെ മൂന്നു ലക്ഷത്തിലേറെ കംപ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചത്. ആശുപത്രികൾ, ബാങ്കുകൾ, ഓഫിസുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം താറുമാറായി.

കൊറിയൻ ഉച്ചകോടി 24ന്

ഇതിനിടെ, അപ്രതീക്ഷിതമായി സമാധാനക്കൊടി വീശിയ ഉത്തര കൊറിയയുമായി ദക്ഷിണ കൊറിയയുടെ ചർച്ച 24ന് നടക്കും. ഒരു ദശകത്തിനുശേഷം ആദ്യമായി ഇരു കൊറിയകളുടെയും നേതാക്കൾ ഉച്ചകോടിക്കായി ഒത്തുകൂടും. അതിർത്തി മധ്യേയുള്ള, സൈനിക മുക്ത മേഖലയായ പൻമുൻജോങ്ങിലായിരിക്കും ഉച്ചകോടി. കിമ്മിന്റെ അപ്രതീക്ഷിത ചൈനാ സന്ദർശനത്തിനു പിന്നാലെയാണ് ഉച്ചകോടി പ്രഖ്യാപനം. 

മേഖലയുടെ ആണവ നിരായുധീകരണം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തൽ എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ഫെബ്രുവരിയിൽ ദക്ഷിണ കൊറിയയിൽ നടന്ന ശീതകാല ഒളിംപിക്സിലേക്ക് ഉത്തര കൊറിയ കായികതാരങ്ങളെ അയച്ചതോടെയാണ് ഇരുരാജ്യങ്ങൾക്കിടയിലെ സംഘർഷം അയഞ്ഞുതുടങ്ങിയത്. മേയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കിമ്മും കൂടിക്കാണാനും നീക്കമുണ്ട്. ജപ്പാനുമായും ഉൻ ചർച്ച നടത്തിയേക്കും.