Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാശ്രയ രക്തസാക്ഷികളെ മറന്നോ ഇടതു സര്‍ക്കാർ‍? ക്രമവിരുദ്ധ ഓർഡിനന്‍സ് വന്നതിങ്ങനെ

Niyamasabha, Supreme Court

തിരുവനന്തപുരം∙ രണ്ടു മെഡിക്കല്‍ കോളജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ പ്രവേശനം സാധുവാക്കാന്‍ ക്രമവിരുദ്ധമായി ഓര്‍ഡിനന്‍സ് ഇറക്കുകയും അതു സുപ്രീംകോടതി തള്ളുകയും ചെയ്തതോടെ സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായി. അര്‍ഹരായ വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടാതിരിക്കാനാണ് ‘കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍ ബിൽ’ പാസാക്കിയതെന്ന മുടന്തൻ വാദവും തെറ്റാണെന്നു രേഖകള്‍ വ്യക്തമാക്കുന്നു. സ്വാശ്രയ വിഷയത്തില്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുള്ള പാര്‍ട്ടിയുടെ ഒരു എംഎല്‍എപോലും ഓര്‍ഡിനന്‍സിനെ നിയമസഭയില്‍ എതിര്‍ത്തില്ലെന്നതും ശ്രദ്ധേയമായി. പ്രതിപക്ഷവും ഒന്നും മിണ്ടിയില്ല.

Read more at: സ്വപ്നങ്ങളില്ലാ സ്വാശ്രയം; സാധാരണക്കാരുടെ വിദ്യാഭ്യാസ മോഹങ്ങളെ ‘ശരിയാക്കി’യതാര്?

കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളിലെ 180 വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ പ്രശ്നങ്ങളുണ്ടായത് മാനേജ്മെന്റുകള്‍ തെറ്റായ അപേക്ഷകള്‍ സമര്‍പ്പിച്ചതുകൊണ്ടാണെന്നു മേല്‍നോട്ട സമിതി നേരത്തെതന്നെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മാനേജ്മെന്റുകള്‍ ക്യാപിറ്റേഷന്‍ ഫീസ് പിരിച്ചെന്നും രേഖകളുടെ അടിസ്ഥാനത്തില്‍ സമിതി വ്യക്തമാക്കി. ആരോഗ്യ സെക്രട്ടറിയും സമാനമായ റിപ്പോര്‍ട്ട് നല്‍കി. ഇതെല്ലാം സര്‍ക്കാര്‍ അവഗണിച്ചാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ട്രന്‍സ് കമ്മിഷണറെ കൊണ്ട് നടത്തിയ അലോട്ട്മെന്റിൽ‍, മാനേജ്മെന്റുകളുടെ നടപടികൊണ്ട് പ്രവേശനം ലഭിക്കാത്ത 44 അര്‍ഹരായ വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഈ ലിസ്റ്റ് അംഗീകരിക്കാതെ അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ഥികളുടേതടക്കം എല്ലാവരുടേയും പട്ടിക അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

സുപ്രീംകോടതി നിര്‍ദേശങ്ങള്‍ മറികടക്കാനായി കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് എട്ടാം തീയതിവരെ പ്രാബല്യമുണ്ട്. അതുകഴിഞ്ഞാല്‍ ഓര്‍ഡിനന്‍സ് റദ്ദാകും. ഇതൊഴിവാക്കാനാണ് നിയമസഭയില്‍ സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. ബില്‍ നിയമസഭയില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചിട്ടുണ്ട്. നിയമവകുപ്പും ആരോഗ്യവകുപ്പും കണ്ടശേഷമായിരിക്കും ഗവര്‍ണര്‍ക്ക് അയയ്ക്കുക. ഓര്‍ഡിനന്‍സ് സുപ്രീംകോടതി തള്ളിക്കളഞ്ഞതോടെ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ സാധ്യതയില്ല. ഒപ്പിട്ടില്ലെങ്കില്‍ നിയമമാകില്ല. ഫലത്തില്‍ സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളും നിഷ്ഫലമാകും. കുട്ടികളുടെ പ്രവേശനം അസാധുവാകും. മാറ്റങ്ങള്‍ വരുത്തി സര്‍ക്കാരിന് വീണ്ടും ഓര്‍ഡിനന്‍സ് കൊണ്ടുവരാനാകുമെങ്കിലും സാധ്യത കുറവാണ്.

തട്ടിപ്പ് ഓര്‍ഡിനന്‍സിന്റെ നാള്‍ വഴികൾ‍:

∙ ചട്ടങ്ങള്‍ ലംഘിച്ചു പ്രവേശനം നടത്തിയ കണ്ണൂര്‍ മെഡിക്കല്‍ കോളജിനും പാലക്കാട് കരുണയ്ക്കും 2016-17 വിദ്യാഭ്യാസ വര്‍ഷത്തിലെ പ്രവേശനം എങ്ങനെ നടത്തണം എന്നതിനെ സംബന്ധിച്ച് പ്രവേശന മേല്‍നോട്ട സമിതി നിര്‍ദേശം നല്‍കുന്നു. ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിക്കണം, മെറിറ്റ് ലിസ്റ്റും വെയ്റ്റിങ് ലിസ്റ്റും പ്രസിദ്ധീകരിക്കണം തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍. മാനേജ്മെന്റുകള്‍ മുഖവിലയ്ക്കെടുക്കുന്നില്ല.

∙ കമ്മിറ്റി കര്‍ശന നടപടിയെടുക്കുന്നു. വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്യാതിരുന്ന മാനേജ്മെന്റിനെകൊണ്ട് സൈറ്റ് ഓപ്പണ്‍ ചെയ്യിക്കുന്നു. കമ്മറ്റിയുടെ സൈറ്റില്‍ ഇവരുടെ പ്രവേശന നടപടികളുടെ ലിങ്ക് കൊടുക്കുന്നു. കിട്ടിയ അപേക്ഷകള്‍ പ്രവേശനം അവസാനിക്കുന്ന ദിവസം തന്നെ കമ്മിഷന്റെ സൈറ്റിലേക്ക് നല്‍കണമെന്നും നിര്‍ദേശിച്ചു. ഈ നിര്‍ദേശവും മാനേജ്മെന്റുകള്‍ പാലിച്ചില്ല.

∙ ക്രമക്കേടുകള്‍ കണ്ടെത്തിയ പ്രവേശന മേല്‍നോട്ട സമിതി മുഴുവന്‍ പ്രവേശനവും റദ്ദാക്കുകയും പ്രവേശനം നടത്താന്‍ പരീക്ഷാ കമ്മീഷണറോട് ആവശ്യപ്പെടുകയും ചെയ്യുന്നു. മാനേജ്മെന്റുകള്‍ ഇതിനെതിരെ ഹൈക്കോടതിയില്‍പോയെങ്കിലും മുഴുവന്‍ അഡ്മിഷന്റെയും രേഖകളുമായി പ്രവേശന സമിതിക്കുമുന്നില്‍ ഹാജരാകാന്‍ കോടതിയുടെ നിര്‍ദേശം. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കുന്നു.

∙ മാനേജ്മെന്റുകള്‍ സമ്മര്‍ദത്തിലാകുന്നു. ഓണ്‍ലൈന്‍ വഴി ലഭിച്ചത് കുറച്ചു അപേക്ഷകള്‍ മാത്രം. കൂടുതലും ക്രമവിരുദ്ധമായി പ്രവേശനം നല്‍കിയവര്‍. പ്രവേശന സമിതി ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രം അംഗീകരിച്ചാല്‍ കച്ചവടം ചെയ്ത സീറ്റുകള്‍ റദ്ദാക്കപ്പെടും. ഇതിനെ മറികടക്കാന്‍ അപൂര്‍ണമായ രേഖകള്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിക്കുന്നു. ഒപ്പം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു.

∙ രേഖകള്‍ കൃത്രിമമാണെന്നു കണ്ട് പ്രവേശന മേല്‍നോട്ട സമിതി എല്ലാ അഡ്മിഷനുകളും റദ്ദാക്കി. സുപ്രീംകോടതിയും മാനേജ്മെന്റുകളുടെ ഹര്‍ജി തള്ളുന്നു. കുട്ടികളുടെ പുനഃപരിശോധനാ ഹര്‍ജിയും കോടതി തള്ളി.

തിരിമറികള്‍ തുടങ്ങുന്നു

∙കോടതി വിധി എതിരായതോടെ കുട്ടികളുടെ രക്ഷയ്ക്കെന്ന പേരില്‍ 2017 ഒക്ടോബറില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളില്‍ ചിലത്: കോടതി വിധിമൂലം പ്രവേശം നഷ്ടപ്പെട്ട കുട്ടികള്‍ ഒരു വര്‍ഷം ആ കോളജുകളില്‍ പഠിച്ചിരിക്കണം. കുട്ടികള്‍ അപേക്ഷ നല്‍കിയത് എങ്ങനെയാണെന്ന് പരിഗണിക്കരുത്.

സര്‍ക്കാരിന് ചെയ്യാമായിരുന്നത്: കുട്ടികളെ രക്ഷപ്പെടുത്തണമെങ്കില്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് റിവ്യൂ പെറ്റീഷന്‍ നല്‍കാമായിരുന്നു. യോഗ്യതയുള്ള കുട്ടികളെ മാത്രം രക്ഷപ്പെടുത്താന്‍ ഓര്‍ഡിനന്‍സ് ഇറക്കാമായിരുന്നു. പകരം ക്രമവിരുദ്ധമായി പ്രവേശനം നേടിയവര്‍ക്കും അംഗീകാരം ലഭിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നു.

∙ ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു മുന്‍പ് വിഷയത്തെക്കുറിച്ചു പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസായിരുന്നു സമിതി അധ്യക്ഷന്‍. മാനേജ്മെന്റുകള്‍ അമിത ഫീസ് കുട്ടികളില്‍നിന്ന് വാങ്ങിയോ എന്നു പരിശോധിക്കണമെന്നു സമിതിയോട് നിര്‍ദേശിച്ചിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രവേശനമേല്‍നോട്ട സമിതിയോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടുന്നു.

∙ പത്തുലക്ഷം രൂപ വാർഷിക ഫീസ് പിരിക്കാൻ മാത്രം അവകാശമുള്ള കോളജ് മൂന്നിരട്ടി തുകവരെ പിരിച്ചതായി മുൻപു കണ്ടെത്തിയ കമ്മിറ്റി, മാനേജ്മെന്റുകള്‍ ക്യാപിറ്റേഷന്‍ തുക വാങ്ങിയതായി ഔദ്യോഗികമായി അറിയിക്കുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി മാനേജ്മെന്റുകള്‍ക്ക് എതിരായ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്കും അതുവഴി ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കും കൈമാറുന്നു.

സര്‍ക്കാരിനു ചെയ്യാമായിരുന്നത്: കോളജ് മാനേജ്മെന്റുകള്‍ ക്യാപിറ്റേഷന്‍ വാങ്ങിയതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ലഭിക്കുന്ന സര്‍ക്കാരിന് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ കഴിയുമായിരുന്നു. അപേക്ഷ നല്‍കിയത് എങ്ങനെയാണെന്നു പരിഗണിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകള്‍ ഒഴിവാക്കി അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കാമായിരുന്നു.

∙ ഫയല്‍ ആരോഗ്യമന്ത്രി നിയമവകുപ്പ് മന്ത്രിക്ക് അയയ്ക്കുന്നു. ക്യാപിറ്റേഷന്‍ വാങ്ങിയതിനു തെളിവില്ലെന്നു നിയമവകുപ്പിന്റെ ക്ലീന്‍ചിറ്റ്.

സര്‍ക്കാരിന് ചെയ്യാമായിരുന്നത്: നിയമ സെക്രട്ടറിയുടെ ഉപദേശം തള്ളി, ആരോഗ്യസെക്രട്ടറിയുടേയും പ്രവേശന മേല്‍നോട്ട സമിതിയുടേയും തീരുമാനങ്ങള്‍ അംഗീകരിക്കാമായിരുന്നു. ഒന്നും സംഭവിച്ചില്ല

∙ ഫയല്‍ മുഖ്യമന്ത്രിക്ക്. ജനുവരി 31ന് ചേര്‍ന്ന മന്ത്രിസഭായോഗം ക്രമവിരുദ്ധമായി നടത്തിയ പ്രവേശനം അംഗീകരിക്കാന്‍ തീരുമാനിക്കുന്നു.

മന്ത്രിസഭായോഗത്തില്‍ ഘടകക്ഷിമന്ത്രിമാരുടെ ഭാഗത്തുനിന്നും എതിര്‍പ്പുണ്ടാകുന്നില്ല

∙ ഏപ്രില്‍ നാലിന് ഓര്‍ഡിനന്‍സ് നിയമസഭ നിയമമാക്കുന്നു. പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് അംഗീകാരം നഷ്ടപ്പെട്ട രണ്ടു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സാധൂകരിക്കുന്നതിനുള്ള ‘കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍ ബില്‍’ നിയമസഭ ഐകകണ്ഠ്യേന പാസാക്കുന്നു.

ജനപ്രതിനിധികള്‍ക്ക് ചെയ്യാമായിരുന്നത്: മാനജ്മെന്റുകളുടെ കൊള്ളയ്ക്കെതിരെ, സര്‍ക്കാരിന്റെ തട്ടിപ്പിനെതിരെ പ്രതികരിക്കാനുള്ള അവസരം. സ്വാശ്രയ സമരത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുണ്ടായിരിക്കേ, ഭരണകക്ഷിയിലെ ഒരു എംഎല്‍എപോലും ബില്ലിനെ എതിര്‍ത്തില്ല. പ്രതിപക്ഷവും സര്‍ക്കാരിനെ അനുകൂലിച്ചു. എതിര്‍ത്തത് വി.ടി. ബല്‍റാം എംഎല്‍എ മാത്രം.

∙ സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കുന്നു. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി 180 വിദ്യാര്‍ഥികളെയും പുറത്താക്കാന്‍ നിര്‍ദേശിക്കുന്നു. കരുണയില്‍ 30 വിദ്യാര്‍ഥികള്‍. കണ്ണൂര്‍ അഞ്ചരകണ്ടിയില്‍ 150 വിദ്യാര്‍ഥികൾ‍.