Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സങ്കടങ്ങൾക്ക് കൂട്ടിരിക്കാൻ ‘ഒരമ്മ’ പിറന്നു!

റൂബിൻ ജോസഫ്
endosulfan-victims സങ്കടപ്പുഞ്ചിരി: കാസർകോട് കലക്ടറേറ്റിൽ എൻഡോസൾഫാൻ സെൽ യോഗത്തിൽ ദുരിതബാധിതയായ മകളെയും കൈയിലെടുത്ത് അധികൃതരെ കാത്തു നിൽക്കുന്ന അമ്മ. ചിത്രം – രാഹുൽ പട്ടം

‘‘.... ഗർഭം ധരിച്ചതു മുതൽ ആശങ്കകളും ഉത്കണ്ഠകളുമായി അമ്മമാർ മന്ത്രവാദികളുടെയും ജിന്നിന്റെയും അടുത്തെത്തുന്നു. ഇവർക്കറിയേണ്ടത് ഇത്രമാത്രം: എന്റെ കുഞ്ഞിന്റെ തല വലുതായിരിക്കുമോ? അവരിന്ന് അബോർഷനെ ഭയപ്പെടുന്നില്ല. മറിച്ചു ഗർഭധാരണത്തെ ഭയപ്പെടുന്നു. എംടിപി ആക്ട് നിലവിലുള്ളതു കൊണ്ട് ആ അമ്മമാർക്ക് നിയമാനുസൃതമായ ആ ആനുകൂല്യം വലിയൊരു ആശ്വാസമാണ്. കൈയും കാലുമില്ലാത്ത കുഞ്ഞിനെ പ്രസവിക്കാൻ ഏതമ്മയാണ് ആഗ്രഹിക്കുക? അത്തരത്തിലുള്ള അനേകം അമ്മമാരാണ് നെഞ്ചംപറമ്പിന്റെ താഴ്‌വാരത്തെ കൈത്തോട്ടിലിരുന്ന് വിലപിക്കുന്നതെന്ന് നീതിപീഠത്തെ അറിയിക്കട്ടെ. ... ’’
(ഡോ.എം.എ.റഹ്മാന്റെ നേതൃത്വത്തിലുള്ള എൻവിസാജ് പുറത്തിറക്കിയ ഒപ്പുമരം പുസ്തകത്തിൽ നിന്ന്)

പരിയാരത്തെ ആശുപത്രിയിൽ ആ കുഞ്ഞുണ്ട്....

ശീലാബതി മരിച്ചു. വൈകാതെ, ബെള്ളൂരിൽ മറ്റൊരുകുട്ടി ജനിച്ചു. ശരീരമാകെ നീലിച്ച്, ഉണങ്ങിയൊട്ടിയ ശരീരവും ഹൃദയവുമൊക്കെയുള്ള ഒരു പെൺകുഞ്ഞ്. ദിവസങ്ങളെ ആയിട്ടുള്ളു, പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആ കുഞ്ഞുണ്ട്. പ്രസവവാർഡി‌ലെ മറ്റുമുറികളിൽ നിന്നു വാൽസല്യമധുരം കിനിയുമ്പോൾ അവളുടെ അമ്മ മാത്രം ഏങ്ങിക്കരയുന്നു. ആയുസ്സുമുഴുവൻ മകളുടെ ദുരിതക്കട്ടിലിനിരകിലിരുന്ന ശീലാബതിയുടെ അമ്മ ദേവകിയെ പോലെ കാസർകോട്ടെ ദുരിതഗ്രാമങ്ങളിൽ സങ്കടങ്ങൾക്കു കൂട്ടിരിക്കാൻ ഒരമ്മ കൂടി പിറന്നിരിക്കുന്നു.

സ്വപ്നങ്ങളുടെ തൊട്ടിലൊരുക്കി മക്കൾക്കു വേണ്ടി കാത്തിരുന്നിട്ടും കരഞ്ഞുപോകുന്ന അമ്മമാർ ഏറെയുണ്ട് എൻഡോസൾഫാൻ കീടനാശിനി തളിച്ച കാസർകോട്ടെ ഗ്രാമങ്ങളിൽ. ഇവരെ വിധി കയ്യേൽപ്പിച്ച കുഞ്ഞുങ്ങൾക്കു പലതരമാണ് പ്രശ്നങ്ങൾ. തല വലുതായവർ, ഉടലനക്കാൻ കഴിയാത്തവർ, വഴുതിമാറുന്ന മനസ്സുള്ളവർ, മരവിച്ച തലച്ചോറുള്ളവർ.. ദൈവം നൽകിയതിനെ അവർ പൊന്നുപോലെ കാക്കുന്നു, അതിനു വേണ്ടി ഭൂമിയോളം സഹിക്കുന്നു. കണക്കുകൾക്കും സമരകാഹളങ്ങൾക്കും അപ്പുറമാണ് ഈ ഗ്രാമങ്ങളിലെ അമ്മമാരുടെ നോവുകൾ. ദേവകിയെ പോലെ കാസർകോട്ടെ മണ്ണിലെ എൻഡോസൾഫാൻ വിഷം സ്വന്തം കണ്ണീരുകൊണ്ടു കഴുകി ശുദ്ധീകരിക്കുന്ന അമ്മമാരുടെ ജീവിതത്തിലേക്ക് ഒരു യാത്ര.

endosulfan-victim-madhuraj-amma മധുരാജിനൊപ്പം അമ്മ ജയ. ചിത്രം: രാഹുൽ പട്ടം

പറയു, ഈ മക്കളെയും കൊണ്ട് ഞങ്ങളെന്തു ചെയ്യണം!

∙ സ്വന്തം മക്കളെ നോക്കാൻ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട ഒരമ്മ പറയുന്നു, പോകുന്നെങ്കിൽ ഈ മക്കളെയും കൊണ്ട്...

കളിക്കാൻ നല്ലൊരു കളിപ്പാട്ടമില്ല. പറ്റിക്കാൻ പതിവുപോലെ, ചകിരിനാരു നൽകി. അതു പിരിച്ചു സ്വയം രസിച്ചു ഇരുട്ടിന്റെ മറപറ്റി അവളിരുന്നോളും. പേര് സൗമ്യ. അരുണിനെ എന്തുചെയ്യും? ചുരുങ്ങിത്തൂങ്ങിയ കാലുകൾ പിണച്ചുവച്ച് ഇടയ്ക്കിടെ പല്ലുറുമി അവൻ അമ്മയെ വിളിച്ചെന്നു വരും. ഒറ്റവഴി മാത്രമേയുള്ളു. വരാന്തയിൽ വെളിച്ചം വീഴുന്നിടത്തേക്കു മാറ്റിക്കിടത്താം. ഇടയ്ക്കവൻ നിലവിളിച്ചെന്നു വരാം. ബെള്ളൂർ അയിത്തിനിടുക്ക കക്കെബെട്ടുവിലെ സുമിത്രയുടെ പെടാപ്പാട് എന്തിനെന്നു കൂടി അറിയുക. ദിവസങ്ങളായി മുഷിഞ്ഞുകൂടിയ വസ്ത്രങ്ങൾ അലക്കണം! ഇത്രനിസ്സാര കാര്യത്തിനു പോലും ബുദ്ധിമുട്ടേണ്ടി വരുന്ന അമ്മ.

സർക്കാർ രേഖകളിൽ എൻഡോസൾഫാൻ കുട്ടികളുടെ അമ്മ എന്ന ഔദ്യോഗിക വിളിപ്പേരുണ്ടാവും. പക്ഷേ ആ സങ്കടം വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല. പ്രത്യേകിച്ച് സൗമ്യയേയും അരുണിനെയും പോലെ ഗൗരവമേറിയ ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളുടെ അമ്മയാവുമ്പോൾ.

പത്തിരുപതു വർഷമായി ഇവർ അനുഭവിക്കുന്ന അനേകം സങ്കടങ്ങളിൽ ഒന്നു മാത്രമാണിത്. പറഞ്ഞാൽ വിശ്വസിക്കില്ല. ഈ അമ്മ വീടു വിട്ടിറങ്ങിയിട്ടു രണ്ടുമാസത്തോളമായി. വർഷങ്ങളായി അടുത്ത ബന്ധുക്കളുടെ കല്യാണ ചടങ്ങോ ക്ഷേത്രത്തിലെ വിശേഷാൽ ദിവസമോ വന്നാൽ മാത്രമാണ് കക്കിബെട്ടുവിലെ പ്ലാന്റേഷൻ തോട്ടങ്ങൾക്കു നടുവിലെ വീടുവിട്ട് അവർ പുറത്തിറങ്ങുന്നത്. മക്കൾ ഒറ്റയ്ക്കിരിക്കാറില്ല. ഭർത്താവ് ഗണേഷ് റാവു കൃഷികാര്യങ്ങൾ നോക്കി കൊണ്ടു വന്നാലല്ലേ അടുപ്പുപുകയു? വഴി ഒന്നുമാത്രം സുമിത്ര മക്കൾക്കരികിൽ തന്നെയിരിക്കുക.

നിങ്ങളിലാരെങ്കിലും ഒരാൾ ഇല്ലാതെ വന്നാൽ...ചോദിക്കാൻ പാടില്ലാത്ത ആ ചോദ്യം ചോദിക്കുംമുമ്പെ അവർ പറഞ്ഞു: ഞങ്ങളിലാർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ കൂട്ടത്തോടെ ആത്മഹത്യ ചെയ്യും. അങ്ങനൊന്നും കരുതരുത് എന്നോർമിപ്പിക്കുമ്പോൾ ഒരിറ്റു കണ്ണീരു പോലുമില്ലാതെ ആ അമ്മ പറഞ്ഞു: ഈ മക്കളെയും കൊണ്ട് ഞങ്ങോം പിന്നെന്തു ചെയ്യും? ഇവരെ ആര് നോക്കാൻ...

endosulfan-victim-sumithra മക്കളായ സൗമ്യയേയും അരുണിനെയും ഒപ്പമിരുത്തി അടുക്കള ജോലി ചെയ്യുന്ന സുമിത്ര. ചിത്രം: രാഹുൽ പട്ടം

കല്ലുതിന്നാതെ നോക്കണം

ഫെബ്രുവരി മാസത്തിലാണ്. പരിയാരം മെഡിക്കൽ കോളജിൽ ഒരു അടിയന്തര ശസ്ത്രക്രിയ. പുറത്തെടുത്തവയുടെ കൂട്ടത്തിൽ കല്ലും തീപ്പെട്ടിക്കൊള്ളിയും പ്ലാസ്റ്റിക്കും വരെ..ശ്വാസകോശത്തിലോ മറ്റോ കുടുങ്ങിയില്ല, ഭാഗ്യം. ബെള്ളേരിയിലെ ഇരുപത്തിയേഴുകാരൻ മധുരാജ് ആണ് കഥാനായകൻ.

എൻഡോസൾഫാൻ വിഷം കുതിർന്ന മണ്ണിൽ, പിറന്നപ്പോൾ തന്നെ തളർന്ന കൈകാലുകളായിരുന്നു. വളർന്നപ്പോൾ മനസ്സും മുരടിച്ചതാണെന്ന് മനസ്സിലായി. വരാന്തയിൽ അവന്റെ പതിവു കസേരിയിലിരുത്തി അമ്മ ജയ അടുക്കളക്കാര്യങ്ങളൊന്നു നോക്കിവരാൻ പോയി. ഇഴഞ്ഞാണെങ്കിലും അവൻ മുറ്റത്തേക്കിറങ്ങി. കയ്യിൽക്കിട്ടിയതും മുന്നിൽക്കണ്ടതും വായിലിട്ടു. പ്ലാസ്റ്റിക്കും കല്ലും മണ്ണുമെല്ലാമുണ്ടായിരുന്നു.

കടുത്ത ചുമയും കഫവും വന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കാര്യമറിയുന്നത്. തുടർച്ചയായി ഒരുമാസത്തോളം ആശുപത്രിയിലായി. അതിൽപ്പിന്നെ ആ മകനെ അവർ തനിച്ചിരുത്തിയില്ല. കൂടെ തന്നെയുണ്ട്. നോക്കുക, ജോലി ചെയ്ത് അമ്മയെ നോക്കേണ്ട പ്രായത്തിൽ വിധി ഈ മകനെ ഒരു പ്ലാസ്റ്റിക് കസേരയിൽ തളർത്തിയിട്ടിരിക്കുന്നു. ചാരെ നിർഭാഗ്യവതിയായ ആ അമ്മ...

കുറച്ചുനാൾ മുമ്പ് ഇത്തരം അമ്മമാരെ കാണുമ്പോൾ അവരോട് കാര്യങ്ങൾ ചോദിച്ചറിയുമ്പോൾ പതർച്ചയായിരുന്നു. അവരുടെ നിലവിളികൾക്കും വിലാപങ്ങൾക്കുമിടയിൽ മറ്റെന്തു ചെയ്യാൻ? ഇപ്പോൾ അവരിൽ പലരുടെയും മുഖത്ത് നിർവീകാരതയാണ്. ചിലരെല്ലാം യാന്ത്രികമായെങ്കിലും ചിരിക്കാൻ പഠിച്ചിരിക്കുന്നു. കാഴ്ചകൾ കണ്ടു മരവിച്ചിരിക്കുന്നു.

ചെയ്യാത്ത തെറ്റിനു മക്കൾക്കൊപ്പം ജീവപര്യന്തം വിധിക്കപ്പെട്ട അമ്മമാരാണ് സുമിത്രയും ജയയുമെല്ലാം. ഇവർക്കു പറഞ്ഞു കരയാൻ വീട്ടുകാരെങ്കിലുമുണ്ട്. എന്നാലറിയുക. ദുരിതപ്പേമാരി അവരുടെ വീട്ടുമുറ്റത്തേക്കു വന്നപ്പോഴേക്കും മക്കളെയും സ്ത്രീകളെയും തനിച്ചാക്കി വീടുവിട്ടു പൊയ്ക്കളഞ്ഞവരുണ്ട്. എന്തു ചെയ്യണമെന്നു പോലും അറിയാതെ കാസർകോടിന്റെ ഉൾഗ്രാമങ്ങളിൽ തനിച്ചു താമസിക്കുന്ന ചിലർ.

(അവരെക്കുറിച്ചു തുടരും...)  

related stories