Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോദി പ്രളയം’ പേടിച്ച് പ്രതിപക്ഷം മൃഗങ്ങളെപ്പോലെ ഒരുമിക്കുന്നു: അമിത് ഷാ

BJP-Foundation-Day-Amit-Shah ബിജെപി സ്ഥാപക ദിനത്തിൽ മുംബൈയിൽ കൂറ്റൻ റാലിയെ അഭിസംബോധന ചെയ്യുന്ന പാർട്ടി അധ്യക്ഷൻ അമിത് ഷാ. ചിത്രം: വിഷ്ണു വി.നായർ∙ മനോരമ

മുംബൈ∙ ബിജെപി സ്ഥാപകദിനത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. പ്രളയം വരുമ്പോൾ സ്വയരക്ഷയുടെ ഭാഗമായി മൃഗങ്ങൾ ചെയ്യുന്നതു പോലെയാണു ‘മോദി തരംഗത്തിന്’ എതിരെ പ്രതിപക്ഷം ഒരുമിച്ചു കൂടുന്നതെന്നു അമിത് ഷാ പരിഹസിച്ചു. പാർട്ടിയുടെ 38–ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി മുംബൈയിൽ സംഘടിപ്പിച്ച കൂറ്റൻ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കണമെന്നാണ് ഇപ്പോഴത്തെ പ്രചാരണം. വെള്ളപ്പൊക്കം ഉണ്ടായാൽ പാമ്പുകളും കീരികളും പൂച്ചകളും നായകളും എന്തിനു ചീറ്റപ്പുലിയും സിംഹവും വരെ ഉയരമുള്ള മരത്തിൽ വലിഞ്ഞുകയറും. ജലനിരപ്പു കൂടി ജീവൻ നഷ്ടപ്പെടുമെന്ന പേടിയിലാണിത്. മോദി പ്രളയത്തെ പലരും ഭയക്കുന്നു’– 2019ലെ പൊതുതിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മകൾ രൂപപ്പെടുന്നതിനെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു. മോദി തരംഗത്തെ ഭയപ്പെട്ടു വിവിധ പ്രത്യയശാസ്ത്രമുള്ള പാർട്ടികൾ ഒരുമിക്കുന്നുവെന്നേ ഉദ്ദേശിച്ചുള്ളൂവെന്നു ഷാ പിന്നീട് വിശദീകരിച്ചു.

BJP-Foundation-Day ബിജെപി സ്ഥാപക ദിനത്തിൽ മുംബൈയിൽ എത്തിയ പ്രവർത്തകർ. ചിത്രം: വിഷ്ണു വി.നായർ∙ മനോരമ

‘ഇതല്ല ബിജെപിയുടെ സുവർണ കാലഘട്ടം. ബംഗാളിലും ഒഡിഷയിലും ബിജെപി സർക്കാർ ഉണ്ടാക്കുമ്പോൾ മാത്രമേ സുവർണകാലം വരുകയുള്ളൂ. മോദിയുടെ പ്രഭാവത്തിന് ഇടിവുണ്ടായിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു വിജയം ഇതിന്റെ തെളിവാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന നിരവധി കാര്യങ്ങൾ എൻഡിഎ സർക്കാർ ചെയ്യുന്നുണ്ട്. പൊള്ളയായ ഉറപ്പുകൾ നൽകിയല്ല, കഴിഞ്ഞ നാലു വർഷത്തെ പ്രവൃത്തി ചൂണ്ടിക്കാട്ടിയാണു പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുക’ – ഷാ പറഞ്ഞു.

‘മോദിയുടെ നേതൃത്വത്തെ ജനം വിശ്വസിക്കുന്നു. 2019ൽ പാർട്ടി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി അധികാരത്തിൽ തുടരും. 20 സംസ്ഥാനങ്ങളും കേന്ദ്രവും ബിജെപിയാണു ഭരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണിത്. ഏറ്റവും അംഗങ്ങളുള്ള പാർട്ടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പുതിയ വികസന പാതയിലാണ് – ഷാ പറഞ്ഞു.

കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരായ ദലിത് പ്രക്ഷോഭത്തിനു കാരണമായ, പട്ടികവിഭാഗ പീഡന നിരോധന നിയമത്തിലെ അറസ്റ്റ് വ്യവസ്ഥ ഉദാരമാക്കിയ സുപ്രീംകോടതി വിധിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ‘രാഹുൽ ഗാന്ധിയും മറ്റും ഞങ്ങൾ സംവരണം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്നു പറയുന്നുണ്ട്. ഞങ്ങൾ സംവരണം നിർത്തലാക്കില്ല. അങ്ങനെ ചെയ്യാൻ ആരെയും സമ്മതിക്കുകയുമില്ല’– ഷാ വ്യക്തമാക്കി.

അടുത്ത വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു പ്രവർത്തകരെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണു ബിജെപി സ്ഥാപക ദിനം വിപുലമായി ആഘോഷിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ബാന്ദ്ര കുർള കോംപ്ലക്സിലെ എംഎംആർഡിഎ മൈതാനിയിലാണു ചടങ്ങുകൾ. മൂന്നു ലക്ഷത്തിലധികം പ്രവർത്തകരാണ് പങ്കെടുത്തതെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു. അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ പ്രവർത്തകരെ അഭിസംബോധന ചെയ്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർക്ക് എത്തിച്ചേരാനായി 28 ട്രെയിനുകളാണു പാർട്ടി ബുക്ക് ചെയ്തിരുന്നത്. ഇതിനു പുറമെ ഒട്ടേറെ ബസുകളും 50,000 സ്വകാര്യ വാഹനങ്ങളും ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് നഗരത്തിലെത്തിയ അമിത് ഷായെ 10,000 ബൈക്കുകൾ പങ്കെടുത്ത റാലിയോടെയാണു സ്വീകരിച്ചത്. പാർട്ടിയുടെ സ്ഥാപക ദിനത്തിൽ മുൻഗാമികൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു. ‘ശക്തവും മികച്ചതുമായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ ബിജെപിയെ സഹായിച്ച എല്ലാ ധീരരായ നേതാക്കളെയും പ്രവർത്തകരെയും അഭിമാനത്തോടെ ഓർക്കുന്നു’– മോദി ട്വിറ്ററിൽ കുറിച്ചു.

തിരക്കിലമർന്ന് മഹാനഗരം

ആഘോഷത്തിനായി പ്രവർത്തകർ കൂട്ടത്തോടെ എത്തിയതിനാൽ മുംബൈ നഗരം നിശ്ചലമായി. വലിയ ഗതാഗതക്കുരുക്കാണു പലയിടത്തും അനുഭവപ്പെടുന്നത്. വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും എത്താൻ പലരും പ്രയാസപ്പെട്ടു. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നു മുംബൈ പൊലീസ് അറിയിച്ചു. അര മണിക്കൂർ മാത്രമുള്ള യാത്രയ്ക്ക് അഞ്ചു മണിക്കൂർ എടുത്തതായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ അറിയിച്ചു.

വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലും ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലും വന്നുചേരുന്ന പാതകളിലെല്ലാം ഗതാഗതക്കുരുക്കാണ്. സാന്താക്രൂസ് ചെമ്പൂർ ലിങ്ക് റോഡ്, എൽബിഎസ് റോഡിലെ സർവ് ജംക്‌ഷൻ, സിയോൺ ജംക്‌ഷൻ‌, ധാരാവി ടി ജംക്‌ഷൻ, ഹൻസ്ബുഗ്ര മാർഗ്, അംബേദ്കർ ജംക്‌ഷൻ വരെയുള്ള നെഹ്‍റു റോഡ്, ശാരദാ ദേവി റോഡ് തുടങ്ങിയവ പൊതുജനങ്ങൾ കഴിവതും ഒഴിവാക്കണമെന്നു പൊലീസ് നിർദേശിച്ചു.

related stories