Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടി എൻസിപി അധ്യക്ഷപദവിയിലേക്ക്; എതിർപ്പുമായി ശശീന്ദ്രൻ പക്ഷം

sasindran-thomas-chandy

ആലപ്പുഴ ∙ മാസങ്ങൾ നീണ്ട തര്‍ക്കത്തിനൊടുവിൽ എന്‍സിപി സംസ്ഥാന അധ്യക്ഷനായി തോമസ് ചാണ്ടി തന്നെ നിയമിതനാകുമെന്ന് ഉറപ്പായി. പാർട്ടി അധ്യക്ഷപദവി ഏറ്റെടുക്കാന്‍ ദേശീയ പ്രസിഡന്റ് ശരദ് പവാറും പ്രഫുല്‍ പട്ടേലും നിര്‍ദേശിച്ചതായി തോമസ് ചാണ്ടി മനോരമ ന്യൂസിനോടു പറഞ്ഞു. അതേസമയം, സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി ചാണ്ടിയെ അധ്യക്ഷനാക്കുന്നതിനെതിരെ ശശീന്ദ്രന്‍ പക്ഷം കടുത്ത വിയോജിപ്പിലാണ്.

പാര്‍ട്ടിയില്‍ എ.കെ. ശശീന്ദ്രന്‍ വിഭാഗത്തിനുള്ള ആധിപത്യത്തെ അവഗണിച്ചാണു സംസ്ഥാന അധ്യക്ഷ പദവിയിലേക്കു തോമസ് ചാണ്ടിയെ ദേശീയ നേതൃത്വം കൊണ്ടുവരുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ സ്വീകരിക്കാനിരിക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം കേരളത്തിലെ പാര്‍ട്ടി നിലകൊള്ളണമെങ്കില്‍ തോമസ് ചാണ്ടി തന്നെ വേണമെന്നാണു വിലയിരുത്തല്‍. ടി.പി. പീതാംബരന്റെ പിന്തുണയും തോമസ് ചാണ്ടിക്കുണ്ട്. മന്ത്രി എ.കെ. ശശീന്ദ്രന്‍ നിർദേശിച്ചവരൊന്നും സംസ്ഥാന അധ്യക്ഷപദവിയിലേക്കു പോരെന്ന വിലയിരുത്തലും ശരദ് പവാറിനുണ്ട്.

നോമിനേഷനു പകരം സംസ്ഥാന സമിതി വിളിച്ചുകൂട്ടി തീരുമാനം എടുക്കണമെന്ന നിര്‍ദേശമാണു ദേശീയ നേതൃത്വം മുന്നോട്ടുവയ്ക്കുക. സമവായത്തിനായി സംസ്ഥാന ഭാരവാഹിസ്ഥാനങ്ങളില്‍ ഭൂരിപക്ഷവും ശശീന്ദ്രന്‍ പക്ഷത്തിനു നല്‍കും. കുവൈറ്റില്‍നിന്ന് 12നു തിരിച്ചെത്തുന്ന തോമസ് ചാണ്ടി ദേശീയ നേതാക്കളെ വീണ്ടും കാണും.

എന്നാല്‍ ഇക്കാര്യത്തിൽ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ജനാധിപത്യം സംരക്ഷിക്കുന്ന നിലപാടേ പാര്‍ട്ടി ദേശീയ നേതൃത്വം കൈക്കൊള്ളുവെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണശേഷമാണ് എൻസിപിയിൽ അധ്യക്ഷപദവിക്കായി തര്‍ക്കം മുറുകിയത്.

താഴെത്തട്ടില്‍ സംഘടനാ തിര‍ഞ്ഞെടുപ്പു പൂര്‍ത്തിയാക്കിയിട്ടും സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള നീക്കം പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയർന്നതോടെ സംസ്ഥാന സമ്മേളനം വരെ മാറ്റിവച്ചിരുന്നു.

related stories