Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്ന് സ്വകാര്യ ബാങ്ക് മേധാവികളുടെ 6.45 കോടി ബോണസ് തടഞ്ഞ് റിസർവ് ബാങ്ക്

Shikha-Sharma-Aditya-Puri-Chanda-Kochhar ശിഖ ശർമ (ആക്സിസ് ബാങ്ക്), ആദിത്യ പുരി (എച്ച്ഡിഎഫ്സി ), ചന്ദ കൊച്ചാർ (ഐസി ഐസിഐ ). ചിത്രങ്ങൾ: ട്വിറ്റർ

മുംബൈ∙ ശതകോടികളുടെ വായ്പത്തട്ടിപ്പിന്റെയും മറ്റു ക്രമക്കേടുകളുടെയും പശ്ചാത്തലത്തിൽ സ്വകാര്യ ബാങ്കുകൾക്കുമേൽ ‘പിടിമുറുക്കി’ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു സ്വകാര്യബാങ്കുകളുടെ മേധാവികൾക്കു സാമ്പത്തിക വർഷാന്ത്യന്തിലെ ബോണസ് അനുവദിക്കാതെയാണ് ആർബിഐ നിലപാട് കടുപ്പിച്ചത്.

പ്രവർത്തനവും പ്രതിച്ഛായയും വിലയിരുത്തിയാണു ബാങ്കുകളുടെ നിയന്ത്രണാധികാരമുള്ള ആർബിഐ നടപടിയെടുത്തതെന്നു ബിസിനസ് മാധ്യമം ബ്ലൂംബെർഗാണു റിപ്പോർട്ട് ചെയ്തത്. എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് എന്നീ ബാങ്കുകളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസർമാരുടെ (സിഇഒ) ബോണസാണു തടഞ്ഞുവച്ചത്. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ ബോണസ് ഇത്ര ദിവസമായിട്ടും സിഇഒമാർക്കു ലഭിച്ചിട്ടില്ല.

എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ ആദിത്യ പുരിക്ക് 2.9 കോടി, ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിന് 2.2 കോടി, ആക്സിസ് ബാങ്ക് സിഇഒ ശിഖ ശർമയ്ക്ക് 1.35 കോടി എന്നിങ്ങനെ ബോണസ് നൽകാൻ അതാതു ബാങ്ക് ബോർഡുകൾ അംഗീകാരം നൽകിയിരുന്നു. എന്നാൽ ബോണസ് ശുപാർശയിൽ ഒപ്പിടാൻ ആർബിഐ തയാറായിട്ടില്ല. വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ആർബിഐയോ ബാങ്കുകളോ ഒരുക്കവുമല്ല. വായ്പകൾ ഉൾപ്പെെട ബാങ്കുകൾ സമർപ്പിച്ച കണക്കുകളിൽ ആർബിഐയ്ക്ക് അതൃപ്തിയുണ്ടെന്നാണ് അറിയുന്നത്.

ഇതിനിടെ, വിഡിയോകോൺ ഗ്രൂപ്പിനു ക്രമവിരുദ്ധമായി 3250 കോടിരൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിന്റെ ഭർതൃസഹോദരൻ രാജീവ് കൊച്ചാറിനെ അറസ്റ്റ് ചെയ്തു. ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വിഡിയോകോൺ ഗ്രൂപ്പ് ഉടമ വേണുഗോപാൽ ദൂത് എന്നിവരെ വിശദമായ ചോദ്യം ചെയ്യലിനു വിളിപ്പിച്ചിട്ടുണ്ട്. വിഡിയോകോൺ ഗ്രൂപ്പിനു 2012ൽ വായ്പ അനുവദിച്ച രേഖകളിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്നാണു സിബിഐ കണ്ടെത്തൽ.