Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ കോൺഗ്രസിനു പിന്തുണ; ബിജെപിയെ വെട്ടിലാക്കി ലിംഗായത്തുകൾ

Siddaramaiah സിദ്ധാരാമയ്യ

ബെംഗളൂരു∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ബിജെപിക്കു വെല്ലുവിളി ഉയർത്തി ലിംഗായത്തുകൾ. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു പിന്തുണ നൽകുമെന്ന് അവർ വ്യക്തമാക്കി. ലിംഗായത്തുകൾക്ക് മതന്യൂനപക്ഷ പദവി ലഭിക്കുന്നതിനു സിദ്ധാരാമയ്യ സർക്കാർ നൽകിയ പിന്തുണ കണക്കിലെടുത്താണു തീരുമാനം.

1990 മുതൽ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു പിന്തുണ നൽകിയിരുന്ന വിഭാഗമാണ് ലിംഗായത്തുകൾ. ആകെയുള്ള 224 സീറ്റുകളിൽ 123ലും അവരുടെ വോട്ടുകൾ നിർണായകമായാണു കണക്കാക്കുന്നത്. മുൻപൊരിക്കലും ലിംഗായത്തുകൾ ഒരു പാർട്ടിയേയും ഇത്തരത്തിൽ പരസ്യമായി പിന്തുണച്ചിട്ടില്ല.

ഞങ്ങളുടെ ആവശ്യത്തെ സിദ്ധാരാമയ്യ പിന്തുണച്ചു. അതിനാൽ ഞങ്ങളും അദ്ദേഹത്തെ പിന്തുണയ്ക്കും – ലിംഗായത്ത് നേതാവ് മാതാ മഹാദേവി പറഞ്ഞു. പ്രത്യേക പദവി ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷൻ അമിത് ഷായടക്കമുള്ള നേതാക്കളെ ഞങ്ങൾ സമീപിച്ചിരുന്നു. എന്നാൽ അവർ യാതൊരു പിന്തുണയും നൽകിയില്ലെന്ന് മുരുഗരാജേന്ദ്രയും വ്യക്തമാക്കി.

കർണാടക ജനസംഖ്യയിൽ പതിനെട്ടു ശതമാനത്തോളമാണ് വീരശൈവ-ലിംഗായത്ത് വിഭാഗക്കാർ. നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ബസവേശ്വരന്റെ അനുയായികളാണിവർ. ബിജെപിയുടെ ഭരണകാലത്തു ബി.എസ്.യെഡിയൂരപ്പ എന്ന ലിംഗായത്ത് സമുദായക്കാരൻ മുഖ്യമന്ത്രിയായിട്ടും ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. കർണാടകയിൽ ഭരണത്തുടർച്ച നേടേണ്ടതു കോൺഗ്രസിനും ഭരണം തിരിച്ചുപിടിക്കേണ്ടതു ദക്ഷിണേന്ത്യയിലെ അധികാരമോഹങ്ങൾ ഊട്ടിയുറപ്പിക്കാൻ ബിജെപിക്കും ആവശ്യമാണ്.

related stories