Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവവരന്മാരായ ജവാന്മാർക്ക് ഗസ്റ്റ് ഹൗസുകൾ നിർമിക്കാൻ ബിഎസ്എഫ്

bsf

ന്യൂഡൽഹി∙ പുതുതായി വിവാഹം കഴിക്കുന്ന ജവാന്മാർക്കായി ഗസ്റ്റ് ഹൗസുകൾ നിർമിക്കാൻ ബിഎസ്എഫ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 190 ഗസ്റ്റ് ഹൗസുകളാണ് പണികഴിക്കുന്നത്. ഒരു ജവാനു തന്റെ 30 വർഷത്തെ സർവീസിനിടയിൽ കുടുംബത്തിനൊപ്പം ചെലവഴിക്കാൻ കിട്ടുന്നത് അഞ്ചുവർഷം മാത്രമാണ്. ഈ സാഹചര്യത്തിലാണു പുതിയ പദ്ധതിയുമായി ബിഎസ്എഫ് രംഗത്തെത്തുന്നത്.

രാജ്യത്തിന്റെ കിഴക്കു പടിഞ്ഞാറൻ അതിർത്തികളിലെ സൈനികർക്കായി 2800 റൂമുകളാണ് നിർമിക്കുന്നത്. 186 ബറ്റാലിയൻ സ്ഥാനങ്ങളിലായി 15 സ്റ്റുഡിയോ അപ്പാർട്മെന്റുകൾക്കു സമാനമായ ഗസ്റ്റ് ഹൗസുകൾ നിർമിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയതായി ബിഎസ്എഫ് ഡയറക്ടർ ജനറൽ കെ.കെ.ശർമ പറഞ്ഞു. ജവാന്മാർക്ക് കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കുടുംബത്തിൽനിന്നു വേർപെട്ട് ഒറ്റയ്ക്കു താമസിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഏറ്റവുമധികം അനുഭവിക്കുന്നതു പുതുതായി വിവാഹം ചെയ്യുന്നവരാണ്. അതിനാൽ ആദ്യഘട്ടത്തിൽ അവർക്കായിരിക്കും മുൻഗണന. അതേസമയം, ഓഫിസർമാർക്കും സബ് ഓഫിസർമാർക്കുമാണ് ഈ സൗകര്യം ലഭ്യമാകുക. കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് ഇതു ലഭിക്കില്ലെന്നും ശർമ വ്യക്തമാക്കി.

15 സ്റ്റുഡിയോ അപാർട്മെന്റിനു സമാനമായി ഒരു ബെഡ്റൂം, അടുക്കള, ശുചിമുറി, ടെലിവിഷൻ എന്നിവയാകും ഒരാൾക്ക് അനുവദിക്കുക. നിർദിഷ്ട കാലയളവിൽ പുതുതായി വിവാഹം ചെയ്ത ജവാനു തന്റെ ജീവിതപങ്കാളിക്കൊപ്പം ഇവിടെ കഴിയാവുന്നതാണ്. മുൻഗണന പുതുതായി വിവാഹം ചെയ്യുന്നവർക്കാണെങ്കിലും അവധിക്കാലങ്ങളിൽ ഭാര്യയെയും മക്കളെയും കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ജവാന്മാർക്കും ഈ സൗകര്യം ലഭ്യമാക്കുമെന്നും ശർമ കൂട്ടിച്ചേർത്തു.