Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പാവത്തിന് അറിയില്ലല്ലോ, ചവിട്ടി ഞെരിച്ചത് അവന്റെ ‘കണ്ണാണെന്ന്’ ?

റൂബിൻ ജോസഫ്
Author Details
Follow Twitter
Follow Facebook
Satheeshan-and-mother-radha സതീശൻ അമ്മ രാധയ്ക്കൊപ്പം. ചിത്രങ്ങൾ. രാഹുൽ പട്ടം

∙ ഈ അമ്മമാരോളം സഹനശേഷിയുണ്ടാവില്ല ആർക്കും. കണ്ണിൽ ചവിട്ടിയിട്ടും ദിവസങ്ങൾ നീണ്ട അധ്വാനം തീയിലിട്ടു ചാമ്പലാക്കിയിട്ടും മക്കളെ പുഞ്ചിരിയോടെ ചേർത്തുനിർത്തുന്നവർ.. 

ജനിച്ചപ്പോൾ അവനൊരു മനുഷ്യരൂപമായിരുന്നില്ല. ഒന്നും സംഭവിക്കാത്ത മട്ടിൽ മകനെക്കുറിച്ചു പറയുമ്പോഴും ആ അമ്മ മനസ്സു കൊണ്ടു കരയുന്നതായി തോന്നി. സംസാരിക്കില്ല, നടക്കാൻ ബുദ്ധിമുട്ടുണ്ട്. എങ്കിലും മാറ്റങ്ങളേറെയുണ്ട്. അവനെ ഈ വിധമെങ്കിലും മാറ്റിയൊരുക്കിയത് പ്രായം അറുപതു കഴിഞ്ഞ അമ്മയാണ്– പൂതങ്ങാനം വടക്കേവീടിനടുത്തെ രാധ. മകന്റെ പേര് സതീശൻ. വയസ്സ് 35. ആലോചിച്ചു നോക്കൂ, വാർധക്യത്തിലും അമ്മ മകനെ കൊച്ചുകുട്ടിയെപ്പോലെ കുളിപ്പിക്കുന്നു, ഉടുപ്പിടുവിക്കുന്നു... 

അവനെ അമ്പലത്തറയിലെ സ്നേഹവീട്ടിലേക്കു വിട്ടാൽ പിന്നെ അമ്മ തൊഴിലുറപ്പു ജോലിക്കോ കൂലിപ്പണിക്കോ പോകുമായിരുന്നു. ഇപ്പോഴതിനു കഴിയാറില്ല. കുറച്ചുനാൾ മുൻപ് കണ്ണിനൊരു ശസ്ത്രക്രിയ ചെയ്തതാണു കാരണം. കണ്ണിനെന്താണ് സംഭവിച്ചതെന്നു ചോദിച്ചപ്പോൾ ആ അമ്മ നിശ്ശബ്ദയായി. 

Endosulfan-victims-11 ഫെബ്രുവരി എട്ടിന് കാസർകോട് കലക്ട്രേറ്റിൽ നടന്ന എൻഡോസൾഫാൻ സെൽ യോഗത്തിൽ മന്ത്രിയെ കാണെനെത്തിയ ദുരിധബാധിതരും അമ്മമാരും. ചിത്രങ്ങൾ. രാഹുൽ പട്ടം

ഒട്ടും പരിഭവങ്ങളില്ലാതെ അവർ പറഞ്ഞു: ഒരുച്ച നേരത്തു തറയിൽ കിടന്നൊന്നു മയങ്ങിപ്പോയി. സതീശൻ, ഒരുനിമിഷം അമ്മയെ മറന്നുപോയിരിക്കാം. കാൽപാദം കൊണ്ടു മുഖത്തേക്കു ചവിട്ടിക്കടന്നുപോയി. വിരലുകൾ കണ്ണിലിരുന്നു ഞെരുങ്ങി. കാര്യമാക്കിയില്ലെങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോൾ കൺതടം വീങ്ങിത്തടിച്ചു. ഞരമ്പിനു ക്ഷതമേറ്റതിനാൽ ശസ്ത്രക്രിയയായിരുന്നു പരിഹാരം. 

‘അവനറിയില്ലല്ലോപ്പാ...’ മകനെ വാത്സല്യത്തോടെ ചേർത്തുപിടിച്ച അമ്മയുടെ കണ്ണിൽ നിന്ന് അപ്പോൾ മാത്രം തുള്ളിക്കണ്ണീർ. അങ്ങനെ എത്രയെത്ര അമ്മമാർ.... എത്രതരം വേദനകൾ.... 

ചന്ദ്രാവതി ഉറങ്ങാറില്ല!

പിന്നിലോട്ടു നടക്കുന്ന സ്വഭാവമുണ്ട് നന്ദനക്കുട്ടിക്ക്. രണ്ടാഴ്ച മുൻപ് വീണു തലപൊട്ടി. മുറിവ് ഉണങ്ങിവന്നപ്പോൾ അവൾ സ്വയം തലയിടിച്ചു പൊട്ടിച്ചു. അതും രണ്ടുതവണ. ചികിത്സിക്കാൻ വന്ന ഡോക്ടറെ അവൾ അടുപ്പിച്ചില്ല. മുറിവു പറ്റിയ ഭാഗത്തെ മുടിനീക്കി, മരുന്നു വച്ചു പ്ലാസ്റ്ററൊട്ടിച്ചത് അവളുടെ അമ്മ. പള്ളിക്കര വെളുത്തോളിയിലെ ചന്ദ്രാവതി. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി ഈ അമ്മയുടെ സങ്കടം ഇതൊന്നുമല്ല. എല്ലാവരും ഉറങ്ങേണ്ട നേരത്തു നന്ദന ഉറങ്ങില്ല. എന്നു പറഞ്ഞാൽ അവൾ ആരെയും ഉറക്കാറില്ല. അടുത്തുകിട്ടുന്നവരെ ആക്രമിക്കും.

ഫെബ്രുവരി എട്ടിന് കലക്ട്രേറ്റ് ഹാളിൽ നടന്ന എൻഡോസൾഫാൻ സെൽ യോഗത്തിൽ മന്ത്രിയെ കാണണമെന്ന ആവശ്യവുമായി എത്തിയ അമ്മമാരെ തടയുന്ന പൊലീസ്. ചിത്രങ്ങൾ. രാഹുൽ പട്ടം

പ്ലസ്ടുവിനു പഠിക്കുന്ന ചേച്ചി ശ്രീലക്ഷ്മിയുടെ പുസ്തകങ്ങൾ വലിച്ചുകീറിയെന്നു വരും. അച്ഛനെ മാന്തിക്കീറും. അച്ഛനു കൂലിപ്പണിക്കു പോണം, ശ്രീലക്ഷ്മിക്കു പഠിക്കണം. അതിനവർക്കു സ്വസ്ഥമായി ഉറങ്ങണം. ഒറ്റ മാർഗമേയുള്ളു. നന്ദനയേയും കൂട്ടി ചന്ദ്രാവതി മുറ്റത്ത് ഇരുട്ടിലിരിക്കും. ചിലപ്പോൾ അവളുടെ കൈപിടിച്ചു വയ്ക്കേണ്ടി വരും. മറ്റു ചിലപ്പോൾ അവളുടെ നുള്ളിക്കീറലുകൾക്കു മുഖം കാട്ടിക്കൊടുക്കേണ്ടി വരും. അങ്ങനെ രാത്രി രണ്ടും മൂന്നും മണി വരെ.. അവളൊന്നു മയങ്ങുംവരെ... തൊട്ടടുത്ത നിമിഷം തന്നെ അവൾ ഉണരാം.. 

തീയിലിട്ടാൽ എന്തു ചെയ്യും?

മൂന്നു പെൺമക്കളാണ് ഇരിയയിലെ ഒരു വീട്ടമ്മയ്ക്ക്. രണ്ടാമത്തവൾ എൻഡോസൾഫാൻ ദുരിതബാധിത. അവൾക്കു കിട്ടുന്ന സർക്കാർ പെൻഷൻ മാത്രമാണ് കുടുംബത്തിലെ വരുമാനം. ഇല്ലായ്മ കണ്ണുരുട്ടിത്തുടങ്ങിയപ്പോൾ ഉമ്മ ബീഡി തെറുക്കാൻ തുടങ്ങി. എത്ര ദിവസമിരുന്നാലാണ് നൂറോ ഇരുനൂറോ രൂപയ്ക്കുള്ള വക കിട്ടുക. ആയിരത്തോളം ബീഡി കെട്ടി പ്രതീക്ഷയോടെ കാത്തിരുന്ന ആ അമ്മയുടെ കണ്ണൊന്നു തെറ്റി. അധ്വാനം മുഴുവൻ എൻഡോസൾഫാൻ ദുരിതബാധിതയായ മകൾ തീയിലിട്ടു! എന്തു ചെയ്യാനാവും?

വേറൊരുനാൾ അതേ മകൾ സ്വന്തം കാൽപാദം തീയിൽവച്ചു. സങ്കടങ്ങളുടെ വീർപ്പുമുട്ടലുകൾക്കിടയിൽ അമ്മയുടെ മനസ്സു തന്നെ ചിലപ്പോൾ വഴുതിപ്പോകുന്നു. അവർ ആത്മഹത്യയ്ക്കു ശ്രമിച്ചു! അങ്ങനെ ആത്മഹത്യയ്ക്കു ശ്രമിച്ച, രോഗിയായി കട്ടിലിൽ വീണുപോയ എത്രയെത്ര അമ്മമാർ. 

കാണാത്ത ‘രോഗികൾ’

തലയൊന്ന് അനക്കാൻ കഴിയാതെ ജനലരികിൽ ഒരേ കിടപ്പുകിടന്നു കാലം കഴിക്കുന്ന മകൻ. അവന്റെ ഓരോ അനക്കത്തിനും അമ്മ വേണം. എല്ലാവരുടെയും കണ്ണിൽ അവൻ മാത്രമായിരിക്കാം രോഗി. എന്നാലറിയുക, സങ്കടങ്ങൾ കണ്ടുകണ്ട് രോഗികളായിപ്പോയ അമ്മമാരുണ്ട് ദുരിതഗ്രാമങ്ങളിലെ വീടുകളിൽ. ആരും ഇന്നോളം അനുഭവിക്കാത്ത വേദനകളുണ്ട് ഈ അമ്മമാർക്കു പങ്കുവയ്ക്കാൻ.

People-waiting-for-minister ഫെബ്രുവരി എട്ടിന് കാസർകോട് കലക്ട്രേറ്റിൽ നടന്ന എൻഡോസൾഫാൻ സെൽ യോഗത്തിൽ മന്ത്രിയെ കാണെനെത്തിയവർ. ചിത്രങ്ങൾ. രാഹുൽ പട്ടം

രോഗക്കിടക്കയിൽ വീണുപോയവർ മാത്രമായിരിക്കാം എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിലുള്ളത്, കണക്കുകളിലുള്ളത്. എന്നാൽ, ജീവിതകാലം മുഴുവൻ ഈ മക്കളെ പരിചരിച്ചു മരവിച്ചുപോയ അനേകം അമ്മമാരുണ്ട്. അവരും രോഗികളാണ്. അവർക്കും സമാശ്വാസത്തിന്റെ ചികിത്സയാണു വേണ്ടത്. 

(അതേക്കുറിച്ചു നാളെ) 

സമരമെന്ന ഗതികേട്

കേരളത്തിലെ ഒരമ്മയ്ക്കും ഇങ്ങനൊരു ഗതികേടുണ്ടായിട്ടുണ്ടാവില്ല. പലവട്ടം, കേരളത്തിന്റെ വടക്കേ അതിരിൽനിന്നു തെക്ക് സെക്രട്ടേറിയറ്റ് പടിക്കൽ സമരത്തിനു പോകേണ്ടി വരിക. പ്രാഥമികാവശ്യം നിറവേറ്റാൻ സൗകര്യങ്ങളില്ലാതെ വിഷമിച്ചവരുണ്ട്, ശകാരവാക്കുകൾ കേട്ട് തലതാഴ്ത്തി ഇറങ്ങിപ്പോകേണ്ടി വന്നരുണ്ട്. വയ്യാത്ത കുഞ്ഞുങ്ങളെയും തോളിലിട്ടു ട്രെയിനിലെ ജനറൽ കംപാർട്മെന്റിൽ തിങ്ങിഞെരുങ്ങി സെക്രട്ടേറിയറ്റ് പടിക്കൽ അവർ സമരത്തിനു പോയി. ഇവരുടെ നരകയാതനകൾക്കു നേരെ കണ്ണടയ്ക്കരുത്. 

related stories