Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാംപെയ്ൻ, വാഹനജാഥ, സെമിനാർ...; സിപിഎമ്മിനു മേൽ സമ്മർദം തുടർന്ന് കീഴാറ്റൂർ

keezhattoor കീഴാറ്റൂർ സമരനായിക നമ്പാടത്ത് ജാനകി (ഫയൽചിത്രം)

കണ്ണൂർ∙ നെൽവയൽ നികത്തി ബൈപാസ് റോഡ് നിർമിക്കുന്നതിനെതിരെ കീഴാറ്റൂരിൽ വയൽക്കിളി കർഷക കൂട്ടായ്മ നടത്തി വരുന്ന സമരത്തിനു വീണ്ടും ചൂടേറുന്നു. പരസ്യപിന്തുണയുമായി യുഡിഎഫ് രംഗത്തു വന്നതു വയൽക്കിളികൾ‌ക്കു കൂടുതൽ ആവേശം പകർന്നിട്ടുണ്ട്. ബിജെപിയാവട്ടെ, വിപുലമായ പ്രചാരണവും സമരപരിപാടികളുമാണ് ആസൂത്രണം ചെയ്യുന്നത്. സമരത്തിനു പൂർണ പിന്തുണ നൽകുകയും എന്നാൽ സമരമുഖത്തു മറ്റു കക്ഷികളോടൊപ്പം വേദി പങ്കിടാൻ മടിക്കുകയും ചെയ്യുന്ന സിപിഐയും വിഷയം സജീവ ചർച്ചയാക്കി നിലനിർത്താൻ സ്വന്തം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 

സിപിഐയുടെ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻസഭ, നെൽവയൽ–തണ്ണീർത്തട സംരക്ഷണത്തിനു വേണ്ടി ചൊവ്വാഴ്ച കണ്ണൂരിൽ സംസ്ഥാനതല കൺവൻഷൻ നടത്തുന്നുണ്ട്. കീഴാറ്റൂർ സമരമുഖത്തു യുഡിഎഫ് നേതാക്കൾ ചിലർ സ്വന്തം നിലയ്ക്കു വന്നു പിന്തുണ അറിയിച്ചിരുന്നുവെങ്കിലും മുന്നണിയും കോൺഗ്രസും ഔദ്യോഗികമായി നിലപാടു പരസ്യപ്പെടുത്താൻ ഇത്രയും കാലം മടിച്ചു നിൽക്കുകയായിരുന്നു. എങ്കിലും ഈ മാസം നാലിനു ചേർന്ന യുഡിഎഫ് നേതൃയോഗം സമരത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു. 

Keezhattoor-Vayalkili കീഴാറ്റൂർ വയൽ

ബിജെപി കഴിഞ്ഞയാഴ്ച കീഴാറ്റൂരിൽ നിന്നു കണ്ണൂരിലേക്കു പദയാത്ര നടത്തിയ ശേഷം കീഴാറ്റൂർ വിഷയത്തിൽ പൊതുപരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ലെങ്കിലും വിപുലമായ രണ്ടാം ഘട്ട സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. രണ്ടു വാഹനജാഥകൾ, 100 പൊതുയോഗങ്ങൾ എന്നിവയും ‘തളിപ്പറമ്പ് പട്ടണത്തെ കൊല്ലരുത്’ എന്ന മുദ്രാവാക്യവുമായി പ്രചാരണവും നടത്തും. തീയതി തീരുമാനിച്ചിട്ടില്ല. 

ഈ മാസം പത്തിന് ഉച്ചയ്ക്കു രണ്ടിനു കണ്ണൂർ ജവാഹർ ലൈബ്രറി ഹാളിലാണു സിപിഐ കിസാൻസഭയുടെ നെൽവയൽ സംരക്ഷണ സെമിനാർ. ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാർ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് തുടങ്ങിയവർ പങ്കെടുക്കും. കടുത്ത വരൾച്ചയും കാലാവസ്ഥാ വ്യതിയാനവും മൂലം കൃഷിനാശവും അനുഭവപ്പെടുന്ന ഇക്കാലത്ത് നെൽവയലുകളും തണ്ണീ‍ർത്തടങ്ങളും സംരക്ഷിക്കേണ്ടതു ഭാവിതലമുറയോടുള്ള ഉത്തരവാദിത്തമാണെന്നു കിസാൻസഭ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

സിപിഎം ശക്തികേന്ദ്രമായ കീഴാറ്റൂരിലെ സമരത്തിനെതിരെ സിപിഎമ്മിന്റെ ശക്തമായ മറുപ്രചാരണം നടന്നു വരുന്നതിനിടയിലാണു സിപിഐ കർഷക സംഘടന ഇതേ വിഷയമുന്നയിച്ചു കൺവൻഷൻ സംഘടിപ്പിക്കുന്നത്. കീഴാറ്റൂരിൽ വയൽനികത്തുന്നതിനെതിരായ സമരത്തെ തുടക്കം തൊട്ടേ പിന്തുണയ്ക്കുന്ന പാർട്ടിയാണു സിപിഐ. അതേ സമയം, സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ കിസാൻസഭ കീഴാറ്റൂർ സമരത്തിൽ കർഷകർക്കെതിരാണ്. മതിയായ നഷ്ടപരിഹാരം നൽകി നെൽപ്പാടം റോഡിനു വേണ്ടി ഏറ്റെടുക്കണമെന്നാണു സിപിഎം കിസാൻസഭയുടെ നിലപാട്. ഈ ആവശ്യമുന്നയിച്ചു സിപിഎമ്മിനു കീഴിലെ കിസാൻസഭ കീഴാറ്റൂർ വയലിൽ ബോ‍ർഡുകൾ വരെ സ്ഥാപിച്ചിരുന്നു.

Keezhattoor CPM 2 സിപിഎം സ്ഥാപിച്ച ബോർഡുകൾ

കീഴാറ്റൂർ വിഷയത്തിലെ പാർ‌ട്ടി നിലപാടു വിശദീകരിക്കാൻ സിപിഎമ്മിന്റെ രണ്ടു ജാഥകൾ ജില്ലയിൽ പര്യടനത്തിലാണ്. തിങ്കളാഴ്ച സമാപിക്കും. അതിനു പിന്നാലെ 10നു വയൽക്കിളികൾ കണ്ണൂരിൽ യോഗം ചേർന്നു തുടർസമരപരിപാടികൾ തീരുമാനിക്കും. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ നടപടികൾക്കെതിരെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടാവുന്ന പ്രതിഷേധങ്ങളും വയൽക്കിളികൾക്കു കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.