Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനികാന്തും ‘ഐപിഎൽ വിരുദ്ധൻ’; കാവേരിയിൽ ഒന്നിച്ച് തമിഴ് ചലച്ചിത്രലോകം

Rajinikanth-Cauvery-Protest കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് ചലച്ചിത്ര സംഘടനകൾ നടത്തുന്ന സമരത്തിന്റെ വേദിയിലെത്തിയ രജനികാന്ത്. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

ചെന്നൈ ∙ കാവേരി പ്രശ്നത്തിൽ പ്രതിഷേധമറിയിക്കുന്നതിനുള്ള മാർഗമായി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിനെ ഉപയോഗിക്കാനുള്ള നീക്കത്തിനു പിന്തുണയറിയിച്ചു തെന്നിന്ത്യൻ ചലച്ചിത്രതാരം രജനികാന്തും. വളരെ ഗൗരവമുള്ളൊരു പ്രശ്നം നടക്കുന്ന സമയത്ത് ചെന്നൈയിൽ ക്രിക്കറ്റ് മൽസരം സംഘടിപ്പിക്കാനുള്ള നീക്കം അപമാനകരമാണെന്നു രജനികാന്ത് പറഞ്ഞു. പതിവനുസരിച്ച് ചെന്നൈയിലെ വസതിയിൽ മാധ്യമങ്ങളെ കാണുമ്പോഴാണു രജനി നിലപാട് വ്യക്തമാക്കിയത്. കാവേജി മാനേജ്മെന്റ് ബോർഡ് എത്രയും പെട്ടെന്നു രൂപീകരിക്കാനും ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനോടു രജനികാന്ത് ആവശ്യപ്പെട്ടു.

ഇത് ക്രിക്കറ്റ് കളിക്കാനുള്ള സമയമല്ലെന്ന് ഓർമപ്പെടുത്തിക്കൊണ്ടാണ് സൂപ്പർതാരം മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. കാവേരി പ്രശ്നത്തിനെതിരായ പ്രതിഷേധം ഐപിഎൽ വേദിയിലും അലയടിക്കണമെന്നു രജനികാന്ത് ആവശ്യപ്പെട്ടു. പ്രതിഷേധസൂചകമായി ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ കറുത്ത ബാഡ്ജ് അണിഞ്ഞ് കളത്തിലിറങ്ങണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തമിഴ്നാട്ടിലെ ജനങ്ങൾ വെള്ളത്തിനായി ബുദ്ധിമുട്ടുമ്പോൾ ഐപിഎൽ ആഘോഷിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കർണാടകയുടെ അഭിലാഷത്തിന് എതിരെ നടക്കുന്ന നീക്കത്തിന്റെ ഭാഗമാകുന്നത് അവിടെ നിന്നുള്ള സിനിമാ കലക്‌ഷനെ ബാധിക്കുമോ എന്ന ചോദ്യത്തിന്, ‘ശരിയുടെ പക്ഷത്താണ് ഞാൻ നിലകൊള്ളുന്നത്’ എന്നായിരുന്നു രജനികാന്തിന്റെ മറുപടി.

കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി തമിഴ് ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ ‘നടികർ സംഘം’ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയിലും രജനി പങ്കെടുത്തു. സൂപ്പർതാരങ്ങളായ കമൽഹാസൻ, വിജയ്, നാസർ, ധനുഷ്, വിശാൽ, എസ്.ജെ. സൂര്യ, സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. നടികർ സംഘത്തിനു പുറമെ തമിഴ് ചലച്ചിത്ര സംഘടനകളായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ (ടിഎഫ്പിസി), സൗത്ത് ഇന്ത്യൻ ആർടിസ്റ്റ്സ് അസോസിയേഷൻ (എസ്ഐഎഎ), ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (എഫ്ഇഎഫ്എസ്ഐ) തുടങ്ങിയവയും പ്രതിഷേധത്തിന്റെ ഭാഗമാണ്.

കാവേരി ബോർഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയിൽ ഐപിഎൽ മൽസരങ്ങൾ നടത്താൻ അനുവദിക്കരുതെന്ന വാദം കുറച്ചുനാളുകളായി തമിഴ്നാട്ടിൽ പ്രചരിക്കുന്നുണ്ട്. മൽസരം ബഹിഷ്കരിച്ചു പ്രതിഷേധം ലോക ശ്രദ്ധയിലെത്തിക്കാമെന്ന ആശയം മുന്നോട്ടുവച്ചത് സംവിധായകൻ ജയിംസ് വസന്തനാണ്. തമിഴ്നാട്ടിലെ ഏഴരക്കോടി ജനങ്ങൾക്കുവേണ്ടി ഇതിനകം ടിക്കറ്റെടുത്ത അര ലക്ഷം പേർ ഈ ത്യാഗം സഹിക്കണമെന്ന് അദ്ദേഹം ബ്ലോഗിൽ കുറിച്ചു. ഐപിഎൽ മൽസരം റദ്ദാക്കണമെന്നും എതിർപ്പ് അവഗണിച്ചു നടത്തിയാൽ വൻ പ്രതിഷേധമുയർത്തുമെന്നും ചില തീവ്ര തമിഴ് സംഘടനകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതിനെ പിന്തുണച്ചു സംവിധായകൻ ഭാരതി രാജയും രംഗത്തെത്തി.

തമിഴ്നാട്ടിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ടി.ടി.വി. ദിനകരനും പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് കാവേരി വിഷയത്തിൽ പ്രതിഷേധമറിയിക്കുന്നതിനുള്ള മാർഗമായി ഐപിഎല്ലിനെ ഉപയോഗിക്കാനുള്ള നീക്കത്തിനു രാഷ്ട്രീയ മാനവും കൈവന്നത്. ഐപിഎൽ ബഹിഷ്കരിച്ചു പ്രതിഷേധമറിയിക്കാൻ അദ്ദേഹം ആരാധകരെ ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെ ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ ഉൾപ്പടെയുള്ളവരുമെത്തി.