Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഷാർ അൽ അസദ് മൃഗമെന്നു ട്രംപ്; രാസായുധപ്രയോഗം കെട്ടുകഥയെന്ന് റഷ്യ

Donald Trump and Vladimir Putin

വാഷിങ്ടൻ∙ സിറിയയിലെ ഗൗട്ടയിലുണ്ടായ രാസായുധ പ്രയോഗത്തെ അപലപിച്ച് യുഎസും ലോകരാജ്യങ്ങളും. സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിനെ മൃഗമെന്നു വിശേഷിപ്പിച്ചു. യുഎന്‍ രക്ഷാ സമിതി ഇന്നു സിറിയ വിഷയം ചര്‍ച്ച ചെയ്യും. അതേസമയം ഗൗട്ടയില്‍നിന്ന് ഒഴിഞ്ഞുപോകാമെന്നു വിമതര്‍ സമ്മതിച്ചതായി സിറിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

Read more at: സിറിയയിൽ വിമതകേന്ദ്രത്തിൽ വ്യോമാക്രമണം: 70 മരണം

അതേസമയം, ക്രൂരമായ രാസായുധപ്രയോഗത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടവര്‍ അവശതകള്‍ക്കിടയിലും ഹമാ കടന്ന് ഇഡ്‌ലിബിലേക്കുള്ള യാത്രയിലാണ്. വിമതരെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവരെ ഗൗട്ടയില്‍നിന്നു പുകച്ചുപുറത്തുചാടിക്കാനുള്ള ആയുധമായിരുന്നു സരിന്‍ എന്ന വിഷവാതകമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരുലക്ഷത്തിലധികംപേര്‍ ഗൗട്ടയില്‍നിന്ന് പലായനം ചെയ്തു.

നടപടി ക്രൂരമെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, ബറാക് ഒബാമ വിചാരിച്ചിരുന്നെങ്കില്‍ ബഷാര്‍ അല്‍ അസദ് എന്ന മൃഗം ഭൂമുഖത്തുണ്ടാവില്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ക്രൂരതയ്ക്ക് അസദ് വലിയ വില കൊടുക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അസദിനെ പിന്തുണയ്ക്കുന്ന വ്ളാഡിമിര്‍ പുടിനെയും അദ്ദേഹം പേരെടുത്തു വിമര്‍ശിച്ചു.

അതേസമയം, രാസായുധപ്രയോഗം കെട്ടുകഥയാണെന്നാണു റഷ്യന്‍ നിലപാട്. അസദിനെ ലക്ഷ്യമിട്ടുള്ള നീക്കം യുഎന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്യണമെന്നും റഷ്യ ആവശ്യപ്പെട്ടു. സമിതി യോഗം ചേരണമെന്ന് മറ്റു ലോകരാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നടപടിയെടുക്കുന്നതിൽ രക്ഷാസമിതി പരാജയപ്പെട്ടാല്‍ അമേരിക്ക സ്വന്തം നിലയ്ക്കു നീങ്ങുമെന്ന് യുഎന്‍ അംബാസിഡര്‍ നിക്കി ഹാലെ മുന്നറിയിപ്പു നല്‍കി.