Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനാധിപത്യ കേരളാ കോൺഗ്രസ് പരിപാടിയിൽ മാണി വിഭാഗം നേതാവ്; വിവാദം

തൊടുപുഴ ∙ ജനാധിപത്യ കേരളാ കോൺഗ്രസ് പാർട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് നടത്തുന്ന ഉപവാസത്തിൽ കേരളാ കോൺഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ.ജേക്കബ് പങ്കെടുത്ത് അഭിവാദ്യം അർപ്പിച്ചത് കേരള കോൺഗ്രസി(എം)ൽ വിവാദമാകുന്നു. അടിമാലി കൂമ്പൻപാറ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസ് പടിക്കൽ ഫ്രാൻസിസ് ജോർജ് ആരംഭിച്ച 48 മണിക്കൂർ ഉപവാസത്തിലാണ് എം.ജെ.ജേക്കബ് പങ്കെടുത്തത്. 

പാർട്ടി വിരുദ്ധ പ്രവർത്തനമാണു ജില്ലാ പ്രസിഡന്റ് നടത്തിയതെന്നും പ്രസിഡന്റ് രാജിവയ്ക്കണമെന്നുമാവശ്യപ്പെട്ട് ജില്ലാ വൈസ് പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ രംഗത്തെത്തി. ജില്ലാ പ്രസിഡന്റിന്റെ നടപടിക്കെതിരെ പാർട്ടി ചെയർമാനു പരാതി നൽകാനാണു ഒരു വിഭാഗത്തിന്റെ തീരുമാനം. മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വില്ലേജുകളിൽ നടപ്പാക്കിയ നിയമങ്ങൾക്കെതിരെ ഫ്രാൻസിസ് ജോർജ് നടത്തുന്ന സമരത്തിലാണ്, കേരള കോൺഗ്രസ്(എം)ജില്ലാ പ്രസിഡന്റ് പങ്കെടുത്തത്. സമരത്തിനു അഭിവാദ്യം അർപ്പിച്ചതിനു പുറമേ അര മണിക്കൂർ പ്രസംഗിക്കുകയും ചെയ്തു. കേരള കോൺഗ്രസ്(എം)വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന്റെ അടുത്ത അനുകൂലിയാണു എം.ജെ. ജേക്കബ്.