Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വി.ടി.ബൽറാമിന് കരിങ്കൊടി കാണിച്ച് സിപിഎം; കാറിന്റെ ചില്ലു തകർന്നു

Stone-pelted-into-Balrams-Vehicle കല്ലേറില്‍ ബല്‍റാമിന്റെ വാഹനത്തിന്റെ സൈഡ് മിറര്‍ തകര്‍ന്ന നിലയില്‍

പാലക്കാട്∙ തൃത്താല കൂടല്ലൂരിനു സമീപം വി.ടി.ബൽറാം എംഎൽഎയെ സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിക്കുന്നതിനിടെ എംഎൽഎയുടെ വാഹനത്തിന്റെ സൈഡ് ഗ്ലാസ് തകർന്നു. ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവിൽ ക്ഷീരസഹകരണ സംഘത്തിന്റെ സഹായധന വിതരണം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ബൽറാം. സിപിഎം പ്രവർത്തകർ കരുതിക്കൂട്ടി നടത്തിയ അക്രമണമാണു നടന്നതെന്നു കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ കരിങ്കൊടി കാണിക്കാനെത്തിയ പ്രവർത്തകരെ പൊലീസ് തടയുന്നതിനിടെ പൈലറ്റ് വാഹനത്തിന്റെ പിന്നാലെയെത്തിയ എംഎൽഎയുടെ വാഹനത്തിൽ പൊലീസുകാരന്റ കൈ തട്ടിയാണ് ഗ്ലാസ് തകർന്നതെന്നാണു പൊലീസിന്റെ വിശദീകരണം.

എകെജിക്ക് എതിരായ വിവാദ പരാമർശത്തെ തുടർന്നു ബൽറാം പങ്കെടുക്കുന്ന പൊതുപരിപാടികളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം നടന്നിരുന്നു. സംഭവം നടക്കുമ്പോൾ പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അക്രമികളെ പിന്തുണയ്ക്കുന്ന സമീപനമാണു സ്വീകരിച്ചതെന്നും പ്രതിഷേധക്കാർക്ക് അഴിഞ്ഞാടാനുള്ള അവസരം നൽകിയെന്നും ബൽറാം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു.