Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗിയായ മകനെ നോക്കാൻ ജീവനക്കാരിയെ പിരിച്ചുവിട്ടു: ആശുപത്രിക്കെതിരെ കേസ്

alappuzha-map

ആലപ്പുഴ∙ സെറിബ്രൽ പാൾസി രോഗം ബാധിച്ച മകനെ നോക്കാൻ നഴ്സിനു രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്ന ഉത്തരവു നടപ്പിലാക്കുന്നതിനു പകരം ജീവനക്കാരിയെ പിരിച്ചുവിട്ട ആശുപത്രിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആലപ്പുഴ ജില്ലാ ലേബർ ഓഫിസറും ആശുപത്രി അധിക്യതരും ഒരു മാസത്തിനകം വിശദീകരണം നൽകണമെന്നു കമ്മീഷൻ ആക്ടിങ് ചെയർമാൻ പി.മോഹനദാസ് ഉത്തരവിട്ടു.

കായംകുളത്തെ സ്വകാര്യ ആശുപത്രിയാണു കായംകുളം സ്വദേശിനി എസ്. ബിനീതയെ പിരിച്ചുവിട്ടത്. ബിനീതക്ക് പകൽ ജോലി നൽകണമെന്നു കമ്മീഷൻ ആലപ്പുഴ ജില്ലാ ലേബർ ഓഫിസർക്ക് നിർദ്ദേശം നൽകിയിരുന്നു. ബിനീത ജോലിക്ക് പോകുമ്പോൾ 12 വയസുള്ള മകനെ നോക്കിയിരുന്നത് അമ്മയാണ്. പ്രായാധിക്യം കാരണം അമ്മയ്ക്കു മകനെ നോക്കാൻ സാധിക്കാതെ വന്നപ്പോഴാണ് രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കമ്മീഷനെ സമീപിച്ചത്. ഓട്ടോ ഡ്രൈവറാണു പരാതിക്കാരിയുടെ ഭർത്താവ്. കേസ് ആലപ്പുഴയിൽ പരിഗണിക്കും.