Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൃത്താധ്യാപികയുമായി അടുപ്പം; കുടുംബം തകർത്ത രാജേഷിന് അലിഭായിയുടെ ക്വട്ടേഷൻ

Sathar, Alibhai, Rajesh (ചിത്രം 1) ഒന്നാം പ്രതി അബ്ദുൽ സത്താർ (വലത്ത്), രണ്ടാം പ്രതി അലിഭായിക്കൊപ്പം. (ചിത്രം 2) രാജേഷ്

കിളിമാനൂർ∙ മടവൂരിലെ മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം, ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താർ നൽകിയ ക്വട്ടേഷനാണെന്നു റൂറൽ എസ്പി: പി.അശോക്‌ കുമാർ അറിയിച്ചു. കേസിലെ ഒന്നാം പ്രതി സത്താറാണ്. സാമ്പത്തിക കേസുമായി ബന്ധപ്പെട്ടു ഖത്തറിൽ യാത്രാവിലക്കുള്ള സത്താറിനെ അറസ്റ്റ് ചെയ്യാനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകും. സത്താറിന്റെ ഭാര്യയും രാജേഷിന്റെ സുഹൃത്തുമായ വനിതയെയും ആവശ്യമ‌െങ്കിൽ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

അലിഭായി എന്നറിയപ്പെട്ടിരുന്ന ഓച്ചിറ മേമന പനച്ചമൂട്ടിൽ വീട്ടിൽ ജെ.മുഹമ്മദ് സാലിഹി(ഓച്ചിറ സാലി–26)നെ കേസിൽ രണ്ടാം പ്രതിയാക്കി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കരുനാഗപ്പള്ളി പുത്തൻതെരുവ് കൊച്ചയത്ത് തെക്കതിൽ കെ.തൻസീർ(24) നാലാം പ്രതിയും. ഇവർ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. രാജേഷിനെ കൊലപ്പെടുത്തിയത് ഇവരും അപ്പുണ്ണിയും ചേർന്നാണെന്നു പൊലീസ് അറിയിച്ചു. മൂന്നാം പ്രതിയായ അപ്പുണ്ണി ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.

ഖത്തറിൽ നൃത്താധ്യാപികയായ ഭാര്യയും രാജേഷുമായുള്ള അടുപ്പം മൂലം സത്താറിന്റെ കുടുംബജീവിതം തകർന്നിരുന്നു. ഭാര്യയുമായി അകന്നതോടെ ബിസിനസും പൊളിഞ്ഞു. ഈ വൈരാഗ്യത്തിലാണു രാജേഷിനെ വകവരുത്താൻ സാലിഹിന് (അലിഭായി) ക്വട്ടേഷൻ നൽകിയതെന്ന് എസ്പി പറഞ്ഞു. ആദ്യം മടിച്ച അലിഭായി ബിസിനസിൽ പങ്കാളിയാക്കാമെന്ന വലിയ വാഗ്ദാനത്തിലാണു വീണത്. തുടർന്നു കൊലപാതക പദ്ധതി ഖത്തറിൽ തന്നെ തയാറാക്കി. സിനിമ നിർമിക്കാനെന്ന മട്ടിൽ നാട്ടിലെത്തി ‘ഇര’യെ കണ്ട് ഉറപ്പിക്കുകയായിരുന്നു ഇതിൽ ആദ്യഘട്ടം.

ഇന്ത്യയിലെ വിമാനത്താവളം വഴി വന്നുപോയാൽ പൊലീസ് പിടികൂടുമെന്നതിനാൽ അലിഭായി കേരളത്തിലേക്കുള്ള യാത്ര നേപ്പാൾ വഴിയാക്കി. മാർച്ച് 15നു ഖത്തറിൽ നിന്നു കാഠ്മണ്ഠുവിൽ എത്തി. പിറ്റേന്നു ബസിൽ ഡൽഹിയിലും. അവിടെ നിന്നു 19നു ഫ്ലൈറ്റിൽ ബെംഗളൂരുവിലേക്ക്. അവിടെ അപ്പുണ്ണി, യാസീൻ, സ്വാതി സന്തോഷ് എന്നിവർക്കൊപ്പം രണ്ടു ദിവസം തങ്ങിയാണു തുടർപരിപാടികൾ ആസൂത്രണം ചെയ്തതെന്നു പൊലീസ് അറിയിച്ചു.

രാജേഷിനെ മുൻപു കണ്ടിട്ടില്ലാത്തതിനാൽ അലിഭായി അപ്പുണ്ണിയുമൊത്ത് 26നു രാജേഷിന്റെ മടവൂരിലെ സ്റ്റുഡിയോയിലെത്തി. ഹ്രസ്വചിത്രം നിർമിക്കാനുള്ള ആലോചനയെന്ന പേരിലായിരുന്നു കൂടിക്കാഴ്ച. എന്നാൽ ചെന്നൈയിലെ സ്കൂളിൽ ജോലി ലഭിച്ചതിനാൽ പിറ്റേന്നു താൻ അങ്ങോട്ടേക്കു പോവുകയാണെന്നും മറ്റാരെയെങ്കിലും സമീപിക്കുവാനും രാജേഷ് പറഞ്ഞു. അതോടെയാണ് അന്നു രാത്രി തന്നെ ക്വട്ടേഷൻ നടപ്പാക്കിയത്.