Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിനു ടാറ്റ നൽകി ‘ഹലോ’ പറയുമോ ഇന്ത്യ?; ഓർക്കുട്ട് കാത്തിരിക്കുന്നു

Social-Networking Social Networking - Representative Image

ന്യൂഡൽഹി∙ ഉപയോക്താക്കളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള സമൂഹമാധ്യമം ഫെയ്സ്ബുക് ഡേറ്റ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യാന്തര സമൂഹത്തിനു മുന്നിൽ പ്രതിസ്ഥാനത്തുനിൽക്കെ, ഇന്ത്യയിലെ സമൂഹമാധ്യമ ഉപയോക്താക്കളെ ചാക്കിലാക്കാൻ ‘ഹലോ’ വരുന്നു. സമൂഹമാധ്യമങ്ങൾക്ക് ഇന്ത്യൻ മണ്ണിലുള്ള വളക്കൂറ് തിരിച്ചറിഞ്ഞ് ഇവിടേക്കെത്തുന്ന ‘ഹലോ’ നിസാരനല്ല. ഫെയ്സ്ബുക്കിനു മുൻപ് യുവഹൃദയങ്ങൾ കീഴടക്കിയ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റായ ഓർക്കുട്ടിന്റെ സ്ഥാപകനാണ് ‘ഹലോ’യെന്ന മൊബൈൽ ആപ്ലിക്കേഷനു പിന്നിൽ.

സമൂഹമാധ്യമങ്ങളുടെ സ്വാധീനവും സാധ്യതകളും ആദ്യമായി ലോകത്തെ അറിയിച്ചത് ഓർക്കുട്ടായിരുന്നു. ഓർക്കുട്ട് ബുയോകോട്ടൻ എന്ന ടർക്കിഷ് സോഫ്റ്റ്‌വെയർ എൻജിനിയറാണ് ഓർക്കുട്ടിനു രൂപം നൽകിയത്. 2004ലായിരുന്നു ഇത്. വളരെപ്പെട്ടെന്ന് യുവാക്കൾക്കിടയിൽ ട്രെൻഡിങ്ങായി മാറിയ ഓർക്കുട്ട്, ഫെയ്സ്ബുക്കുമായി മാർക്ക് സക്കർബർഗ് രംഗത്തെത്തിയതോടെ പിന്തള്ളപ്പെടുകയായിരുന്നു. പിന്നാലെ വാട്സാപ്പും ഇൻസ്റ്റഗ്രാമുമെത്തിയതോടെ ഓർക്കുട്ടിന്റെ പതനം പൂർണമായി.

ഡേറ്റ ചോർച്ചയുമായി ബന്ധപ്പെട്ട് ഇതേ ഫെയ്സ്ബുക്കിനെ ജനങ്ങൾ സംശയത്തോടെ വീക്ഷിക്കുമ്പോളാണ്, ഹലോ എന്ന തന്റെ പുതിയ സംരംഭവുമായി ഇന്ത്യയിൽ വേരുറപ്പിക്കാനുള്ള ഓർക്കുട്ട് ബുയോകോട്ടന്റെ ശ്രമം. ഫെയ്സ്ബുക്കിന് ഇന്ത്യയിൽ മാത്രം ഏതാണ്ട് 25 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. വിപുലമായ ഈ ജനാടിത്തറയിലേക്ക് ‘നുഴഞ്ഞുകയറാനാണ്’ പുതിയ സാഹചര്യത്തിൽ ഹലോയുടെ ശ്രമം.

ഹലോ... ലൈക്കല്ല, സ്നേഹമാണ്!

ആദ്യകാലത്ത് ഓർക്കുട്ടിന് ഏറ്റവും കൂടുതൽ ജനസമ്മതിയുണ്ടായിരുന്നത് ഇന്ത്യയിലും ബ്രസീലിലുമായിരുന്നു. തന്റെ പുതിയ സംരംഭത്തിനും ഇന്ത്യയിൽ വിപുലമായ ജനകീയാടിത്തറ സൃഷ്ടിക്കുകയാണ് ഹലോയിലൂടെ ഓർക്കുട്ട് ബുയോകോട്ടൻ ലക്ഷ്യമിടുന്നത്. ഫെയ്സ്ബുക്കിനേക്കാൾ സുരക്ഷ ഉറപ്പുനൽകിക്കൊണ്ടാണ് ഹലോയെന്ന പേരിൽ ഓർക്കുട്ടിന്റെ രണ്ടാം വരവെന്നും ഓർക്കുട്ട് ബുയോകോട്ടൻ ഉറപ്പുനൽകുന്നു.