Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിലും കോഴിക്കോട്ടും ഓട്ടോക്ഷാമം; നിരത്തിലേക്ക് 4000 പുതിയ വാഹനങ്ങൾ

Auto പ്രതീകാത്മക ചിത്രം.

കോട്ടയം∙ നഗരങ്ങളിൽ പൊതുഗതാഗത സംവിധാനം കുറഞ്ഞുവെന്ന സർവേ റിപ്പോർട്ടുകളെ തുടർന്ന് സ്വകാര്യബസുകൾക്കും ഓട്ടോകൾക്കും നിശ്ചിയിച്ചിട്ടുള്ള പരിധി ഉയർത്താൻ മോട്ടോർ വാഹനവകുപ്പ് സർക്കാരിന് ശുപാർശ നൽകി. കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നിലവിൽ നാലായിരം ഓട്ടോറിക്ഷകളാണുള്ളത്. ഇതു രണ്ടായിരം വീതം കൂട്ടും.

തിരുവനന്തപുരത്ത് ഇങ്ങനെ ഉയർത്തിയതോടെ ഓട്ടോറിക്ഷകളുടെ എണ്ണം മുപ്പതിനായിരത്തിലെത്തി. നഗരങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാർക്കു യാത്രചെയ്യാൻ സംവിധാനം കുറയുന്നുവെന്നും കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഓട്ടോകളുടെ എണ്ണം രാത്രിയിൽ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ അനുപാതം പരിശോധിച്ചാൽ വളരെ കുറവാണെന്നുമാണു റിപ്പോർട്ട്.

സ്വകാര്യ വാഹനങ്ങളുടെ എണ്ണം ദിവസവും പെരുകുകയാണ്. പൊതുഗതാഗത സംവിധാനം കുറയുന്നു. ജനം ബസിൽ നിന്നിറങ്ങി കാറും ബൈക്കും വാങ്ങുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ ബസുകളുടെ എണ്ണം സംസ്ഥാനത്ത് ‌26,000ൽ നിന്നും 16,000 ആയി. 2017 ൽ മാത്രം കേരളത്തിൽ റജിസ്റ്റർ ചെയ്ത കാറുകളുടെ എണ്ണം 2.15 ലക്ഷമാണ്. 2016ൽ ഇത് 1.89 ലക്ഷമായിരുന്നു.

2017ൽ റജിസ്റ്റർ ചെയ്ത ഇരുചക്ര വാഹനങ്ങളുടെ എണ്ണം 6.6 ലക്ഷം. 2016ൽ ഇത് 6.05 ലക്ഷമായിരുന്നു. സംസ്ഥാന ജനസംഖ്യയും വാഹനപ്പെരുപ്പവും കണക്കുകൂട്ടുമ്പോൾ മൂന്നു പേർക്ക് ഒരു വാഹനം എന്നതാണു സ്ഥിതി. ശരാശരി രണ്ടുപേർ മാത്രമേ ഒരു കാറിൽ യാത്രചെയ്യുന്നുള്ളൂവെന്നും ‌വിലയിരുത്തലുണ്ട്. പുതുതായി നിരത്തിലിറങ്ങുന്ന ഓട്ടോകൾ ഇലക്ട്രിക്, സിഎൻജി ഓട്ടോകളാകണമെന്നും ശുപാർശയിലുണ്ട്.

related stories