Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം അമ്മയെയും മർദിക്കുന്ന ‘ജനമൈത്രി’; സേനയുടെ കളങ്കമായി 1,129 പേർ

Kerala Police പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം∙ കേരള പൊലീസിന്റെ ക്രൂരതകളെക്കുറിച്ചുള്ള കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 1,129 ഉദ്യോഗസ്ഥരാണു സേനയിലുള്ളത്. പത്തു ഡിവൈഎസ്പിമാർ, എട്ട് സിഐമാർ, എസ്ഐ - എഎസ്ഐ റാങ്കിലുള്ള 195 ഉദ്യോഗസ്ഥർ എന്നിവരാണ് പട്ടികയിലുള്ളത്. 2018 മാര്‍ച്ച് വരെയുള്ള കണക്കാണിത്. പൊലീസിനെതിരെ പരാതികള്‍ വര്‍ധിച്ചതോടെ, ക്രിമിനലുകളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കി.

തലസ്ഥാന ജില്ലയിലാണു പൊലീസിലെ ക്രിമിനലുകള്‍ കൂടുതല്‍. പൊലീസുകാര്‍ക്കെതിരെ 215 കേസുകളാണു തിരുവനന്തപുരത്ത് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എസ്ഐ - എഎസ്ഐ റാങ്കിലുള്ള 27 പേരും സിഐ റാങ്കിലുള്ള രണ്ടുപേരും ഡിവൈഎസ്പി- എസി റാങ്കിലുള്ള മൂന്നുപേരും ഉള്‍പ്പെടുന്നു. രണ്ടാം സ്ഥാനത്ത് എറണാകുളമാണ് – 125 കേസുകള്‍.

അമ്മയ്ക്കും രക്ഷയില്ല, കുഞ്ഞുങ്ങൾക്കും

സ്വന്തം അമ്മയെ മര്‍ദിച്ചതിനും കുട്ടിയെ പീഡിപ്പിച്ചതിനും ബീച്ചിലിരുന്ന ദമ്പതികളെ മര്‍ദിച്ചതിനുമെല്ലാം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസുകളുണ്ട്. അമ്മയെ ഉപദ്രവിച്ചതിനാണ് ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. 

ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പൊലീസുകാരുടെ പട്ടിക

മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രക്കാരായ രണ്ടുപേരെ ഇടിച്ചു തെറിപ്പിച്ചതിനാണു കളമശേരി സ്റ്റേഷനിലെ പൊലീസുകാരനെതിരെ കേസ്. ബീച്ചിലെത്തിയ ദമ്പതികളെ മര്‍ദിച്ചതു ഫോര്‍ട്ട് കൊച്ചി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. സഹപ്രവര്‍ത്തകയായ വനിതാ കോണ്‍സ്റ്റബിളിനെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനാണു തൃശൂര്‍ സിറ്റിയിലെ ഉദ്യോഗസ്ഥനെതിരെ കേസ്. വിവരാവകാശ പ്രവര്‍ത്തകൻ അഡ്വ. ഡി.ബി.ബിനുവാണ് ആര്‍ടിഐ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിച്ചത്.

പൊലീസിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകള്‍:

തിരുവനന്തപുരം: ആകെ കേസ് 215 (എസ്ഐ, എഎസ്ഐ- 27, സിഐ- 2, ഡിവൈഎസ്പി–3)
കൊല്ലം: ആകെ കേസ്-146 (എസ്ഐ, എഎസ്ഐ- 22, സിഐ – 3, ഡിവൈഎസ്പി–2 )
ആലപ്പുഴ: ആകെ കേസ്- 101 (എസ്ഐ, എഎസ്ഐ-19, ഡിവൈഎസ്പി–1 )
എറണാകുളം: ആകെ കേസ്-125 (എസ്ഐ, എഎസ്ഐ- 24, സിഐ–1, ഡിവൈഎസ്പി–1)
പത്തനംതിട്ട: ആകെ കേസ്- 41 (എസ്ഐ, എഎസ്ഐ–13)
കോട്ടയം: ആകെ കേസ്- 92 (എസ്ഐ, എഎസ്ഐ–15)
ഇടുക്കി: ആകെ കേസ്- 34 (എസ്ഐ, എഎസ്ഐ–9)

Police-Atrocities


തൃശൂര്‍: ആകെ കേസ്- 98 (എസ്ഐ, എഎസ്ഐ–20, സിഐ–1)
പാലക്കാട്: ആകെ കേസ്-41 (എസ്ഐ, എഎസ്ഐ–5, ഡിവൈഎസ്പി–1)
മലപ്പുറം: ആകെ കേസ്- 14 (എസ്ഐ, എഎസ്ഐ–2)
കോഴിക്കോട്: ആകെ കേസ്- 75 (എസ്ഐ, എഎസ്ഐ-19)
വയനാട്: ആകെ കേസ്-43 (എസ്ഐ, എഎസ്ഐ-7, ഡിവൈഎസ്പി-2)
കണ്ണൂര്‍: ആകെ കേസ്- 80 (എസ്ഐ, എഎസ്ഐ-9, സിഐ-1)
കാസർകോട്: ആകെ കേസ്-24 (എസ്ഐ, എഎസ്ഐ-3).