Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു വർഷം മുൻപുണ്ടായ കൊലക്കേസിലെ ഒന്നാം പ്രതി പിടിയിൽ; സംഭവം നടക്കുമ്പോൾ പ്രതിക്കു പ്രായം 16

handcuffs

തിരുവല്ല∙ തിരുവാമനപുരത്ത് പത്തു വർഷം മുൻപുണ്ടായ കൊലപാതകത്തിലെ ഒന്നാം പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിരുവാമനപുരം ത്രിവേണിയിൽ അരുണി (41) നെയാണു തനിച്ചു താമസിച്ചിരുന്ന വീട്ടിൽ 2007 നവംബർ 23 നു മരിച്ച നിലയിൽ കണ്ടത്. കേസിൽ മൂന്നു പ്രതികളുണ്ടെന്നു പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ മൂന്നുപേർക്കും 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ കുട്ടിക്കുറ്റവാളിയായാണു പ്രതിയെ കണക്കാക്കുന്നത്.

മരിച്ച അരുൺ നാട്ടിൽ ശല്യക്കാരനായിരുന്നതിനാലാണ് ആക്രമിച്ചതെന്നു പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇപ്പോൾ 26 വയസ്സുള്ള പ്രതിയെ ബെംഗളുരുവിൽനിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടുപേരിൽ ഒരാൾ ബെംഗളുരുവിലും മറ്റൊരാൾ ഗൾഫിലുമാണ്. ഇരുവരും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യാനാകുമെന്നു പ്രതീക്ഷിക്കുന്നതായി പൊലീസ് പറഞ്ഞു.

ക്രൈംബ്രാഞ്ച് എസ്പി ആർ.നിശാന്തിനി, ഡപ്യൂട്ടി ഇൻസ്പെക്ടർ എ.നസീർ, എസ്ഐമാരായ സുധീർദാസ്, പവിത്രൻ, സൈബർ സെല്ലിലെ സുധീർ, സിപിഒമാരായ അജിത്, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.

പ്രതികൾ നേരത്തേ നൽകിയ മൊഴികളിലെ വൈരുധ്യങ്ങൾ കണ്ടെത്തി വിശദമായി ചോദ്യം ചെയ്തും ഇപ്പോഴത്തെ ഫോൺ കോൾ വിവരങ്ങളും പരിശോധിച്ചാണു കുറ്റകൃത്യം നടത്തിയത് ഇവരാണെന്നു കണ്ടെത്തിയതെന്നു ഡപ്യൂട്ടി ഇൻസ്പെക്ടർ എ.നസീർ അറിയിച്ചു. പ്രതിയെ തിരുവാമനപുരത്തെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തിയ ശേഷം പത്തനംതിട്ട കോടതിയിൽ ഹാജരാക്കി.

related stories