Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജമെഡിക്കൽ രേഖ: പൊലീസിനു കോടതിയുടെ വിമർശനം; സെൻകുമാറിനെതിരായ കേസ് റദ്ദാക്കി

TP-Senkumar ടി.പി.സെൻകുമാർ

കൊച്ചി∙ വ്യാജമെ‍ഡിക്കൽ രേഖയുണ്ടാക്കി ശമ്പളം പറ്റിയെന്ന ആരോപണത്തിൽ മുൻ ഡിജിപി ടി.പി.സെൻകുമാറിനെതിരായെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുത്ത പൊലീസിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചു. എസ്ഐയെക്കൊണ്ട് നിർബന്ധിപ്പിച്ചു കേസെടുപ്പിച്ചുവെന്നും കോടതി വിമർശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെൻകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി.

ഡിജിപിയായിരിക്കെ പകുതി വേതന അവധിയെടുത്ത ശേഷം തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളജിലെ പ്രഫ. ഡോ. വി.കെ. അജിത് കുമാറിൽനിന്നു വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അവധി പരിവർത്തിത അവധിയായി(കമ്യൂട്ടഡ് ലീവ്) മാറ്റാൻ അപേക്ഷ നൽകിയെന്നാണു സെൻകുമാറിനെതിരായ പരാതി. അവധിക്കാലയളവിൽ മുഴുവൻ വേതനവും ലഭിക്കുന്നതിനു വേണ്ടി വ്യാജ രേഖകൾ ചമച്ചതായ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ ചട്ടപ്രകാരം കേസ് എടുത്ത് അന്വേഷിക്കാൻ അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ആണ് ഡിജിപിക്കു നിർദേശം നൽകിയത്. കോർപറേഷനിലെ മുൻ കൗൺസിലർ എ.ജെ.സുക്കാർനോ നൽകിയ പരാതിയിലായിരുന്നു നടപടി.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തതിനെ തുടർന്നു 2016 ജൂൺ ഒന്നു മുതൽ 2017 ജനുവരി 31 വരെ സെൻകുമാർ വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ അവധിയിലായിരുന്നു. ഇക്കാലയളിൽ അർധവേതന അവധിയെടുക്കുന്നതിന് ഒൻപത് അപേക്ഷകൾ സെൻകുമാർ നൽകിയതു സർക്കാർ അംഗീകരിച്ചിരുന്നു.

പിന്നീട് തന്റെ അർധവേതന അവധി പരിവർത്തിത അവധിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു 2017 ഫെബ്രുവരി ആറിന് സർക്കാരിനു കത്തു നൽകി. ഗവ.ആയുർവേദ കോളജിലെ ഡോ.വി.കെ.അജിത് കുമാർ നൽകിയ എട്ട് മെഡിക്കൽ സർട്ടിഫിക്കറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഒപ്പം ഹാജരാക്കിയിരുന്നു. ഈ രേഖകൾ വ്യാജമാണെന്നായിരുന്നു പരാതി.