Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഠ്‌വ പീഡനക്കേസിൽ സ്വമേധയാ ഇടപെട്ട് സുപ്രീംകോടതി; നിയമം കർശനമാക്കാൻ കേന്ദ്രം

Kathua-rape-protest കഠ്‌വയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ വസ്ത്രങ്ങൾ കാട്ടുമ്പോൾ വിതുമ്പുന്ന മാതാവ്. പെൺകുട്ടിക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരാണ് രണ്ടാം ചിത്രത്തിൽ.

ന്യൂഡൽഹി ∙ ജമ്മുവിലെ കഠ്‍വ ജില്ലയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതി ഇടപെടുന്നു. രാജ്യമെങ്ങും പ്രതിഷേധമുയർത്തിയ സംഭവത്തിൽ സ്വമേധയാ ഇടപെട്ട സുപ്രീംകോടതി അന്വേഷണ പുരോഗതി വിലയിരുത്തും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണു തീരുമാനം. അതിക്രൂരമായി മാനഭംഗം നടന്ന സംഭവത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഒരുവിഭാഗം അഭിഭാഷകർ ചീഫ് ജസ്റ്റിസിനെയും വിവിധ സുപ്രീംകോടതി ജഡ്ജിമാരെയും സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം ചില അഭിഭാഷകർ തടഞ്ഞുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ബാർ അസോസിയേഷനുകൾക്ക് സുപ്രീംകോടതി നോട്ടിസ് അയച്ചു. ബാർ കൗൺസിൽ ഓഫ് ഇന്ത്യ, ജമ്മു കശ്മീർ ബാർ അസോസിയേഷൻ, ജമ്മു ഹൈക്കോർട്ട് ബാർ അസോസിയേഷൻ, കഠ്‌വ ബാർ അസോസിയേഷൻ എന്നിവയ്ക്കാണ് നോട്ടിസ് അയച്ചത്.

ഇതിനിടെ, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികൾക്കെതിരായ ക്രൂരത തടയുന്ന പോസ്കോ നിയമം കൂടുതൽ കർശനമാക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നു ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി വ്യക്തമാക്കി. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കെതിരായ മാനഭംഗക്കുറ്റം വധശിക്ഷയുടെ പരിധിയിൽ വരുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യാനാണു നീക്കം.

അതേസമയം, എട്ടുവയസ്സുകാരിക്കെതിരായ കൊടുംക്രൂരതയുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ ഉൾപ്പെട്ടവർക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുവിലെ ഗുജ്ജർ സമുദായാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. മുംബൈ, കൊൽക്കത്ത, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

സംഭവം ഇങ്ങനെ:

എട്ടു വയസ്സുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് കുറ്റപത്രം വെളിപ്പെടുത്തുന്നത്. കഠ്‌വയിലെ രസാന ഗ്രാമത്തിലെ ന്യൂനപക്ഷസമുദായമായ  ബഖേർവാല നാടോടി സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാനാണു പ്രദേശത്തെ പ്രമാണിയുടെ നേതൃത്വത്തിൽ കൊലപാതകം ആസൂത്രണം ചെയ്തതെന്നു മജിസ്ട്രേട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

എട്ടു വയസ്സുകാരിയെ കാണാതായതു കഴിഞ്ഞ ജനുവരി പത്തിന്. വനത്തിൽ മേയാൻ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെൺകുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം നൽകിയാണ് പ്രതികളൊരാൾ തൊട്ടടുത്ത ചെറുക്ഷേത്രത്തിലേക്കു കൊണ്ടുപോയത്.

ഒരാഴ്ച തടവിൽവച്ചു മാനഭംഗപ്പെടുത്തി. ഭക്ഷണം നൽകാതെ ലഹരി നൽകി മയക്കിയാണു പീഡനം നടത്തിയത്. മൃതപ്രായയായ പെൺകുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയിൽ ഒളിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പ്രതികളിലൊരാൾ കൊലപ്പെടുത്തും മുൻപു പെൺകുട്ടിയെ ഒരിക്കൽക്കൂടി മാനഭംഗപ്പെടുത്തി. പിന്നീട്, കല്ലുകൊണ്ടു പെൺകുട്ടിയുടെ തലയിൽ ഇടിച്ചു കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള വനത്തിൽ ഉപേക്ഷിച്ചു. 

ജനുവരി 17ന് ആണു മൃതദേഹം കണ്ടെത്തിയത്. ഈ സമയമെല്ലാം കാണാതായ പെൺകുട്ടിക്കു വേണ്ടി തിരച്ചിൽ തുടരുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണു വിവരങ്ങൾ പുറത്തുവന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിനെതിരെ അഭിഭാഷകർ സംഘം ചേർന്നു രംഗത്തെത്തിയതും വിവാദമായിരുന്നു.

related stories