Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേരി തിരിഞ്ഞ് ലോകരാജ്യങ്ങൾ; തിരിച്ചടിയുടെ സൂചന നൽകി ഇറാൻ, റഷ്യ; യുദ്ധ ഭീഷണി

Syria-US-Attack-3 ദമാസ്കസിൽ യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിന്റെ ദൃശ്യം നൈറ്റ് വിഷൻ ക്യാമറയിൽ. ചിത്രം: എഎഫ്പി

മോസ്കോ/ടെഹ്റാൻ∙ യുഎസ് സഖ്യസേന സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് റഷ്യയും ഇറാനും. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സൈന്യത്തോടൊപ്പം ചേർന്ന് വിമതർക്കെതിരെ പോരാടുന്ന റഷ്യയുടെയും ഇറാന്റെയും നിലപാട് മേഖലയിലെ യുദ്ധമുന്നണിയിൽ നിർണായകമാണ്. കഴിഞ്ഞയാഴ്ച കിഴക്കൻ ഗൗട്ടയിൽ സിറിയ രാസായുധ പ്രയോഗം നടത്തിയെന്നു തെളിഞ്ഞതിനു പിന്നാലെയായിരുന്നു യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് സഖ്യസേന സിറിയയിൽ വ്യോമാക്രമണം നടത്തിയത്.

എന്നാൽ ഇതിനെതിരെ രൂക്ഷഭാഷയിലാണ് റഷ്യയും ഇറാനും ഉൾപ്പെടെ പ്രതികരിച്ചത്. യുഎസ് ആക്രമണത്തെ അനുകൂലിച്ചും രാജ്യങ്ങൾ രംഗത്തെത്തിയതോടെ ചേരി തിരിഞ്ഞുള്ള ആരോപണ–പ്രത്യാരോപണങ്ങളും ശക്തമായി. യുഎസിനുള്ള തിരിച്ചടി ഏതു നിമിഷവുമുണ്ടാകുമെന്ന സൂചനയെത്തുടർന്നു യുദ്ധഭീഷണി നിലനിൽക്കുകയാണ്.

സിറിയയിലെ ആക്രമണത്തില്‍ റഷ്യൻ വ്യോമസേന പങ്കെടുത്തിട്ടില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ വിഷയത്തിൽ തിരിച്ചടി തീർച്ചയായും ഉണ്ടാകുമെന്നാണ് യുഎസിലെ റഷ്യൻ അംബാസഡർ അനറ്റോലി ആന്റനോവ് വ്യക്തമാക്കിയത്. ആക്രമണമുണ്ടായാൽ പൂർണ ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ആന്റനോവ് പറഞ്ഞു. വിഷയത്തിൽ യുഎൻ ഇടപെടലും റഷ്യ ആവശ്യപ്പെട്ടു. യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വലിയ ഭീഷണിയെന്ന് യുഎന്‍

എന്നാൽ രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ് സിറിയയെന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കിയത്. സിറിയയിലെ ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന വിധത്തിൽ യാതൊരു വിധ പ്രകോപനങ്ങളും മറ്റുരാജ്യങ്ങളിൽ നിന്നുണ്ടാകരുത്. യുഎൻ രക്ഷാ സമിതി അംഗരാജ്യങ്ങൾ ഇക്കാര്യത്തിൽ  ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാസായുധങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിൽ യുഎൻ രക്ഷാസമിതി പരാജയപ്പെട്ടതിലുള്ള നിരാശയും ഗുട്ടെറസ് പങ്കുവച്ചു. 

‘അനന്തരഫലം അനുഭവിക്കേണ്ടി വരും’

സിറിയയിൽ നടത്തിയ ആക്രമണത്തിന്റെ അനന്തര ഫലം യുഎസും സഖ്യരാജ്യങ്ങളും അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഇറാന്റെ പ്രതികരണം. യാതൊരു തെളിവുമില്ലാതെയായിരുന്നു സിറിയയിലെ യുഎസ് സഖ്യസേന ആക്രമണം. പ്രാദേശികമായും രാജ്യാന്തര തലത്തിലും ഇതിനെത്തുടർന്നുണ്ടാകുന്ന അനന്തരഫലങ്ങളുടെ പൂർണ ഉത്തരവാദിത്തം യുഎസിനും അവരുടെ സൈന്യത്തെ പിന്തുണച്ചവർക്കുമായിരിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാസായുധങ്ങൾ ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്നും ഇറാൻ വിശദീകരിച്ചു.

ലബനനിലെ‍ ഹിസ്ബുള്ള വിഭാഗവും സിറിയയ്ക്കു പിന്തുണയുമായെത്തി. ‘മൂന്നു വിഭാഗം’ സൈന്യത്തിന്റെ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ച സിറിയൻ വ്യോമസേനയ്ക്ക് ഹിസ്ബുള്ള അഭിനന്ദനം അറിയിച്ചു. മേഖലയിൽ യുഎസിന്റെ ‘ലക്ഷ്യം’ നടക്കാൻപോകുന്നില്ലെന്നും ഹിസ്ബുള്ള മുന്നറിയിപ്പു നല്‍കി.

ചോദിച്ചു വാങ്ങിയതെന്ന് ഇസ്രയേൽ

അതിനിടെ യുഎസിനു പിന്തുണയുമായി ഇസ്രയേൽ രംഗത്തെത്തി. രാസായുധ പ്രയോഗത്തിൽ യുഎസിന്റെ മുന്നറിയിപ്പ് അവഗണിച്ചതാണ് സിറിയയ്ക്കു തിരിച്ചടിയായത്. അതിനുള്ള മറുപടിയാണ് യുഎസ്, ബ്രിട്ടൻ, ഫ്രഞ്ച് സേനകൾ നൽകിയത്. ഇറാനുൾപ്പെടെ രാജ്യത്തു കൊലപാതകത്തിനും അക്രമങ്ങൾക്കും അവസരം തുറന്നു കൊടുക്കുകയാണ് സിറിയ. ഇറാനും സിറിയയ്ക്കും ഇവരെ പിന്തുണയ്ക്കുന്ന ലബനനിലെ ഹിസ്ബുള്ള വിഭാഗത്തിനുമുള്ള മുന്നറിയിപ്പു സൂചന കൂടിയാണു വ്യോമാക്രമണമെന്നും ഇസ്രയേൽ വ്യക്തമാക്കി. ഉചിതമായ മറുപടിയാണ് സിറിയയ്ക്കു സഖ്യസേന നൽകിയതെന്ന് തുർക്കിയും പ്രതികരിച്ചു.

അതിനിടെ, ലോകത്തിൽ സംഘർഷം ആളിക്കത്തിക്കാനാണ് ഇത്തരം ആക്രമണങ്ങൾ ഇടയാക്കുകയെന്ന് സിറിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യാന്തര സുരക്ഷയ്ക്കും ഇതു ഭീഷണിയാണ്. സിറിയയിലെ സകലയിടത്തും സുരക്ഷിതത്വം ഉറപ്പാക്കാന്‍ സൈന്യം പോരാട്ടം തുടരും. കിരാതമായ ആക്രമണമാണുണ്ടായത്. പക്ഷേ അതൊരുതരത്തിലും സൈന്യത്തിന്റെ നിശ്ചയദാർഢ്യത്തെ തകർക്കില്ല– ഔദ്യോഗിക വാർത്താ ഏജൻസിയായ ‘സന’ വ്യക്തമാക്കി.