Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഅദനിയെ വെറുതെ വിടുക, അല്ലെങ്കിൽ തൂക്കിലേറ്റുക– മന്ത്രി ജലീലിന്റെ കുറിപ്പിന് വിമർശനം

KT-Jaleel-visits-Abdul-Nasar-Madani മന്ത്രി കെ.ടി.ജലീൽ അബ്ദുൽ നാസർ മഅദനിയെ സന്ദർശിച്ചപ്പോൾ

മലപ്പുറം ∙ ബെംഗളൂരുവിൽപ്പോയി പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയെ സന്ദർശിച്ചശേഷം, അദ്ദേഹത്തെ വെറുതെവിടുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്നു ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട മന്ത്രി കെ.ടി.ജലീലിനെതിരെ വിമർശനവുമായി ‘സൈബർ പോരാളികൾ’. ഇടതു സർക്കാരുമായി ചേർന്നു മഅദനിയെ മോചിപ്പിക്കാൻ ശ്രമിക്കാതെ ജലീൽ ‘സന്ദർശന നാടകം’ കളിക്കുകയാണെന്നാരോപിച്ചാണു പോസ്റ്റിന്റെ കമന്റുകൾ.

‘ഒന്നുകിൽ മഅദനിയെ വെറുതെവിടുക, അല്ലെങ്കിൽ അദ്ദേഹത്തെ തൂക്കിലേറ്റുക’ എന്ന തലക്കെട്ടിൽ ജലീൽ എഴുതിയ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ:

‘പുട്ടപർത്തിയിൽ സായിബാബയുടെ ആശ്രമത്തിൽ വിഷുവിനോടനുബന്ധിച്ചു നടക്കുന്ന സൗഹൃദ കൂട്ടായ്മയിൽ പങ്കെടുക്കാൻ പോകവെയാണ് മഅദനിയെ കാണാൻ അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിലെത്തിയത്. ഒരുപാടു രോഗങ്ങളുടെ ആക്രമണത്തിൽ ശരീരം തളർന്നിട്ടുണ്ടെങ്കിലും മനസ്സിന് എവിടെയും ഒരു ഇടർച്ചയുമില്ലെന്നു സംസാരിച്ചു തുടങ്ങിയപ്പോഴേ ബോധ്യമായി. കർണാടക സർക്കാർ വിചാരണ നീട്ടുക്കൊണ്ടുപോകുന്നതുതന്നെ മഅദനി നിരപരാധിയാണെന്നതിനു തെളിവാണ്. കർണാടകയിലെ കോൺഗ്രസ് സർക്കാർ ബിജെപിക്കു പഠിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഒന്നുകിൽ മഅദനിയെ വെറുതെവിടുക. അല്ലെങ്കിൽ അദ്ദേഹത്തെ തൂക്കിലേറ്റുക. ജീവിതത്തിനും മരണത്തിനുമിടയിലിട്ടുള്ള ഈ പീഡനം സഹിക്കാവുന്നതിലും അപ്പുറമാണ്.’

മഅദനിയെ കൈമാറിയതു മുൻപു ഭരണത്തിലുണ്ടായിരുന്ന ഇടതു സർക്കാരാണെന്നാണു ജലീലിന്റെ പോസ്റ്റിനുള്ള കമന്റുകളിലെ പ്രധാന ആരോപണം. സമൂഹമാധ്യമങ്ങളില്‍ വീമ്പിളക്കി വല്യേട്ടൻ ചമയാതെ ഭരണതല ഇടപെടൽ നടത്തി മഅദനിയെ മോചിപ്പിക്കാൻ ജലീൽ തയാറാകണമെന്നും ഒട്ടേറെപ്പേർ ആവശ്യപ്പെടുന്നു. സർക്കാർതലത്തിൽ ആലോചിച്ചു നീതിക്കായിട്ടുള്ള ശ്രമങ്ങൾ ജലീലിന്റെ നേതൃത്വത്തിൽ നടത്തണമെന്നാവശ്യപ്പെട്ടുള്ള കമന്റുകളും ഏറെയുണ്ട്.

related stories