Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറിഞ്ഞിപ്പൂക്കാലത്തെ വരവേൽക്കാനൊരുങ്ങി മൂന്നാർ; വാഹനഗതാഗതം പരിഷ്കരിക്കും

munnar

മൂന്നാർ ∙ കുറിഞ്ഞിപ്പൂക്കാലത്തിനു മുന്നോടിയായി മൂന്നാർ ടൗണിൽ വാഹന ഗതാഗതവും കാൽനടയാത്രയും സുഗമമാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. കഴിഞ്ഞയാഴ്ച നടന്ന ഗതാഗത ഉപദേശക സമിതി തീരുമാനപ്രകാരമാണ് പഞ്ചായത്തും പൊലീസും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നടപടികൾ സ്വീകരിക്കുന്നത്.

ടൗണിലെ വാഹനക്കുരുക്കിന് പരിഹാരം കാണാൻ ബസുകൾ ടൗണിൽ പ്രവേശിക്കുന്നതിനും നാളെ മുതൽ നിയന്ത്രണം ഏർപ്പെടുത്താനാണു തീരുമാനം. പഴയ മൂന്നാറിലെ പഞ്ചായത്തുവക പാർക്കിങ് സ്ഥലം നാളെ മുതൽ ബസ് സ്റ്റാൻഡ് ആയി മാറുന്നതോടെയാണിത്. മൂന്നാർ വരെയുള്ള ബസുകളെല്ലാം ടൗണിനകത്തേക്ക് പ്രവേശിക്കാതെ പോസ്റ്റ് ഓഫിസ് കവലയിൽ ആളെ ഇറക്കി ബൈപാസ് വഴി തിരിച്ച് പഴയ മൂന്നാർ സ്റ്റാൻഡിലെത്തി നിർത്തിയിടണമെന്നാണ് തീരുമാനം. അടുത്ത ട്രിപ്പിന് സമയമാകുമ്പോൾ ടൗണിലെത്തി ആളെ കയറ്റി പോകണം.

ടാക്സി സ്റ്റാൻഡിൽ നിലവിൽ രണ്ടു നിരയായി കിടക്കുന്ന വാഹനങ്ങൾ ഒറ്റ നിരയായി മാത്രം ഇടുകയും ബസുകൾ നിർത്തിയിടുന്നത് ഒഴിവാകുകയും ചെയ്യുന്നതോടെ ടൗണിൽ വാഹനങ്ങൾക്ക് സുഗമസഞ്ചാരത്തിനുള്ള തടസ്സം ഒരു പരിധിവരെ മാറിക്കിട്ടുമെന്നു മൂന്നാർ ഡിവൈഎസ്പി: അഭിലാഷ് പറഞ്ഞു.

ടൗണിൽ ഏറ്റവും തിരക്കേറിയ വ്യാപാര മേഖലയായ മെയിൻ ബസാറിൽ ഇരുവശത്തെയും വ്യാപാരികൾ നടപ്പാത കയ്യേറി സാധനങ്ങൾ ഇറക്കിവച്ചിരിക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. പഞ്ചായത്ത് അധികൃതർ ഇന്നലെ ഇവിടെയെത്തി നിരത്തിൽ ഇറക്കിവച്ചിരിക്കുന്ന സാധനങ്ങൾ മാറ്റാൻ വ്യാപാരികൾക്ക് നിർദേശം നൽകി. 15നു ശേഷവും ഈ കയ്യേറ്റം തുടർന്നാൽ നടപ്പാതയിൽ വച്ചിരിക്കുന്ന സാധനങ്ങൾ കസ്റ്റഡിയിൽ എടുക്കാനാണ് ഗതാഗത ഉപദേശക സമിതി നിർദേശം നൽകിയിരിക്കുന്നത്.

മെയിൻ ബസാറിലെ ചില വ്യാപാരികൾ തങ്ങളുടെ സ്ഥാപനങ്ങൾക്കു മുന്നിലെ പൊതുനിരത്ത് കയ്യടക്കി വഴിവാണിഭക്കാർക്ക് വൻതുകയ്ക്ക് മറിച്ചുനൽകിയിട്ടുണ്ട്. ഇത്തരം കയ്യേറ്റങ്ങളും വൈകിട്ടോടെ ഒഴിയാനാണ് നിർദേശം നൽകിയിരിക്കുന്നത്.