Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി ഫാസ്റ്റിനെ ഇനി സ്വകാര്യ ബസുകള്‍ ‘ഓവര്‍ടേക്’ ചെയ്യില്ല

ksrtc-fast-passenger-bus

തിരുവനന്തപുരം∙ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ യാത്രാസമയം ‘മെച്ചപ്പെടുത്തിയ’ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം മരവിപ്പിച്ചു. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിന് ഒരു കിലോമീറ്റര്‍ പിന്നിടാന്‍ രണ്ടു മിനിറ്റും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പിന് 1.45 മിനിറ്റും അനുവദിച്ച തീരുമാനമാണ് മരവിപ്പിച്ചത്. കുറഞ്ഞ സമയത്തിൽ കിലോമീറ്റർ പിന്നിടാമെന്ന സൗകര്യം സ്വകാര്യ ബസുകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളെ പിന്തള്ളി ഓടാമെന്ന സ്ഥിതിവിശേഷമുണ്ടാക്കിയിരുന്നു.

സ്വകാര്യ ബസുകളെ സഹായിക്കുന്നതാണ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനമെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന്, കെഎസ്ആര്‍ടിസി എംഡിയായിരുന്ന എ. ഹേമചന്ദ്രന്‍ ഐപിഎസാണ് സര്‍ക്കാരിന് പരാതി നല്‍കിയത്. തുടര്‍ന്നാണ് തീരുമാനം മരവിപ്പിച്ചത്. ഈ മാസം 21 ന് ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ പുതിയ സമയക്രമം തീരുമാനിക്കും.

ജനുവരി നാലിനു ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് വിവിധ ശ്രേണികളിലുള്ള സ്റ്റേജ് കാര്യേജ് സര്‍വീസുകളുടെ റണ്ണിങ് സമയം പുതുക്കി നിശ്ചയിച്ചത്. കേരളത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ 2013 ജൂലൈ 16ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചിരുന്നു. സ്വകാര്യ ബസുകള്‍ സൂപ്പര്‍ ക്ലാസ് ബസുകളായി സര്‍വീസ് നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു ഇത്.

കാലാവധി പൂര്‍ത്തിയാക്കുന്ന സ്വകാര്യ സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ ഏറ്റെടുത്തു നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചു. ഇത്തരത്തിലുള്ള 245 സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്തു. പെര്‍മിറ്റ് നഷ്ടപ്പെട്ട സൂപ്പര്‍ ക്ലാസ് ബസുകള്‍ക്ക് ഓര്‍ഡിനറി സര്‍വീസ് നടത്താനേ അര്‍ഹതയുണ്ടായിരുന്നുള്ളൂ. ഓര്‍ഡിനറി ബസുകള്‍ക്ക് പരമാവധി സഞ്ചരിക്കാവുന്ന ദൂരം 140 കിലാമീറ്ററാണ്.

എന്നാല്‍, 2015 ഓഗസ്റ്റ് 20ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലൂടെ സൂപ്പര്‍ ക്ലാസ് വിഭാഗത്തില്‍ സര്‍വീസ് നടത്തിയിരുന്ന എല്ലാ സ്വകാര്യ ബസുകള്‍ക്കും ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി വിഭാഗത്തില്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്ത സൂപ്പര്‍ ക്ലാസ് റൂട്ടില്‍ അതേസമയത്ത് അതേ സ്റ്റോപ്പില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കി. ഇതു കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ക്ക് തിരിച്ചടിയായി. ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി എന്ന പുതിയ ശ്രേണി കൂടി വന്നതോടെ നിലവിലുള്ള ബസുകളുടെ റണ്ണിങ് സമയം നിശ്ചയിക്കുന്നതിനായി മോട്ടോര്‍വാഹന വകുപ്പ് പുതിയ റണ്ണിങ് ടൈമിന് ശുപാര്‍ശ ചെയ്തു.

വ്യത്യസ്ത റോഡുകള്‍ക്കു വ്യത്യസ്ത റണ്ണിങ് ടൈം അശാസ്ത്രീയമെന്നാണു പ്രത്യേക സമിതി കണ്ടെത്തിയത്. എന്നാല്‍ കഴിഞ്ഞ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് അതോറിറ്റി യോഗം കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ ഈ നിര്‍ദേശം തള്ളി. പകരം ഓരോ റോഡിനും വ്യത്യസ്ത റണ്ണിങ് ടൈം നിശ്ചയിച്ചു. ഇതോടെ കുറഞ്ഞ സ്റ്റോപ്പുകളുള്ള കെഎസ്ആര്‍ടിസി ബസുകളുടെ റണ്ണിങ് സമയം കൂടി. കൂടുതല്‍ സ്റ്റോപ്പുകളുള്ള സ്വകാര്യ ലിമിറ്റഡ് ഓര്‍ഡനറി സര്‍വീസുകളുടെ റണ്ണിങ് സമയം കുറഞ്ഞു.

കെഎസ്ആര്‍ടിസി ബസുകളേക്കാള്‍ വേഗത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഓടിയെത്താവുന്ന അവസ്ഥയുണ്ടായതോടെ രണ്ടു സര്‍വീസുകളും തമ്മില്‍ അനാവശ്യ മത്സരം ഉണ്ടായി. ഇതു സംബന്ധിച്ച പരാതി കെഎസ്ആര്‍ടിസി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് നടപടി മരവിപ്പിച്ചത്. സ്വകാര്യ ഓര്‍‌ഡിനറി ബസുകള്‍ക്ക് ഒരു കിലോമീറ്റര്‍ പിന്നിടാന്‍ 2.15 മിനിട്ടെന്ന സ്ഥിതി പുനഃസ്ഥാപിക്കപ്പെടുമെന്നാണ് സൂചന.

related stories