Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഗ്രസ്ഫോടനവുമായി സിറിയയിൽ യുഎസ് വ്യോമാക്രമണം; റഷ്യൻ തിരിച്ചടി ഭയന്ന് ലോകം

Syria US Attack യുഎസ് ആക്രമണ സമയത്ത് ദമാസ്കസ് നഗരം. ചിത്രം: എഎഫ്പി

വാഷിങ്ടൻ∙ സിറിയയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി യുഎസ് സഖ്യസേന. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരമാണ് ആക്രമണം. ബ്രിട്ടനും ഫ്രാൻസും ആക്രമണത്തിനു സൈനിക പിന്തുണ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ചുള്ള വിശദീകരണവുമായി ട്രംപ് അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തു.

ദമാസ്കസിനു സമീപം ഡൗമയിൽ കഴിഞ്ഞയാഴ്ച സിറിയ നടത്തിയ രാസാക്രമണത്തിനുള്ള പ്രതികരണമായാണ് ആക്രമണമെന്ന് ട്രംപ്  പറഞ്ഞു. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ തകർക്കുക മാത്രമായിരുന്നു ലക്ഷ്യം. യുഎസ് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയോടെ (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ) നടത്തിയ ആക്രമണം ആവസാനിച്ചതായും യുഎസ് അറിയിച്ചു. സിറിയയ്ക്കെതിരെ ‘അപകടകരമായ’ ഒരു നീക്കവും നടത്തരുതെന്ന് യുഎസിനോടും ബ്രിട്ടനോടും ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം.

സിറിയൻ തലസ്ഥാനമായ ദമാസ്കസിന്റെ സമീപ പ്രദേശങ്ങളിൽ ഉഗ്രസ്ഫോടനങ്ങളാണുണ്ടായത്. നൂറോളം മിസൈലുകളാണ് സിറിയയുടെ രാസായുധ കേന്ദ്രങ്ങൾക്കു നേരെ പ്രയോഗിച്ചതെന്ന് യുഎസ് വ്യക്തമാക്കി. എന്നാൽ മുപ്പതോളം മിസൈലുകളാണു വന്നതെന്നും അവയിൽ ഭൂരിഭാഗവും തകർത്തതായും സിറിയ അറിയിച്ചു. ദമാസ്കസിനു തെക്കു ഭാഗത്ത് 13 മിസൈലുകൾ തകർത്തെന്നും സിറിയൻ വ്യോമസേന അറിയിച്ചു.

നേരത്തേ ഒഴിപ്പിച്ചെന്ന് സിറിയ

Syria US Attack ദമാസ്കസിനു സമീപം യുഎസ് നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് പുകച്ചുരുളുകൾ ഉയരുന്നു. ചിത്രം: എഎഫ്പി

യുഎസ് ആക്രമിച്ച കേന്ദ്രങ്ങളെല്ലാം നേരത്തേത്തന്നെ ഒഴിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് ദിവസങ്ങൾക്കു മുൻപു തന്നെ റഷ്യൻ ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയിരുന്നുവെന്നും സിറിയ വ്യക്തമാക്കി. എന്നാൽ ഇക്കാര്യങ്ങളെല്ലാം യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് തള്ളിക്കളഞ്ഞു. ‘ഇത്തവണ എല്ലാം ഒരൊറ്റ ആക്രമണത്തില്‍ ഒതുക്കുകയാണ്’ മാറ്റിസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാസായുധങ്ങൾ നിർമിക്കാൻ അസദ് ഭരണകൂടത്തെ സഹായിക്കുന്ന കേന്ദ്രങ്ങളാണു തകര്‍ത്തതെന്നും മാറ്റിസ് പറഞ്ഞു. 

എന്നാൽ രാസായുധ പ്രയോഗം നടത്തിയെന്ന വാദം സിറിയ പൂർണമായും തള്ളി. ‘നല്ല ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആത്മാക്കളെ അപമാനിക്കാനാകില്ലെന്ന്’ സിറിയൻ പ്രസിഡന്റ് ബാഷര്‍ അൽ അസദിന്റെ ഓഫിസ് ട്വീറ്റ് ചെയ്തു. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് യുഎസ് നടത്തിയതെന്നും സിറിയ വിമർശിച്ചു. ആക്രമണം അവസാനിച്ചതിനു പിന്നാലെ ദമാസ്കസിലെ തെരുവുകളിൽ ദേശീയത ഉദ്ഘോഷിക്കുന്ന ഗാനങ്ങളുമായി വാഹനങ്ങൾ സഞ്ചരിക്കുന്ന റിപ്പോർട്ടും ഏജൻസികൾ പുറത്തുവിട്ടു.

‘തിരിച്ചടി ഉറപ്പ്’

വിമതർക്കെതിരെ സിറിയയ്ക്കു സൈനിക പിന്തുണ നൽകുന്ന റഷ്യയും യുഎസിനെ വിമർശിച്ചു രംഗത്തെത്തി. ആക്രമണത്തിനു കനത്ത തിരിച്ചടി പ്രതീക്ഷിക്കാമെന്ന് യുഎസിലെ റഷ്യൻ അംബാസഡർ അനറ്റോലി ആന്റനോവ് പ്രസ്താവനയിൽ പറഞ്ഞു. ‘എല്ലാവരും ഭയപ്പെട്ട കാര്യമാണു സംഭവിച്ചത്. ഞങ്ങളുടെ മുന്നറിയിപ്പെല്ലാം അവർ തള്ളി. നേരത്തേ തയാറാക്കിയെടുത്ത ഒരു ‘പദ്ധതി’യാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. ഞങ്ങളെ പലപ്പോഴായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒരു കാര്യം ഉറപ്പായും പറയാം, ഇത്തരം നടപടികൾക്കെല്ലാം കൃത്യമായ തിരിച്ചടിയുണ്ടാകും. അതിന്റെയെല്ലാം ഉത്തരവാദിത്തം യുഎസിനും യുകെയ്ക്കും ഫ്രാൻസിനുമായിരിക്കും. റഷ്യൻ പ്രസിഡന്റിനെ അപമാനിക്കുന്നതു വച്ചുപൊറുപ്പിക്കാനാകില്ല. ലോകത്ത് ഏറ്റവുമധികം രാസായുധം ശേഖരിച്ചു വച്ചിരിക്കുന്ന യുഎസിന് റഷ്യയെ വിമർശിക്കാൻ യാതൊരു അധികാരവുമില്ല’– ആന്റനോവ് പ്രസ്താവനയിൽ വ്യക്തമാക്കി.

സമ്മർദം തുടരുമെന്ന് ട്രംപ്

അതേസമയം, സ്വന്തം ജനതയ്ക്കെതിരെയാണ് സിറിയ ആക്രമണം നടത്തുന്നതെന്ന് ട്രംപ് പറഞ്ഞു. രാജ്യാന്തര തലത്തിൽ നിരോധിച്ച രാസായുധങ്ങൾ ഉപയോഗിച്ച് സാധാരണക്കാരെയും കുട്ടികളെയും ഉൾപ്പെടെയാണു കൊന്നൊടുക്കുന്നത്. ഈ ‘ക്രിമിനൽ’ നടപടിയിൽ നിന്നു പിന്മാറും വരെ അസദിനു മേൽ സമ്മര്‍ദം തുടരും. സിറിയയുടെ ആക്രമണത്തിൽ റഷ്യയും ഇറാനും പങ്കാളിയാകുന്നതിനെതിനെയും ട്രംപ് വിമർശിച്ചു. ‘കൊലയാളികളായ ഏകാധിപതികളെ’യാണു റഷ്യയും ഇറാനും പിന്തുണയ്ക്കുന്നതെന്നായിരുന്നു വിമർശനം. 2013ലെ രാജ്യാന്തര കരാർ പ്രകാരം രാസായുധ പ്രയോഗത്തിനു കൂട്ടുനിൽക്കില്ലെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കിയതാണ്. സിറിയയില്‍ കൂടുതൽ ഉത്തരവാദിത്വബോധമുള്ള സർക്കാരിനെ കൊണ്ടുവരാൻ പാശ്ചാത്യ ശക്തികൾക്കൊപ്പം ചേരാനും ട്രംപ് റഷ്യയോട് ആവശ്യപ്പെട്ടു. അതേസമയം സിറിയയിൽ ആക്രമണം തുടരുമോയെന്ന കാര്യം ട്രംപ് വ്യക്തമാക്കിയിട്ടില്ല.

‘ലക്ഷ്യം രാസായുധം മാത്രം’

US Syria Attack സിറിയയിൽ അമേരിക്കൻ സഖ്യസേനയുടെ വ്യോമാക്രമണം. അസോസിയേറ്റഡ് പ്രസ് ലേഖകൻ ട്വീറ്റ് ചെയ്ത ചിത്രം.

സിറിയയിലെ രാസായുധ കേന്ദ്രങ്ങൾ തകർക്കുക മാത്രമാണു ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞു. ‘രാജ്യാന്തര തലത്തിലും സിറിയയിലെ ജനങ്ങൾക്കും ഏറെ ഭീഷണിയായ രാസായുധങ്ങള്‍ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കാനാകില്ല’ അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. സിറിയയുടെ ആഭ്യന്തര യുദ്ധത്തിൽ ഇടപെടാൻ ആക്രമണത്തിലൂടെ ഉദ്ദേശിക്കുന്നില്ലെന്ന് ബ്രിട്ടിഷ് പ്രസിഡന്റ് തെരേസ മേ വ്യക്തമാക്കി. സിറിയൻ ഭരണകൂടത്തെ അട്ടിമറിക്കുകയെന്ന ലക്ഷ്യവുമില്ല. കൃത്യമായ ലക്ഷ്യം വച്ചുള്ള, നിയന്ത്രിത ആക്രമണമാണു സഖ്യസേന നടത്തിയത്. ആക്രമണമല്ലാതെ ഇത്തവണ ഒരു ബദൽ മാർഗമുണ്ടായിരുന്നില്ലെന്നും മേ വ്യക്തമാക്കി. 

സിറിയയിൽ സാധാരണക്കാർക്കു പ്രശ്നങ്ങളൊന്നുമുണ്ടാകാതെയുള്ള ആക്രമണത്തിനാണു ശ്രമിച്ചതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനു നേരത്തേ മുന്നറിയിപ്പു നൽകിയതാണ്. എന്നാൽ ഇത് അദ്ദേഹത്തിനു മനസ്സിലായില്ല. തുടർന്നാണ് സഖ്യശക്തികളുമായി ചേർന്ന് യുഎസിന്റെ ആക്രമണം. ഇനി രാസായുധ പ്രയോഗം ആവർത്തിക്കരുതെന്ന ശക്തമായ സന്ദേശമാണ് ആക്രമണത്തിലൂടെ നൽകിയിരിക്കുന്നത്.

അക്രമണങ്ങൾ ഇവിടെ

റഷ്യയ്ക്ക് ആക്രമണം സംബന്ധിച്ചു മുന്നറിയിപ്പൊന്നും നൽകിയിരുന്നില്ലെന്ന് മറീൻ ജനറൽ ഡൺഫോർഡ്. മൂന്നിടങ്ങളിലാണ് ആക്രമണം നടത്തിയത്: ദമാസ്കസിലെ ഒരു സയൻസ് റിസർച് കേന്ദ്രത്തിലേക്ക് ആദ്യ ആക്രമണം. ഹോംസ് നഗരത്തിനു പടിഞ്ഞാറായി രാസായുധ നിർമാണത്തിനാവശ്യമായ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സംഭരണകേന്ദ്രത്തിൽ രണ്ടാമത്തെ ആക്രമണം. രാസായുധ ആക്രമണത്തിനുൾപ്പെടെ നിർദേശം പുറപ്പെടുവിക്കുന്ന ഒരു ‘നിർണായക’ കമാൻഡ് പോസ്റ്റിലായിരുന്നു മൂന്നാമത്തെ ആക്രമണം.

കഴിഞ്ഞ വർഷവും ആക്രമണം

അതേസമയം സിറിയയിലെ യുഎസ് സഖ്യസേന ആക്രമണത്തിന്റെ കാരണങ്ങളിലൊന്ന് പാശ്ചാത്യ മാധ്യമങ്ങളെന്ന് റഷ്യ ആരോപണമുയർത്തി. സിറിയയിലെ ആക്രമണം സംബന്ധിച്ചു മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന റിപ്പോർട്ടുകൾ പ്രചരിപ്പിച്ചെന്നും റഷ്യൻ ഇൻഫർമേഷൻ ഏജൻസി പറഞ്ഞു.

Read More: മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചോ? ആശങ്കയുടെ തിരച്ചിൽ

കഴിഞ്ഞ വർഷവും സിറിയൻ രാസായുധ കേന്ദ്രങ്ങൾക്കെതിരെ യുഎസ് ആക്രമണം നടത്തിയിരുന്നു. എന്നാൽ അന്ന് ഒറ്റയ്ക്കായിരുന്നു. ഇത്തവണ ഫ്രാൻസും യുകെയുമുണ്ട് ഒപ്പം. 2017 ഏപ്രിലിലായിരുന്നു ആദ്യ ആക്രമണം. അന്ന് നിരോധിത രാസവസ്തു പ്രയോഗം തടയാൻ മുന്നറിയിപ്പെന്ന നിലയിൽ സിറിയൻ വ്യോമസേന താവളത്തിനു നേരെയായിരുന്നു മിസൈൽ പ്രയോഗം.