Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കര്‍ണാടകയിലെത്തിയാല്‍ യോഗിയെ ചെരുപ്പുകൊണ്ടു തല്ലുമെന്ന് കോണ്‍ഗ്രസ് നേതാവ്; വിവാദം

Yogi Adityanath

ബെംഗളൂരു∙ കർണാടകയിൽ കാലുകുത്തിയാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരുപ്പിന് തല്ലാനുള്ള കർണാടക കോൺഗ്രസ് വർക്കിങ് പ്രസിഡന്റിന്റെ ആഹ്വാനത്തെച്ചൊല്ലി കോൺഗ്രസ്–ബിജെപി വാക്പോര്. ഉത്തർപ്രദേശിലെ ഉന്നാവിലും ജമ്മു കശ്മീരിലെ കഠ്‌വയിലും പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതിനെതിരെ നടത്തിയ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധത്തിനിടെയാണ് കർണാടക കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു വിവാദ പരാമർശം നടത്തിയത്.

യോഗി ആദിത്യനാഥ് എത്രയും പെട്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും റാവു ആവശ്യപ്പെട്ടു. രാജ്യത്തെ രാഷ്ട്രീയ രംഗത്തിനാകെ കളങ്കമാണ് യോഗി ആദിത്യനാഥ്. അദ്ദേഹത്തിന് യുപിയില്‍ മുഖ്യമന്ത്രിയായി തുടരാനുള്ള ധാർമ്മിക യോഗ്യതയില്ല. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ അദ്ദേഹം രാജി വയ്ക്കണം – ഗുണ്ടുറാവു തുറന്നടിച്ചു.

ഇതിനു പിന്നാലെ, വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി കര്‍ണാടകയിലെ ബിജെപി നേതൃത്വം രംഗത്തെത്തി. ദിനേഷ് ഗുണ്ടുറാവുവിന്റെ ഭാര്യ ഒരു മുസ്‌ലിമാണ്. യോഗിയെ ചെരിപ്പിനടിക്കണമെന്ന് പറഞ്ഞ ദിനേഷ് ഏതെങ്കിലും മുസ്‌ലിം പണ്ഡിതനെപ്പറ്റി ഇങ്ങനെ പറയാന്‍ ധൈര്യപ്പെടുമോ എന്നായിരുന്നു ബിജെപി നേതാവ് പ്രതാപ് സിന്‍ഹയുടെ പ്രതികരണം. ഇനി അങ്ങനെ പറഞ്ഞാല്‍ താങ്കളുടെ ഭാര്യയുടെ കൈകൊണ്ടാവും ആദ്യത്തെ അടി കിട്ടുക എന്നും പ്രതാപ് പരിഹസിച്ചു. സന്ന്യാസിയെ അപമാനിച്ചതിന് കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടിവരുമെന്ന് ബി.എസ്. യെഡിയൂരപ്പയും പറഞ്ഞു. അതേസമയം, റാവുവിന് ബിജെപി നൽകിയ മറുപടിയില്‍ പോലും വര്‍ഗീയതയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചടിച്ചു.

തന്റെ പരാമർശം വിവാദമായതോടെ ഗുണ്ടുറാവു ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. രണ്ടു പെൺകുട്ടികൾ മാനഭംഗത്തിന് ഇരയായ സംഭവം തനിക്കു വൈകാരിക വിഷയമാണെന്നും അതുകൊണ്ടാണ് മോശം വാക്കുകള്‍ പറയേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

ഉന്നാവിൽ പെൺകുട്ടി മാനഭംഗത്തിന് ഇരയായ സംഭവത്തിൽ ബിജെപി എംഎല്‍എയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. എംഎൽഎയ്ക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും വൈകിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സര്‍ക്കാര്‍ സമ്മര്‍ദത്തിലായത്. പിന്നീട് പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കുകകൂടി ചെയ്തതോടെ പ്രതിഷേധം ആളിക്കത്തി.