Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎന്നിൽ റഷ്യയ്ക്ക് തിരിച്ചടി; തുണച്ചത് ചൈനയും ബൊളീവിയയും മാത്രം

vladimir-putin റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ

വാഷിങ്ടൻ∙ സിറിയന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്ക്കു തിരിച്ചടി. അമേരിക്കന്‍ ആക്രമണത്തെ അപലപിക്കാന്‍ റഷ്യ കൊണ്ടുവന്ന പ്രമേയം രക്ഷാസമിതിയില്‍ പരാജയപ്പെട്ടു. പതിന​ഞ്ചംഗ സമിതിയില്‍ ചൈനയും ബൊളീവിയയും മാത്രമാണു റഷ്യയെ പിന്തുണച്ചത്.

സിറിയയില്‍ വെളളിയാഴ്ച രാത്രി നടന്ന അമേരിക്കന്‍ ആക്രമണത്തെ അപലപിക്കാന്‍ റഷ്യന്‍ ആവശ്യപ്രകാരമാണു രക്ഷാസമിതിയുടെ അടിയന്തരയോഗം ചേര്‍ന്നത്. സിറിയയ്ക്കുമേലുളള കടന്നുകയറ്റം അടിയന്തരമായി തടയുക, ഭാവിയിലും അമേരിക്കന്‍ നടപടികള്‍ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു റഷ്യയുടെ നീക്കം. എന്നാല്‍ സിറിയയില്‍ ബഷാര്‍ അല്‍ അസദ് രാസായുധം പ്രയോഗിച്ചതിനു തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും രക്ഷാസമിതിയെ അറിയിച്ചു. ഇനിയും രാസായുധ ആക്രമണത്തിന് അസദ് മുതിര്‍ന്നാല്‍ ആക്രമണം ഉണ്ടാകുമെന്നും അമേരിക്ക വ്യക്തമാക്കി.

എട്ട് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ നാലുരാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. ലോകത്തിന് ഏറ്റവും ദുഃഖകരമായ ദിനമെന്നായിരുന്നു രക്ഷാസമിതി നടപടിയെ റഷ്യന്‍ പ്രതിനിധി വിശേഷിപ്പിച്ചത്. രക്ഷാസമിതി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും റഷ്യ ആരോപിച്ചു. അസദ് രാസായുധം പ്രയോഗിച്ചെന്ന വാദം തളളിയ റഷ്യ പാശ്ചാത്യശക്തികളുടെ തെറ്റായ നിഗമനങ്ങളെ തെളിവുകള്‍ ഖണ്ഡിക്കുമെന്നും വ്യക്തമാക്കി.  

related stories