Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്ക മസ്ജിദ് സ്ഫോടനം: എല്ലാ പ്രതികളെയും വെറുതെവിട്ട് എന്‍ഐഎ കോടതി

Swami Aseemanand ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസിലെ മുഖ്യപ്രതി സ്വാമി അസീമാനന്ദ. (ഫയൽ ചിത്രം)

ഹൈദരാബാദ് ∙ ഒൻപതു പേർ കൊല്ലപ്പെട്ട ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട് എന്‍ഐഎ കോടതി. കുറ്റക്കാരെന്നു തെളിയിക്കാൻ കേസ് അന്വേഷിച്ച എൻഐഎയ്ക്കു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ നടപടി.

10 പ്രതികളില്‍ സ്വാമി അസീമാനന്ദ അടക്കം അഞ്ചുപേരാണു വിചാരണ നേരിട്ടത്. ഹൈദരാബാദിൽ ചാര്‍മിനാറിനു സമീപമുള്ള മക്ക മസ്ജിദില്‍ 2007 ലായിരുന്നു സ്ഫോടനം. ഒൻപതു പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തിനെതിരെ പരാതി ഉയർന്നപ്പോൾ കേസ് സിബിഐക്ക് വിടുകയായിരുന്നു. 2011 ലാണ് സിബിഐയില്‍ നിന്ന് എന്‍ഐഎ കേസ് ഏറ്റെടുത്തത്.

ബോബി എന്ന ദേവേന്ദ്ര ഗുപ്ത, അജയ് തിവാരി എന്ന ലോകേഷ് ശര്‍മ, നബാകുമാര്‍ ശര്‍മ എന്ന സ്വാമി അസീമാനന്ദ, ഭാരത് ബായ് എന്ന ഭാരത് മോഹാല്‍ രാധേശ്വര്‍, രജീന്ദര്‍ ചൗധരി എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കേസില്‍ 226 സാക്ഷികളെ ഹാജരാക്കിയിരുന്നുവെങ്കിലും ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെ 64 പേര്‍ മൊഴിമാറ്റി. മുഖ്യപ്രതി അസീമാനന്ദയ്ക്ക് 2017 മാര്‍ച്ചില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.