Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരത്തിൽ പങ്കെടുക്കുന്ന പ്രൊബേഷൻ ഡോക്ടർമാരെ പിരിച്ചുവിടും: കെ.കെ.ശൈലജ

KK Shailaja ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം ∙ കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ‍ (കെജിഎംഒഎ) ഭാരവാഹികളെ സ്ഥലം മാറ്റിയിട്ടില്ലെന്നു മന്ത്രി കെ.കെ.ശൈലജ. സമരത്തിൽ പങ്കെടുന്ന പ്രബേഷൻ ഡോക്ടർമാരെ പിരിച്ചുവിടും. പട്ടിക ഉച്ചയ്ക്കു നൽകണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു. നോട്ടീസ് തരാതെയാണു സമരം തുടങ്ങിയത്. സമരം അവസാനിപ്പിച്ച് ഡ്യൂട്ടിക്കു കയറിയിട്ടു വന്നാൽ ചർച്ച നടത്താമെന്നും മന്ത്രി പറഞ്ഞു.

കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.എ.റൗഫ്, ജനറൽ സെക്രട്ടറി ഡോ.വി.ജിതേഷ് എന്നിവരെ സ്ഥലംമാറ്റിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അഞ്ചു ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം നടപ്പാകാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്നു നേതാക്കൾ പറഞ്ഞു.

ഡോക്ടർമാർക്ക് നാലരമണിക്കൂർ ജോലിചെയ്യാൻ മടി: ആരോഗ്യമന്ത്രി

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒപി സമയം രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറുവരെയാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള മൂന്ന് ഡോക്ടർമാരെ നിയമിച്ചുവെന്ന് മന്ത്രി കെ.കെ.ശൈലജ. രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതൽ വൈകുന്നേരം ആറുവരെയുമെന്ന കണക്കിൽ നാലര മണിക്കൂർ വീതമാണ് ഡ്യൂട്ടി സമയം നിശ്ചയിച്ചത്. ഇത് റൊട്ടേഷൻ വ്യവസ്ഥയിലായിരിക്കും. അതിനാൽ ഡോക്ടർമാരുടെ ജോലിഭാരം കൂടുന്നുവെന്ന വാദത്തിൽ കഴമ്പില്ല.

1957 മുതൽ 2017 വരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ മാത്രമാണുണ്ടായിരുന്നത്. രോഗീപരിചരണം, പ്രതിരോധ കുത്തിവയ്പ്പ്, ഫീൽഡ്തല പ്രവർത്തനം, സെമിനാറുകൾ എന്നിവയെല്ലാം ഈ ഡോക്ടർ ഒറ്റയ്ക്കു നോക്കിയിരുന്നു. ഇപ്പോൾ മൂന്ന് ഡോക്ടർമാർക്കൊപ്പം നാല് സ്റ്റാഫ് നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയവരേയും നിയമിച്ചിട്ടുണ്ട്.

മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഒപി ഡ്യൂട്ടി രാവിലെ എട്ടുമുതൽ വൈകിട്ട് മൂന്നുവരെയാണ്. കാർഡിയോളജി പോലെയുള്ള സ്‌പെഷ്യൽറ്റികൾ വൈകിട്ട് ആറുമണിവരെ പ്രവർത്തിക്കുന്നുണ്ട്. അതിരാവിലെ ഓപ്പറേഷൻ തിയറ്ററിൽ കയറുന്ന ഡോക്ടർമാർ പലപ്പോഴും രാത്രിയാണ് അവിടെനിന്നും ഇറങ്ങുന്നത്. കമ്യൂണിറ്റി ഹെൽത്ത് സെന്റർ, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലേയും ഡോക്ടർമാർ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്. സമയം നോക്കാതെ ജോലി ചെയ്യുന്ന ഭൂരിപക്ഷം ഡോക്ടർമാർ ഉള്ളപ്പോഴാണു നാലര മണിക്കൂർ ജോലി ചെയ്യാൻ ചില ഡോക്ടർമാർ മടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒപി സമയം കൂട്ടുന്നതിനോട് എതിർപ്പില്ല: കെജിഎംഒഎ

ഒപി സമയം ആറുമണിവരെയാക്കുന്നതിനോട് എതിർപ്പില്ലെന്ന് കെജിഎംഒഎ ജനറൽ സെക്രട്ടറി ഡോ.വി.ജിതേഷ്. പ്രഖ്യാപിച്ച 170 കുടുബാംരോഗ്യകേന്ദ്രങ്ങളിലും മതിയായ ഡോക്ടർമാരെ നിയോഗിക്കാത്തതിനോടാണു വിയോജിപ്പ്. ഒന്നു മുതൽ മൂന്നുവരെ ഡോക്ടർമാരുള്ള ആശുപത്രികളെ കുടുബാംരോഗ്യകേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിലേക്കും ഓരോ ഡോക്ടർമാർ വച്ചു 170 തസ്തികകളാണ് അനുവദിച്ചത്. ഒരു ഡോക്ടറുള്ള കേന്ദ്രത്തിൽ ഒരാളെ കൂടി നിയമിച്ചുകൊണ്ട് ആറുമണിവരെ ഒപി പ്രവർത്തിപ്പിക്കുന്നതു പ്രായോഗികമല്ല. ഒരു ഡോക്ടറെ തദ്ദേശസ്ഥാപനം നിയമിക്കുമെന്നാണു പറയുന്നത്. പല സ്ഥലങ്ങളിലും അഭിമുഖംപോലും നടന്നിട്ടില്ല.

അഞ്ച് ഡോക്ടർമാരെങ്കിലും വേണം. ഫീൽഡ്തല പ്രവർത്തനങ്ങൾക്ക് ഡോക്ടർമാരാണു നേതൃത്വം നൽകേണ്ടത്. ഒപി സമയം കൂട്ടുമ്പോൾ ഇതിനു സമയം ലഭിക്കില്ലെന്ന് ആരോഗ്യവകുപ്പിനെ പലതവണ ഓർമിപ്പിച്ചു. പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പെടെയുള്ള പല ജോലികളെയും ബാധിച്ചാൽ അതിനു കേരളം വലിയ വിലകൊടുക്കേണ്ടിവരും.
ആറുമണിവരെ ഒപി പ്രവർ‍ത്തിക്കുന്നതിനോടു വിയോജിപ്പില്ല. എന്നാൽ ഫാർമസിസ്റ്റുകൾക്കു നാലുമണിവരെ മാത്രമേ ഡ്യൂട്ടിയുള്ളൂ. മരുന്നുകുറിച്ചാൽ ആരുകൊടുക്കുമെന്നു വ്യക്തമല്ല. ഫാർമസിസ്റ്റുകളുടെ നിയമനം നടക്കുന്നതേയുള്ളൂ. ആശുപത്രികളിലെ ക്ലീനിങ് ഉൾപ്പെടെയുള്ള ജീവനക്കാരുടെയും ജോലിസമയം നാലുവരെയാണ്. ഇവരുടെ സഹായമില്ലാതെ ഒപി പ്രവർത്തിക്കുക സാധ്യമല്ലെന്നും ജിതേഷ് പറഞ്ഞു.  

related stories