Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യ കഴുത്തിൽ ഇലക്ട്രിക് വയർ കുരുങ്ങി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

Hand cuff hand cuff

കോന്നി ∙ സ്കൂൾ ജീവനക്കാരിയെ വീടിനുള്ളിൽ‌ കഴുത്തിൽ ഇലക്ട്രിക് വയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ പാടം ടി. എസ്. ഹൗസ് ദിലീപ്(മനോജ്–43) ആണ് അറസ്റ്റിലായത്.

ദിലീപിന്റെ ഭാര്യ മാങ്കോട് ഗവ. എച്ച്എസ്എസിലെ ഓഫിസ് ജീവനക്കാരിയായ തനൂജ(42) ആണ് മരിച്ചത്. സാക്ഷിമൊഴികളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ, ദിലീപിന്റെ പ്രേരണകൊണ്ടാണ് തനൂജയുടെ മരണം എന്നു തെളിഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ് എന്ന് പൊലീസ് പറഞ്ഞു. ദിലീപീനെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. 

കഴിഞ്ഞമാസം 28നു രാവിലെയാണു തനൂജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തു വരികയും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തനൂജയുടെ അമ്മ ഇന്ദിര ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകുകയും ചെയ്തിരുന്നു. പ്രദേശവാസികൾ ചേർന്ന് ‘ജസ്റ്റിസ് ഫോർ തനൂജ’ എന്ന പേരിൽ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു പരാതി നൽകുകയും പ്രതിഷേധയോഗവും പ്രകടനവും നടത്തുകയും ചെയ്തിരുന്നു.  തനൂജയുടെ വിവാഹ ശേഷം ഭർത്താവ് ക്രൂര പീഡനത്തിന് ഇരയാക്കിരുന്നെന്ന് പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് പ്രദേശവാസികളുടെ പരാതിയും ഉണ്ടായിരുന്നു. ഏതു സാഹചര്യമുണ്ടായാലും ആത്മഹത്യചെയ്യില്ലെന്ന് തനൂജ പറഞ്ഞിട്ടുമുണ്ടത്രേ. 

ഇത്തരം വിഷയങ്ങളെ സംബന്ധിച്ച് ബന്ധുക്കളുെടയും പ്രദേശവാസികളുടെയും ഉൾപ്പെടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. അടൂർ ഡിവൈഎസ്പി ആർ. ജോസിന്റെ നേതൃത്വത്തിൽ കോന്നി പൊലീസ് ഇൻസ്പെക്ടർ ജെ. ഉമേഷ് കുമാർ, എസ്ഐ ശ്യാംമുരളി, എഎസ്ഐ സി.വൈ.റോയ്, എസ്‌സിപിഒമാരായ റോയ് മോൻ, അനിൽ കുമാർ, വനിതാ പൊലീസ് അനിതകുമാരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്തെങ്കിലും മരണത്തെ സംബന്ധിച്ച മറ്റു വിശദാംശങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.