Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധിച്ച് സീറ്റുമോഹികൾ: മാണ്ഡ്യയിൽ കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്തു

Karnataka-Election-Congress സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ മംഗളൂരുവിലെ കോൺഗ്രസ് ഓഫിസിനു മുന്നിൽ പ്രതിഷേധവുമായെത്തിയ പാർട്ടി പ്രവർത്തകർ. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

ബെംഗളൂരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പ്രതിഷേധം. സീറ്റു പ്രതീക്ഷിച്ചിട്ടും കിട്ടാതെ പോയ നേതാക്കളും അവരുടെ അനുയായികളുമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. പ്രതിഷേധം തെരുവിലേക്കും വ്യാപിച്ചതോടെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസ് പ്രതിരോധത്തിലായി.

പതിറ്റാണ്ടുകൾക്കുശേഷം, കർണാടകയിൽ ഭരണത്തുടർച്ച സാധ്യമാക്കാമെന്ന കോൺഗ്രസിന്റെ മോഹങ്ങൾക്കു മേലാണ് സീറ്റ് മോഹികളുടെ പ്രതിഷേധം കരിനിഴൽ വീഴ്ത്തുന്നത്. ഇത്തവണ കർണാടകയിൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന സൂചനയാണ് അഭിപ്രായ സർവേകളെല്ലാം നൽകുന്നത്. സാഹചര്യങ്ങളെല്ലാം അനുകൂലമായി നിൽക്കുമ്പോഴാണ്, സീറ്റു നിഷേധിക്കപ്പെട്ടവരുടെ വ്യാപക പ്രതിഷേധം.

സീറ്റു ലഭിക്കുന്നില്ലെങ്കിൽ പാർട്ടിയിൽനിന്ന് രാജിവയ്ക്കുമെന്ന് വ്യക്തമാക്കി ഒട്ടേറെ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സീറ്റു നിഷേധിക്കപ്പെട്ടവരെല്ലാം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ കടുത്ത വിമർശവുമായി രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും ചില നേതാക്കൾ വിമർശനമുന്നയിച്ചിട്ടുണ്ട്.

മാണ്ഡ്യയിൽ കോൺഗ്രസ് ഓഫിസ് തല്ലിത്തകർത്തു

മാണ്ഡ്യ മണ്ഡലത്തിൽ മുതിർന്ന നേതാവ് രവികുമാറിനു സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികളായ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. മാണ്ഡ്യ, ചിക്കമഗളൂരു, ബെംഗളൂരു, ബെല്ലാരി തുടങ്ങിയ സ്ഥലങ്ങളിൽ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. മാണ്ഡ്യയിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധക്കാർ പാർട്ടി ഓഫിസ് തല്ലിത്തകർത്തു. ചലച്ചിത്രതാരവും സിറ്റിങ് എംഎൽഎയുമായ അംബരീഷിനാണ് കോൺഗ്രസ് ഇവിടെ സീറ്റ് നൽകിയത്.

സീറ്റു നിഷേധിക്കപ്പെട്ട കോൺഗ്രസിന്റെ മീഡിയ കോഓർഡിനേറ്റർ ബ്രിജേഷ് കാലപ്പയും വിമർശനവുമായി രംഗത്തെത്തി. സമൂഹമാധ്യത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ, ഇതാദ്യമായല്ല തനിക്കു സീറ്റു നിഷേധിക്കപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബ്രിജേഷ് കാലപ്പയുടെ അനുയായികളും പ്രതിഷധവുമായി തെരുവിലിറങ്ങി. സീറ്റു നിഷേധിക്കപ്പെട്ട മുൻ എക്സൈസ് മന്ത്രി മനോഹർ തഹ്‌സിൽദാറിന്റെ അനുയായികൾ അദ്ദേഹത്തിന്റെ മണ്ഡലമായ ഹംഗലിൽ റോഡ് ഉപരോധിച്ചു. സ്ഥാനാർഥിപ്പട്ടികയിൽ ഇടം ലഭിക്കാതെ പോയ ജാഗലൂർ എംഎൽഎ എച്ച്.പി. രാജേഷ് പട്ടിക പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രിയെ കാണാൻ ബെംഗളൂരുവിലെത്തി.

സ്ഥാനാർഥി പ്രഖ്യാപനം നീട്ടിവച്ച കിട്ടൂരിൽ നിലവിലെ എംഎൽഎ ഡി.ബി. ഇനാംദറിന്റെ അനുയായികൾ കടുത്ത പ്രതിഷേധത്തിലാണ്. അഞ്ചുവട്ടം കിട്ടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള ഇനാംദറിനു പകരം അദ്ദേഹത്തിന്റെ ബന്ധു ബാബസാഹെബ് പാട്ടീലിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ഇനാംദറിന്റെ അനുയായികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. നിലമംഗള മണ്ഡലത്തിൽ സീറ്റു നിഷേധിക്കപ്പെട്ട മുതിർന്ന നേതാവ് അഞ്ജന മൂർത്തിയുടെ അനുയായികളും പ്രതിഷേധവുമായി രംഗത്തുണ്ട്. ആർ. നാരായണസ്വാമിയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി.

‘ഇതു സിദ്ധരാമയ്യയുടെ തുഗ്ലക് കോൺഗ്രസ്’

സീറ്റു നിഷേധിക്കപ്പെട്ട മുതിർന്ന നേതാവ് പി.രമേഷ്, താൻ ജെഡിഎസ് സ്ഥാനാർഥിയായി മൽസരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2013ലെ തിരഞ്ഞെടുപ്പിൽ സിവി രാമൻ നഗറിൽനിന്ന് മൽസരിച്ച രമേഷ്, പരാജയപ്പെട്ടിരുന്നു. ഇപ്പോഴത്തേത് ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസല്ലെന്നും സിദ്ധരാമയ്യയുടെ തുഗ്ലക് കോൺഗ്രസാണെന്നും അദ്ദേഹം വിമർശിച്ചു.

ഞായറാഴ്ച വൈകിട്ടാണ് 218 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പുറത്തുവിട്ടത്. 225 അംഗ നിയമസഭയിൽ ഏഴു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്നാണ് ഇക്കുറി ജനവിധി തേടുന്നത്. അദ്ദേഹം മൽസരിച്ചിരുന്ന വരുണ മണ്ഡലത്തിൽ മകൻ യതീന്ദ്രയാണ് ഇത്തവണ സ്ഥാനാർഥി.

related stories