Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതി ഉത്തരവിട്ടു; പൊലീസിന് ‘സഞ്ചാര സ്വാതന്ത്ര്യം’ നിഷേധിച്ച് സ്ഥലമുടമ

police പൊലീസ് സ്റ്റേഷനിലേക്കുള്ള വഴി അടച്ച നിലയിൽ

ആലപ്പുഴ ∙ പ്രധാന വഴിയിലൂടെ വാഹനം കയറ്റാനുള്ള ‘സ്വാതന്ത്ര്യം’ നിഷേധിക്കപ്പെട്ട് പൊലീസുകാർ. ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ കെട്ടിടത്തിലേക്കു കയറാനുള്ള വഴിയാണ് അടയ്ക്കപ്പെട്ടത്. ജില്ലാ പൊലീസ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ സ്വന്തം കെട്ടിടത്തിന്റെ പ്രധാന കവാടത്തിലൂടെയുള്ള സഞ്ചാരമാണു സ്വകാര്യവസ്തു ഉടമ കരിങ്കൽപാളികൾ നാട്ടി തടഞ്ഞത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നു നോട്ടിസ് പതിച്ചിട്ടുമുണ്ട്.

എആർ ക്യാംപ് ഓഫിസിന് എതിർവശമുള്ള സഹകരണ സംഘത്തിന്റെ റോഡിനോടു ചേർന്ന ഭാഗമാണു സ്വകാര്യ വ്യക്തിക്ക് അനുകൂലമായി കോടതി വിധിയുണ്ടായത്. ഇതോടെ സംഘത്തിലേയ്ക്ക് ഇരുചക്ര വാഹനത്തിനുപോലും കടന്നുപോകാൻ കഴിയാത്തവിധം തടസമായി. ഇവിടെ വസ്തു ഉടമ അനുവദിച്ച മൂന്നടി സ്ഥലത്തു കൂടി കഷ്ടിച്ചു നടന്നു കയറാവുന്ന വഴിയേ ഇന‍ിയുള്ളൂ. നേരത്തെ കേസിൽ കുടുങ്ങിക്കിടന്ന ഈ സ്ഥലം ഏറ്റെടുക്കുമ്പോൾ നൂലാമാലകൾ പരിഹരിക്കാൻ തയാറാകാതെ വന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്നു പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ പറയുന്നു.

മുന്നിൽ കേസിൽപ്പെട്ടു കിടന്ന സ്ഥലത്തിനുൾപ്പെടെ വില പറഞ്ഞാണു സഹകരണ സംഘത്തിനു സ്ഥലം വ‍ാങ്ങിയതത്രേ. കേസിൽ വിധി എതിരായതോടെ സ്വകാര്യ വസ്തുവിന്റെ ഉടമ വലിയ വിലയാണ് അഞ്ചു സെന്റ് വസ്തുവിനു പറയുന്നത്. ഈ വസ്തു സ്വന്തമാക്കണമെങ്കിൽ അരക്കോടി രൂപയെങ്കിലും സംഘം ഇനി കണ്ടെത്തേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളിലെ അവധി കഴി‍ഞ്ഞു സഹകരണ സംഘാംഗങ്ങൾ മടങ്ങിയെത്തിയപ്പോഴാണ് വഴി തടസ്സപ്പെട്ടതു കണ്ടത്.