Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർത്താൽ: വർഗീയ നിറം കലർത്തുന്നെന്ന് കുമ്മനം; 17ന് പ്രതിഷേധ ദിനമെന്ന് ഹിന്ദു ഐക്യവേദി

kummanam-rajasekharan കുമ്മനം രാജശേഖരൻ

കൊച്ചി∙ സംസ്ഥാനത്തു അപ്രഖ്യാപിത ഹാർത്താലിന്റെ മറവിൽ ചില ജില്ലകളിൽ വ്യാപകമായ അക്രമങ്ങൾ നടന്നത് ആശങ്കാജനകമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഒട്ടേറെ നിരപരാധികൾ ആക്രമിക്കപ്പെട്ടു, നിരവധി  വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. ഹർത്താലിന്റെ മറവിൽ ചില വിധ്വംസക ശക്തികൾ നടത്തിയ അക്രമം സ്വൈര്യ ജീവിതം താറുമാറാക്കി. അക്രമ സംഭവങ്ങളിൽ നടപടി ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ ഡിജിപിക്കു പരാതിയും നൽകി.

തീവ്രവാദ സംഘടനകൾ സർക്കാരിന്റെ പ്രതികരണം അറിയാൻ നടത്തിയ പരീക്ഷണമാണ് ഹർത്താൽ. മുൻകൂട്ടി അറിവുണ്ടായിട്ടും അക്രമികളെ നിയന്ത്രിക്കാൻ സർക്കാർ തയാറാകാത്തത് അവരുമായുള്ള സന്ധിയുടെ പേരിലാണ്. എല്ലാവരും അപലപിച്ച കശ്മീർ കൊലപാതകത്തിൻറെ പേരിൽ കേരളത്തിലെ ക്രമസമാധാനം അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. മലബാറിലെ ജില്ലകളിലും തിരുവനന്തപുരത്തിൻറെ വിവിധ ഭാഗങ്ങളിലുമാണ് അക്രമം അരങ്ങേറിയതെന്നും ബിജെപി ആരോപിച്ചു. അക്രമ സംഭവങ്ങളുടെ പട്ടികയും പ്രതിനിധി സംഘം ഡിജിപിക്കു കൈമാറി. 

കശ്മീരിൽ നടന്ന മനുഷ്യത്വ രഹിതമായ അക്രമം ആരും അംഗീകരിക്കുന്നില്ല. ഈ ക്രൂരപ്രവർത്തിക്കെതിരെ ജനങ്ങൾ ഒറ്റകെട്ടായി രംഗത്ത് വരികയും പ്രതികരിക്കുകയും ചെയ്‌തിട്ടുള്ള സന്ദർഭത്തിൽ ജനകീയ ഐക്യം തകർക്കുന്ന ചില ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ മലബാർ മേഖലയിൽ ഉണ്ടാകുന്നത് അപലപനീയമാണ്. പ്രശ്നത്തിന് വർഗീയ നിറം നൽകി സ്ഥിതിഗതികൾ വഷളാക്കുകയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ആപൽക്കരമായ ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നത്.

ബിജെപിയുടേതടക്കം പല പാർട്ടികളുടെയും കൊടിയും ബോർഡുകളും തകർത്തു. മുന്നറിയിപ്പില്ലാതെ നടത്തിയ ഹർത്താൽ ജനാധിപത്യ കേരളത്തിനു ഭൂഷണമല്ല. ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തുവാൻ ഉള്ള ബാധ്യതയിൽ നിന്നും സർക്കാർ ഒഴിഞ്ഞു മാറാതെ കൂടുതൽ പൊലീസ് സേനയെ നിയോഗിച്ച് ഇത്തരം അക്രമത്തെ തടയാൻ സന്നദ്ധരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

അതിനിടെ, സമൂഹ മാധ്യമങ്ങൾ വഴി ഒരു കൂട്ടം മത തീവ്രവാദികൾ മലബാർ ഭാഗത്തു നടത്തിയ ഹർത്താൽ നിരപരാധികളായ ഹിന്ദുക്കൾക്കെതിരെ നടത്തിയ ആസൂത്രിതമായ കലാപമായിരുന്നു എന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. താനൂരിൽ നിരവധി സാധാരണക്കാർ ഹർത്താൽ അനുകൂലികളുടെ  മർദനത്തിരയായി.

മതവിദ്വേഷം ഉണ്ടാക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കി അക്രമം അഴിച്ചുവിട്ടത് പോലീസിന്റെ കണ്മുന്നിലാണ്. ഹർത്താലനുകൂലികൾക്ക് സിപിഎമ്മിന്റെ പിന്തുണയുമുണ്ടായിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു പറഞ്ഞു.