Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്കപ്പ് മർദ്ദകർക്കു രക്ഷ: 12 ജില്ലകളിൽ പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയില്ല

jail

തിരുവനന്തപുരം∙ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ അന്വേഷിക്കുന്ന ജില്ലാ പൊലീസ് കംപ്ലെയിന്റ് അതോറിറ്റികൾ 12 ജില്ലകളിൽ നിലവിലില്ല. രണ്ടു ജില്ലകളിൽ മാത്രം നിലവിലുള്ള അതോറിറ്റിയുടെ അധ്യക്ഷൻമാർക്കു മറ്റു 12 ജില്ലകളിലെ ചുമതല വീതിച്ചു നൽകിയിരിക്കുകയാണ്. സംസ്ഥാന അതോറിറ്റി അച്ചടക്ക നടപടിക്കു ശുപാർശ ചെയ്ത നാൽപതിലേറെ കേസുകളിൽ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ നിന്നു സ്റ്റേ ഉത്തരവും നേടി. ഇതോടെ ജനത്തെ എന്തു ചെയ്താലും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒന്നും സംഭവിക്കില്ലെന്ന സ്ഥിതിയാണ്.

വർഷം 800ലേറെ പരാതികളാണു സംസ്ഥാന അതോറിറ്റിയിൽ ലഭിക്കുന്നത്. അത്ര തന്നെ പരാതികൾ ജില്ലാ അതോറിറ്റികളിലും ലഭിക്കും. റിട്ട.ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സംസ്ഥാന അതോറിറ്റി നിലവിലുണ്ട്. എസ്പിമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ പരാതികളാണ് ഇവിടെ അന്വേഷിച്ചു തീർപ്പാക്കുന്നത്. എന്നാൽ നേരത്തെ സംസ്ഥാന അതോറിറ്റി ഡിവൈഎസ്പിമാർക്കും സിഐമാർക്കുമെതിരായ പരാതി അന്വേഷിച്ചു ശക്തമായ നടപടി ശുപാർശ ചെയ്തിരുന്നു. അതിനെയാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. സംസ്ഥാന അതോറിറ്റിക്ക് ഇതിനുള്ള അധികാരമില്ലെന്ന വാദം ഉയർത്തി അവർ സ്റ്റേ ഉത്തരവു നേടി. മാസങ്ങളായിട്ടും ഇതിനെതിരെ അപ്പീൽ നൽകാനോ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനോ സർക്കാർ തയാറായിട്ടില്ല. ഉദ്യോഗസ്ഥരുടെ സ്വാധീനത്താലാണ് അപ്പീൽ നൽകേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചത്.

കേരള പൊലീസ് ആക്ടിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാന–ജില്ലാ അതോറിറ്റികൾ രൂപീകരിച്ചത്. റിട്ട.ജില്ലാ ജഡ്ജി അധ്യക്ഷനായ അതോറിറ്റികൾ നിലവിൽ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണു നിലവിലുള്ളത്. മറ്റു 12 ജില്ലകളിൽ ആറു വീതം ജില്ലകളുടെ ചുമതലയും ഇവർക്കു നൽകിയിട്ടുണ്ട്. കോൺസ്റ്റബിൾ മുതൽ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥർക്കെതിരായ പരാതികളാണു ജില്ലാ അതോറിറ്റികൾ അന്വേഷിക്കേണ്ടത്. എന്നാൽ പല ജില്ലകളിലും സിറ്റിങ് പോലും നടക്കാറില്ലെന്നു പരാതിക്കാർ ചൂണ്ടിക്കാട്ടി. എല്ലാ ജില്ലാ കലക്ടറേറ്റുകളിലും അതോറിറ്റിയുടെ ഓഫിസ് സജ്ജീകരിച്ചിട്ടുണ്ട്. പരാതി കേൾക്കാനും അന്വേഷിക്കാനും ആരുമില്ലെന്നു മാത്രം.

ജില്ലാ അതോറിറ്റി അന്വേഷിക്കേണ്ട പരാതികൾ ജില്ലാ കലക്ടറേറ്റുകളിലാണു നൽകേണ്ടത്. അതു പലർക്കും അറിയാത്തതിനാൽ ലോക്കപ്പ് മർദ്ദകരായ പൊലീസുകാർ പലരും രക്ഷപ്പെട്ടു ക‌ഴിയുകയാണ്. അതോറിറ്റി അധ്യക്ഷൻ ജില്ലകളിൽ സിറ്റിങ്ങിനു വരുമ്പോൾ ഈ പരാതി കലക്ടറേറ്റിൽ നിന്നു കൈമാറും. പലയിടത്തും സിറ്റിങ് നടക്കാറില്ലാത്തതിനാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ഗുരുതര പരാതികൾ പോലും മാസങ്ങളായി കലക്ടറേറ്റുകളിൽ പൊടി പിടിച്ചു കിടക്കുന്നു.