Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീറ്റുകിട്ടാത്തതിന് ഓഫിസ് തകർത്ത് കോൺഗ്രസുകാർ; പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്

Shashil-Namoshi സീറ്റു നിഷേധിക്കപ്പെട്ടതിനെതിരെ മാധ്യമങ്ങളെ കാണുമ്പോൾ പൊട്ടിക്കരയുന്ന ബിജെപി നേതാവ് ഷശീൽ നമോഷി. (എഎൻഐ ട്വീറ്റ് ചെയ്ത വിഡിയോയിൽനിന്ന്)

കലബുറഗി∙ നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന കർണാടകയിൽ സീറ്റു നിഷേധിക്കപ്പെട്ട കോൺഗ്രസ്സുകാർ പാർട്ടി ഓഫിസുകൾ തല്ലിത്തകർക്കുന്നതിനിടെ, ‘വ്യത്യസ്ത പ്രതിഷേധ’വുമായി ഒരു ബിജെപി നേതാവ്. ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടതിനു പിന്നാലെ സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാവ് ഷശീൽ നമോഷി മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു.

കലബുറഗി സൗത്ത്, കലബുറഗി നോർത്ത് എന്നീ മണ്ഡലങ്ങളിലൊന്നിൽ ബിജെപി സ്ഥാനാർഥിയാകുമെന്ന് കരുതപ്പെട്ടിരുന്ന ഷശീലിന് രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടികയിലും ഇടം ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് മാധ്യമങ്ങളെ കണ്ട ഷശീൽ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞത്.

‘വർഷങ്ങളായി പാർട്ടിക്കുവേണ്ടി അധ്വാനിക്കുകയായിരുന്ന ഞാൻ. രണ്ടാം പട്ടികയിലും പേരില്ലാതെ പോയത് എന്നെ ഞെട്ടിച്ചുകളഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. പക്ഷേ ഇതെന്ന വല്ലാതെ സങ്കടപ്പെടുത്തുന്നു’–ഷശീൽ പറഞ്ഞു.

കലബുറഗി നഗരത്തിലെ ഡപ്യൂട്ടി മേയറായിരുന്ന ഷശീൽ, ഇക്കുറി സീറ്റു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. അധോസഭയായ കര്‍ണാടക ലെജി‌സ്ലേറ്റിവ് കൗൺസിലിൽ 1996–2002, 2002–2008 കാലഘട്ടത്തിൽ അംഗവുമായിരുന്നു ഇദ്ദേഹം. കലബുറഗി സൗത്തിലെ സ്ഥാനാർഥിയെ ആദ്യ ഘട്ട പട്ടികയിൽ പ്രഖ്യാപിച്ച ബിജെപി, അവിടെ ദത്താത്രേയ പാട്ടീലിനെയാണു നിയോഗിച്ചത്. ഇതോടെ കലബുറഗി നോർത്തിൽ സ്ഥാനാർഥിയാകാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. രണ്ടാം ഘട്ട പട്ടികയിൽ അവിടെയും അവസരം ലഭിക്കാതെ പോയതോടെയാണ് ഷശീൽ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞത്. ചന്ദ്രകാന്ത് പാട്ടീലാണ് ഇവിടെ ബിജെപി സ്ഥാനാർഥി.

2018 മേയ് 12നാണു കർണാടകയിൽ വോട്ടെടുപ്പു നടക്കുന്നത്. 224 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസും ബിജെപിയും സ്ഥാനാർഥി പ്രഖ്യാപനം ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു. കോൺഗ്രസ് 218 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടതിനു പിന്നാലെ കടുത്ത പ്രതിഷേധവുമായി ചില സീറ്റു മോഹികൾ രംഗത്തെത്തിയിരുന്നു. മാണ്ഡ്യയിലുൾപ്പെടെ സീറ്റു നിഷേധിക്കപ്പെട്ട നേതാക്കളുടെ അനുയായികൾ പാർട്ടി ഓഫിസുകൾ തല്ലിപ്പൊളിക്കുകയും ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർക്കെതിരെയും പ്രതിഷേധം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.