Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടുക്ഷാമം ‘അസാധാരണമെന്നു’ ധനമന്ത്രി; എന്താണ് രാജ്യത്തു സംഭവിച്ചത്?

പിങ്കി ബേബി
Bank ATM

കൊച്ചി∙ ഏതാനും ദിവസങ്ങളായി ആന്ധ്രയിലും തെലങ്കാനയിലുമൊതുങ്ങിയ നോട്ടു ക്ഷാമം ഇപ്പോൾ രാജ്യത്താകെ ബാധിച്ചു. പല സംസ്ഥാനങ്ങളിലും എടിഎം കൗണ്ടറുകൾ താൽക്കാലികമായി അടച്ചിട്ടു. പണമില്ലെന്ന ബോർഡുകൾ വച്ചു. ബാങ്കുകളുടെ മുൻപിൽ ഉപയോക്താക്കളുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ചില മേഖലകളിൽ പെട്ടെന്ന്, അസാധാരണമായ വിധത്തിൽ നോട്ടുകള്‍ക്ക് ആവശ്യമേറിയതാണു നിലവിലെ പ്രശ്നത്തിനു കാരണമെന്നാണു കേന്ദ്ര ധനമന്ത്രി ജയ്റ്റ്‌ലി ട്വീറ്റ് ചെയ്തത്. മൂന്നു ദിവസത്തിനുള്ളിൽ പ്രതിസന്ധി പരിഹരിക്കുമെന്നു ജയ്റ്റ്‌ലി പറഞ്ഞെങ്കിലും അത്ര ചെറുതല്ല ഈ കറൻസി ക്ഷാമം. യഥാർത്ഥത്തിൽ എന്താണു സംഭവിച്ചത്? നോട്ടു നിരോധന കാലത്തേതുപോലുള്ള കറൻസി ക്ഷാമത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ്?

1. എഫ്ആർഡിഐ ബിൽ

ഫിനാൻഷ്യൽ റെസൊല്യൂഷൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷുറൻസ് (എഫ്ആർഡിഐ) ബില്ലിനെ സംബന്ധിച്ചു പരക്കുന്ന കിംവദന്തികളാണു പെട്ടെന്നുള്ള നോട്ടു ക്ഷാമത്തിനു കാരണമാകുന്നത്. ബിൽ നിയമമായാൽ ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണം സുരക്ഷിതമായിരിക്കില്ലെന്ന തെറ്റായ വാദങ്ങൾ വ്യാപകമാകുന്നുണ്ട്. ഇതിനെത്തുടർന്നു ദക്ഷിണ സംസ്ഥാനങ്ങളിലെ ഉപയോക്താക്കൾ കൂട്ടത്തോടെ ബാങ്കുകളിൽനിന്നു പണം പിൻവലിച്ചതാണു പ്രതിസന്ധിയുടെ തുടക്കം.

2. വായ്പാ തട്ടിപ്പുകൾ

നിരവ് മോദിയുടെ പിഎൻബി വായ്പാ തട്ടിപ്പും തുടർന്നു വന്ന വായ്പാതട്ടിപ്പു വാർത്തകളും ഇടപാടുകാർക്ക് ബാങ്കുകളിലുള്ള വിശ്വാസം കുറയാൻ കാരണമായി. ബാങ്കുകളുടെ കിട്ടാക്കടം കൂടുന്നതും വായ്പാതട്ടിപ്പുകളും ബാങ്കിന്റെ നിലനിൽപിനെ ബാധിക്കുമെന്ന ഭയംകൊണ്ടും ഉപയോക്താക്കൾ നിക്ഷേപം പിൻവലിക്കുന്നുണ്ട്. കൂടുതൽ ആളുകൾ പണം പിൻവലിക്കാനെത്തിയതോടെ നോട്ട് കിട്ടാതായി. തുടർന്ന് ബാങ്കുകളിലും എടിഎം കൗണ്ടറുകളിലും സ്ഥാപിച്ച, പണമില്ലെന്ന ബോർഡുകൾ കിംവദന്തികൾ വേഗത്തിൽ പരക്കാൻ കാരണമായി.

3. ഉൽസവ സീസൺ– പണത്തിനാവശ്യം കൂടി

അക്ഷയ തൃതീയ പോലുള്ള ഉൽസവങ്ങളും ചെറിയ തോതിൽ പണത്തിന്റെ ആവശ്യം കൂട്ടിയിട്ടുണ്ട്. സ്വർണം വാങ്ങാൻ പണമെടുത്തവരുടെ എണ്ണം കുറവല്ല. നാളെയാണ് അക്ഷയ തൃതീയ. കേരളത്തിൽ വിഷുവിനെ തുടർന്ന് എടിഎമ്മുകളിൽനിന്നു പണം പിൻവലിക്കൽ ചെറിയ തോതിൽ ഉയർന്നിരുന്നതായി ബാങ്ക് അധികൃതർ പറയുന്നു.

4. നിക്ഷേപം കുറയുന്നു

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബാങ്കിലെ നിക്ഷേപത്തിന്റെ തോതു കുറയുകയാണ്. 2016–17 മാർച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നിക്ഷേപത്തിന്റെ വളർച്ചത്തോത് കുത്തനെ കുറയുകയാണുണ്ടായത്. 2016–17 ൽ 15.3 ശതമാനമായിരുന്നു ബാങ്ക് നിക്ഷേപങ്ങളുടെ വളർച്ച. 2018 ഏപ്രിലിൽ ഇത് 6.7 ശതമാനം മാത്രമാണ്. അതേസമയം ബാങ്ക് ക്രെഡിറ്റ് 10.3 ശതമാനമായി ഉയരുകയും ചെയ്തു. കഴിഞ്ഞ വർഷം ഇത് 8.2 ശതമാനമായിരുന്നു.