Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിന്റെ രണ്ടാം വാർഷികം; മന്ത്രിമാർക്ക് മാർക്കിടാൻ ചോദ്യാവലിയുമായി മുഖ്യമന്ത്രി

Cabinet മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും. (ഫയൽ ചിത്രം)

തിരുവനന്തപുരം∙മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും പ്രോഗ്രസ് റിപ്പോർട്ട് തയാറാക്കുന്നു. പ്രകടന പത്രികയിൽ എൽഡിഎഫ് വാഗ്ദാനം ചെയ്തതും സർക്കാർ പലപ്പോഴായി പ്രഖ്യാപിച്ചതുമായ കാര്യങ്ങളിൽ ഏതൊക്കെ ഓരോ വകുപ്പും ഇതുവരെ നടപ്പാക്കിയെന്നു രേഖാമൂലം അറിയിക്കണമെന്ന് എല്ലാ മന്ത്രിമാരോടും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. 

ഓരോ വകുപ്പിലെയും പ്രഖ്യാപനങ്ങൾ വിശദീകരിച്ച് അതിന്റെ പുരോഗതി വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്ന മലയാളത്തിലുള്ള ചോദ്യങ്ങൾ നിശ്ചിത ഷീറ്റിൽ ടൈപ്പ് ചെയ്തു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു നൽകിയിട്ടുണ്ട്. ഇതിൽ ഏതൊക്കെ നടപ്പാക്കിയെന്നും ഏതൊക്കെ നടപ്പാക്കൽ ഘട്ടത്തിലാണെന്നും മറ്റുമുള്ള വിവരങ്ങൾ തൊട്ടടുത്ത കോളത്തിൽ രേഖപ്പെടുത്തണം.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രോഗ്രസ് റിപ്പോർട്ട് തയാറാക്കുക. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരം, ഐടി ഉൾപ്പെടെയുള്ള വകുപ്പുകളുടെ പ്രവർത്തനവും ഇങ്ങനെ വിലയിരുത്തുന്നുണ്ട്. 

മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷ സമാപനത്തിൽ മുഖ്യമന്ത്രി ഇത്തരമൊരു പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. അതേ മാതൃകയിലാണ് ഇത്തവണയും റിപ്പോർട്ട് തയാറാക്കുന്നത്.

എന്നാൽ ഇതു മന്ത്രിമാരുടെ പ്രകടനം വിലയിരുത്തി മാർക്കിടാനല്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രിമാരുടെ പ്രകടനം വിലയിരുത്തുകയും ആവശ്യമെങ്കിൽ അവരെ മാറ്റുകയും ചെയ്യേണ്ടതു പാർട്ടികളാണ്. എല്ലാ വകുപ്പുകളും പരമാവധി മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്തതായി രേഖപ്പെടുത്തുമെന്നതിനാൽ ഇത്തരമൊരു ഫോമിനെ മാത്രം ആശ്രയിച്ചു മന്ത്രിമാരെ വിലയിരുത്താനാവില്ല. പ്രോഗ്രസ് റിപ്പോർട്ട് തയാറാക്കുന്നതിനുള്ള ഷീറ്റ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു മന്ത്രിമാരുടെ ഓഫിസിലേക്ക് ആൾവശം കൊടുത്തു വിടുകയായിരുന്നു. ഇതു പൂരിപ്പിച്ച് സ്റ്റേറ്റ് ഇൻഫർമേഷൻ സെന്ററിലേക്കു മെയിൽ ചെയ്യാനാണു നിർദേശിച്ചിരിക്കുന്നത്. ചില മന്ത്രിമാർ ഇതിനോടകം ഫോം പൂരിപ്പിച്ച് അയച്ചു കഴിഞ്ഞു. മറ്റുള്ളവർ വകുപ്പു സെക്രട്ടറിമാരുടെ സഹായത്തോടെ മറുപടി തയാറാക്കിക്കൊണ്ടിരിക്കുന്നു. വകുപ്പുകൾക്കും മന്ത്രിമാർക്കും തങ്ങളുടെ പ്രവർത്തനം സ്വയം വിലയിരുത്താനുള്ള അവസരം കൂടിയാണിത്. 

ഏതെല്ലാം പദ്ധതികളാണു നടപ്പാക്കുന്നത്, അവയുടെ പുരോഗതി എവിടെ വരെയായി എന്നതിനാണു മന്ത്രിമാർ പ്രധാനമായും ഉത്തരം നൽകേണ്ടത്. ഫണ്ട് എത്ര വിനിയോഗിച്ചുവെന്നും വ്യക്തമാക്കണം. ഏതെങ്കിലും പദ്ധതികൾക്കു തടസ്സം ഉണ്ടായിട്ടുണ്ടോ, എങ്കിൽ കാരണങ്ങൾ എന്ത് എന്നും വ്യക്തമാക്കണം. നിരന്തരമുള്ള പ്രവർത്തന വിലയിരുത്തൽ, മന്ത്രിമാരെ നേരിൽ കണ്ടു മുഖ്യമന്ത്രി നടത്തുന്ന അവലോകനം എന്നിവയ്ക്കു പുറമെയാണ് പ്രോഗ്രസ് റിപ്പോർട്ട് കൂടി നൽകേണ്ടത്. വരും മാസങ്ങളിൽ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങളും അവയുടെ കാലാവധിയും രേഖപ്പെടുത്തണം. 

related stories