Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‍ഡൽഹി സർക്കാരിന്റെ ഉപദേശകരെ കേന്ദ്രം പുറത്താക്കി; ശ്രദ്ധ തിരിക്കാനെന്ന് എഎപി

Kejriwal-Modi ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍‌രിവാൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി∙ ഡൽഹിയിൽ എഎപി (ആം ആദ്മി പാർട്ടി) സർക്കാരിൽ ഉപദേശകരായി പ്രവർത്തിച്ചിരുന്ന ഒൻപതു പേരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്താക്കി. ചട്ടങ്ങൾ പാലിക്കാതെയാണു നിയമനമെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ഇത്തരം നിയമനങ്ങൾക്കു ധനവകുപ്പിന്റെ അനുമതി ആവശ്യമാണെന്നിരിക്കെ, അതു ലഭിച്ചിട്ടില്ലെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി. ഇവരെ പുറത്താക്കിയ നടപടിക്കു ഡൽഹി ലഫ്.ഗവർണർ അനിൽ ബൈജാൽ അംഗീകാരം നൽകി. ഇരട്ടപ്പദവി വിവാദത്തിൽ 20 എംഎൽഎമാരെ അയോഗ്യരാക്കിയതു ഡൽഹി ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെയാണു നീക്കം.

അതേസമയം, സർക്കാർ നിയമിച്ച ഉപദേശകരെ തീർത്തും അനാവശ്യമായ ഇടപെടലിലൂടെയാണു കേന്ദ്രം പുറത്താക്കിയതെന്ന് എഎപി സർക്കാർ പ്രതികരിച്ചു. മുതിർന്ന എഎപി നേതാവ് അതീഷി മർലേനയും പുറത്താക്കപ്പെട്ടവരിലുണ്ട്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായാണു മർലേന പ്രവർത്തിച്ചിരുന്നത്. ധനമന്ത്രിയുടെ ഉപദേഷ്ടാവ് രാഘവ് ചന്ദ, ഉപമുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് അരുണോദയ് പ്രകാശ്, നിയമമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് അമർദീപ് തിവാരി, പൊതുമരാമത്ത് മന്ത്രിയുടെ ഉപദേഷ്ടാവ് രജത് തിവാരി, ഊർജമന്ത്രിയുടെ ഉപദേഷ്ടാവ് സമീർ മൽഹോത്ര, പൊതുഭരണ വകുപ്പിലെ ഉപദേഷ്ടാവ് രാം കുമാർ ഝാ, ആഭ്യന്തര വകുപ്പിന്റെ ഉപദേശകൻ ബ്രിഗേഡിയർ ദിനകർ അദീപ്, ആരോഗ്യവകുപ്പിലെ ഉപദേശകൻ പ്രശാന്ത് സക്സേന എന്നിവരാണു പുറത്താക്കപ്പെട്ടത്.

കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിൽ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും സഹായിക്കാനായി കേന്ദ്ര സർക്കാർ അനുവദിച്ച ഔദ്യോഗിക സ്ഥാനങ്ങളിൽ ഈ ഉപദേശകരൊന്നും ഉൾപ്പെടുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. ഇവരെ ഉപദേശകരായി നിയമിച്ച അവസരത്തിൽ ചട്ടപ്രകാരം കേന്ദ്രത്തിന്റ അനുമതി വാങ്ങിയിരുന്നില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മാസം വെറും ഒരു രൂപ ശമ്പളം വാങ്ങിയാണു താൻ പ്രവർത്തിച്ചിരുന്നതെന്നു പുറത്താക്കപ്പെട്ട ഉപദേശകരിൽ ഒരാളായ രാഘവ് ചന്ദ ട്വീറ്റ് ചെയ്തു. തന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ട്വിറ്ററിൽ പോസ്റ്റു ചെയ്ത ചന്ദ, എവിടെ നിന്നാണു കേന്ദ്ര സർക്കാർ തന്നെ പുറത്താക്കിയതെന്നും ചോദിച്ചു. ഉത്തരേന്ത്യയെ വലയ്ക്കുന്ന നോട്ടുക്ഷാമം, കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മാനഭംഗങ്ങൾ തുടങ്ങിയവയിൽനിന്നു ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ഈ നടപടിയിലൂടെ മോദി സർക്കാർ ഉന്നം വയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, രാജ്യതലസ്ഥാനത്തു നടക്കുന്ന ‘വിദ്യാഭ്യാസ വിപ്ലവം’ കണ്ടു ഭയന്നാണു കേന്ദ്രം ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഓക്സ്ഫഡ് ഉൾപ്പെടെയുള്ള സർവകലാശാലകളിൽ പഠിച്ചിട്ടുള്ള അതീഷ മർലേനയെപ്പോലുള്ളവരെ പുറത്താക്കിയ നടപടിയിൽ അദ്ഭുതമില്ല. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കാര്യമായൊന്നും ചെയ്യാൻ മോദി സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മർലേനയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തെ വഴിതെറ്റിക്കാനാണു ശ്രമം – സിസോദിയ പറഞ്ഞു.

related stories