Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരേ ഭാഗത്തേക്ക് ഒരേ സമയത്ത് രണ്ടു ട്രെയിനുകളോ?; കൺഫ്യൂഷനിലായി യാത്രക്കാര്‍

INDIA RAIL

പത്തനാപുരം ∙ പാളത്തിൽ ട്രെയിനുകൾ നേർക്കു നേർ എത്തിയെന്ന ആശയക്കുഴപ്പം. യാത്രക്കാർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. കൊല്ലം–പുനലൂർ പാതയിൽ ആവണീശ്വരം സ്റ്റേഷനിലാണു സംഭവം. ഗുരുവായൂര്‍–ഇടമൺ ട്രെയിനിലെ യാത്രക്കാരാണു ട്രെയിൻ ചങ്ങല വലിച്ചു നിർത്തിയത്. രണ്ട് ഭാഗത്തും എൻജിനുള്ള കൊല്ലം–താംബരം ട്രെയിനാണ് ആശയക്കുഴപ്പത്തിനു കാരണമായത്. 

ആവണിശ്വരം സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ കൊല്ലം–താംബരം സ്പെഷൽ ട്രെയിൻ ക്രോസിങ്ങിനായി നിർത്തിയിട്ടിരുന്നു. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ പുനലൂരിൽ നിന്നു കൊല്ലത്തേക്കുള്ള പാസഞ്ചർ ട്രെയിനുമെത്തി. ഈ സമയമാണു സ്റ്റേഷന്റെ ഔട്ടറിലേക്ക് ഗുരുവായൂർ–ഇടമണ്‍ ഫാസ്റ്റ് പാസഞ്ചർ എത്തുന്നത്. ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ കൊല്ലം–താംബരം ട്രെയിൻ കടന്നു പോയതിനു ശേഷമേ ഗുരുവായൂർ–ഇടമൺ ഫാസ്റ്റ് പാസഞ്ചറിനു സ്റ്റേഷൻ സിഗ്നൽ കിട്ടുകയുള്ളു. എന്നാൽ ട്രെയിനിന്റെ മുൻബോഗിയിലുള്ളവർ രണ്ട് ട്രാക്കിലും കൊല്ലം ഭാഗത്തേക്കു ട്രെയിൻ കിടക്കുന്നതു കണ്ട് ആശയക്കുഴപ്പത്തിലായി.

പുനലൂർ–ചെങ്കോട്ട പാതയിലൂടെ മുന്നിലും പിറകിലും എൻജിൻ ഘടിപ്പിച്ചാണു ട്രെയിൻ സർവീസ് നടത്തുന്നത്. എന്നാൽ ട്രെയിൻ കണ്ടപ്പോൾ ഇതും കൊല്ലം ഭാഗത്തേക്കുള്ള ട്രെയിന്‍ ആണെന്നു ഇടമൺ പാസഞ്ചറിലെ യാത്രക്കാർ തെറ്റിദ്ധരിക്കുകയായിരുന്നു. ഇതാണ് ഇവർ ചങ്ങല വലിക്കാൻ  കാരണം. ഉടൻ തന്നെ കൊല്ലം–താംബരം ട്രെയിൻ മുന്നോട്ടു പോയെങ്കിലും ചങ്ങല വലിച്ചു നിർത്തിയതിനാൽ ഗുരുവായൂർ–ഇടമൺ പാസഞ്ചർ പുറപ്പെടാൻ വൈകി.