Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി അപ്പുണ്ണി കസ്റ്റഡിയിൽ

Rajesh

തിരുവനന്തപുരം∙ കിളിമാനൂർ സ്വദേശി റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അപ്പുണ്ണി രാജൻ പൊലീസ് പിടിയിൽ. ഒളിവിലായിരുന്ന അപ്പുണ്ണിയെ കായംകുളത്തേക്കു വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ രാജേഷിനെ കൊന്നതിൽ നേരിട്ട പങ്കെടുത്ത എല്ലാ പ്രതികളും പിടിയിലായി.

രാജേഷിനെ വെട്ടിക്കൊല്ലാൻ അലിഭായിക്കൊപ്പമുണ്ടായിരുന്നയാളാണു കായംകുളം സ്വദേശി അപ്പുണ്ണി. കൊലയ്ക്കു ശേഷം ഒളിവിൽ പോയ അപ്പുണ്ണി തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലായി മാറിമാറി കഴിയുകയായിരുന്നു. പൊലീസ് പലയിടങ്ങളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ അപ്പുണ്ണിയുമായി അടുപ്പമുള്ള ചിലരെ പൊലീസ് നിരീക്ഷണത്തിലാക്കി. ബന്ധുക്കളെ ബുദ്ധിമുട്ടിച്ചു പ്രതിയെ സമ്മർദ്ദത്തിലുമാക്കി.

എറണാകുളത്തെ ഒരു സ്ത്രീയെ അപ്പുണ്ണി സ്ഥിരമായ വിളിക്കാറുണ്ടെന്നു മനസിലായതോടെ ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ഉപയോഗിച്ച് അപ്പുണ്ണിയെ നാട്ടിലേക്കു വിളിച്ചുവരുത്തിയാണു കായംകുളത്തു വച്ചു ഇന്നലെ പുലർച്ചെ പ്രതിയെ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

മാർച്ച് 27നു പുലർച്ചെയാണ് മടവൂരിലെ സ്റ്റുഡിയോയിൽ വച്ചു രാജേഷ് കൊല്ലപ്പെട്ടത്. വിദേശി വ്യവസായി അബ്ദുൽ സത്താറിന്റെ ക്വട്ടേഷൻ പ്രകാരം അലിഭായിയും അപ്പുണ്ണിയും തൻസീറും അടങ്ങുന്ന സംഘമാണു കൊല നടത്തിയതെന്നാണു പൊലീസ് ഭാഷ്യം. അപ്പുണ്ണിയും പിടിയിലായതോടെ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത മൂന്നു പേരും ഗൂഡാലോചനയിൽ പങ്കുള്ള നാലു പേരും അറസ്റ്റിലായി. ക്വട്ടേഷൻ നൽകിയ സത്താറാണ് ഇനി പിടിയിലാകാനുള്ള പ്രധാന പ്രതി. ഖത്തറിൽ യാത്രാ വിലക്കുള്ള സത്താറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.