Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേതാവിന് സീറ്റ് നൽകിയില്ല; കർണാടക യൂത്ത് കോൺഗ്രസിൽ കൂട്ടരാജി

Indian National Congress Flag

മംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാവിനു ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിൽ കൂട്ടരാജി. മൂടബിദ്രി മണ്ഡലത്തിൽ മൽസരിക്കാൻ യൂത്ത് കോൺഗ്രസ് ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് മിഥുൻ റൈ നൽകിയ അപേക്ഷ തള്ളിയതിനെത്തുടർന്നാണു പ്രവർത്തകരുടെ കൂട്ടരാജി. ഇവിടെ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് മിഥുൻ കർണാടക പിസിസിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ സിറ്റിങ് എംഎൽഎ കെ.അഭയചന്ദ്ര ജയിനിനെ തന്നെ മൽസരിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് ജില്ലയിലെ എട്ടു നിയോജക മണ്ഡലങ്ങളിലെയും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാരടക്കം ഭാരവാഹികൾ ഡിസിസി പ്രസിഡന്റിനു രാജിക്കത്ത് നൽകിയത്.

ഇത്തവണ മൽസര രംഗത്തുനിന്നു മാറി നിൽക്കുമെന്ന് അഭയചന്ദ്ര ജയിൻ നേരത്തെ പറഞ്ഞിരുന്നു. ഇതോടെ ഐവാൻ ഡിസൂസ എംഎൽസി മണ്ഡലത്തിൽ മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. ഇതോടെ നിലപാടു മാറ്റിയ അഭയചന്ദ്ര ജയിൻ, യൂത്ത് കോൺഗ്രസ് നേതാവ് മിഥുൻ റൈക്കു ടിക്കറ്റു നൽകുകയാണെങ്കിൽ മാറാമെന്നായി. തിരഞ്ഞെടുപ്പ് അടുത്തതോടെ അഭയചന്ദ്ര ജയിൻ, മിഥുൻ റൈ, ഐവാൻ ഡിസൂസ, മുൻ മംഗളൂരു മേയർ കവിത സനിൽ എന്നിവർ മൽസരിക്കാൻ രംഗത്തെത്തി.

യു.ടി.ഖാദർ വിജയിച്ച മംഗളൂരു ഒഴികെ എല്ലാ മണ്ഡലങ്ങളിലും ഒന്നിലധികം പേർ സ്ഥാനാർഥിത്വത്തിനായി രംഗത്ത് എത്തിയതോടെ ഏഴു സിറ്റിങ് സീറ്റുകൾ അടക്കം ജില്ലയിലെ എട്ടു മണ്ഡലങ്ങളിലും കഴിഞ്ഞ തവണ മൽസരിച്ചവരെ തന്നെ രംഗത്തിറക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചു സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ രാജിക്കത്തു നൽകിയത്.

മിഥുൻ റൈക്കായി സീറ്റ് ഒഴിഞ്ഞു നൽകാമെന്നു രണ്ടു വർഷം മുമ്പു തന്നെ അഭയചന്ദ്ര ജയിൻ വാഗ്ദാനം ചെയ്തതാണെന്നു യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കിരൺ കുമാർ ഗുഡ്‌ലെഗുത്തു പറഞ്ഞു. എന്നാൽ പട്ടിക വന്നപ്പോൾ അഭയചന്ദ്ര ജയിനെ തന്നെ സ്ഥാനാർഥിയാക്കുകയായിരുന്നെന്നും യൂത്ത് കോൺഗ്രസിനെ പാടേ അവഗണിച്ചിരിക്കുകയാണെന്നും കിരൺ കൂട്ടിച്ചേർത്തു.

related stories