Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എസ്എൽസി ഫലം: സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി വിദ്യാഭ്യാസ വകുപ്പ്

sslc-exam-student2

തിരുവനന്തപുരം∙ ഈ വർഷത്തെ എസ്എസ്എൽസി ഫല പ്രഖ്യാപനം ഏപ്രിൽ 30നു ശേഷം ഏതു ദിവസവും ഉണ്ടാകാമെന്നു വിദ്യാഭ്യാസ വകുപ്പ്. അതേസമയം ഫലപ്രഖ്യാപനം മേയ് രണ്ടിനു നടക്കുമെന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ പരക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

എസ്എസ്എൽസി മൂല്യനിർണയം 23ന് ആണ് അവസാനിക്കുന്നത്. മറ്റു ജോലികൾ പൂർത്തിയാക്കാൻ ഒരാഴ്ച വേണം. ടാബുലേഷനിൽ വിട്ടു പോയ മാർക്കുകൾ പരിശോധിച്ചു വീണ്ടും ചേർക്കണം. ഗ്രേസ് മാർക്കും തുടർ മൂല്യനിർണയത്തിന്റെ മാർക്കും ഉൾപ്പെടുത്തണം. ഐടി മാർക്കും രേഖപ്പടുത്തേണ്ടതുണ്ട്. തുടർന്ന് ഒരിക്കൽ കൂടി പരിശോധിച്ചു കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഫലം പ്രഖ്യാപിക്കൂ. ഇതിന് ആറോ ഏഴോ ദിവസം എടുക്കും.

ഇപ്പോഴത്തെ സാഹചര്യത്തിൽ 30നു ഫലം തയാറാകാനാണു സാധ്യത. മേയ് ഒന്നിന് അവധിയായതിനാൽ രണ്ടിനോ മൂന്നിനോ ഫലം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ സൗകര്യം കൂടി നോക്കിയായിരിക്കും തീയതി നിശ്ചയിക്കുക.

കഴിഞ്ഞ വർഷം കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടി വരികയും മൂല്യനിർണയം നീണ്ടു പോവുകയും ചെയ്തിട്ടും മേയ് മൂന്നിനു തന്നെ ഫലം പ്രഖ്യാപിച്ചിരുന്നു. അതിനേക്കാൾ ഒരു ദിവസമെങ്കിലും നേരത്തേ ഫലപ്രഖ്യാപനം നടത്താനുള്ള ശ്രമത്തിലാണു വിദ്യാഭ്യാസ വകുപ്പ്. അതേസമയം, എല്ലാം കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം ഫലം പ്രഖ്യാപിച്ചാൽ മതിയെന്നും തിരക്കിടേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.