Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പള പരിഷ്കരണം: ഉത്തരവ് ഇറക്കിയില്ലെങ്കിൽ 24 മുതൽ യുഎൻഎ ആശുപത്രികളിൽ പണിമുടക്കും

una-strike യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം. ചിത്രം: മനോരമ

തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച ഉത്തരവു സർക്കാർ ഉടൻ പുറത്തിറക്കിയില്ലെങ്കിൽ 24 മുതൽ ആശുപത്രികളിൽ പണിമുടക്കുമെന്നു യൂണൈറ്റഡ് നഴ്സസ് അസോസിയേഷൻ. നഴ്സുമാരുടെ ശമ്പളപരിഷ്കരണ ഉത്തരവ് ഉടൻ പുറത്തിറക്കുക, ചേർത്തല കെവിഎമ്മിലെ സമരം ഒത്തു തീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ തുടങ്ങിയ അനിശ്ചിതകാല സമരം രണ്ടു ദിവസം പിന്നിട്ടപ്പോഴും നടപടിയുണ്ടാകാഞ്ഞതിനെത്തുടർന്നാണു തീരുമാനം.

നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യൂണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധികളാണു തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലുള്ള സമരത്തിൽ പങ്കെടുക്കുന്നത്. സംഘടനയ്ക്കു സംസ്ഥാനത്ത് 577 ആശുപത്രികളിൽ യൂണിറ്റുകളുണ്ട്. പണിമുടക്ക് സമരം തുടങ്ങിയാൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാവും.

ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞ ജനുവരിക്കു മുൻപ് ഇറക്കുമെന്ന വാഗ്ദാനം സർക്കാർ ഇതുവരെ പാലിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈയിൽ സംഘടന നടത്തിയ സമരത്തെത്തുടർന്നാണു നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയിരുന്നു. ഇതിനൊപ്പം മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ തീരുമാനമുണ്ടായി ഒൻപതു മാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച ഉത്തരവു സർക്കാർ പുറത്തിറക്കിയിട്ടില്ല.