Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത്തിന്റേത് ഉരുട്ടിക്കൊല?; പേശികൾക്ക് അസാധാരണ ചതവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Custody death victim Sreejith ശ്രീജിത്ത്

കൊച്ചി∙ വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയെന്ന സൂചനകളുമായി പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. ശ്രീജിത്തിന്റെ പേശികൾക്ക് അസാധാരണമായ ചതവുണ്ടെന്നും ശരീരത്തിൽ ഉരഞ്ഞ പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആയുധമുപയോഗിച്ചാണു ശ്രീജിത്തിനെ മർദിച്ചതെന്നുള്ള സൂചനയും റിപ്പോർട്ടു പങ്കുവയ്ക്കുന്നു.

Read in English

അതേസമയം, നാട്ടുകാരുമായുള്ള അടിപിടിക്കുശേഷം കസ്റ്റഡിയിലെടുക്കും വരെ മറ്റു സംഘർഷങ്ങളുണ്ടായിരുന്നില്ലെന്നും ഇക്കാരണത്താല്‍ തന്നെ രാത്രി 10.30 വരെ പരുക്കേൽക്കാൻ സാധ്യതയില്ലെന്നുമാണു വിലയിരുത്തൽ. ശ്രീജിത്തിന്റെ ശരീരത്തിലെ മുറിവുകൾ വിലയിരുത്താൻ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാരെ കണ്ടെത്താൻ നുണപരിശോധന നടത്തുന്നതും പരിഗണനയിലുണ്ട്. എസ്പിയുടെ സ്ക്വാഡും ലോക്കൽ പൊലീസും പരസ്പര വിരുദ്ധ മൊഴി നൽകുന്നതിനാൽ മർദിച്ച പൊലീസുകാരെ തിരിച്ചറിയാനായിട്ടില്ല. ഇതാണ് നുണപരിശോധന ആവശ്യത്തിനു പിന്നിൽ. പൊലീസുകാരുടെ മൊബൈല്‍ കോൾ ലിസ്റ്റും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

അതിനിടെ, ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റവാളികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ കുടുംബം രംഗത്തെത്തി. കുറ്റവാളികളെ പിടികൂടുന്നില്ലെങ്കില്‍ സിബിഐ അന്വേഷണം അടക്കമുള്ളവ ആവശ്യപ്പെടുമെന്ന് അമ്മ ശ്യാമള മനോരമ ന്യൂസിനോടു പറഞ്ഞു. നിരപരാധിയെയാണ‌ു പൊലീസ് പിടികൂടി കൊന്നുകളഞ്ഞതെന്നു ശ്രീജിത്തിന്റെ ഭാര്യ അഖിലയും പറഞ്ഞു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ശ്രീജിത്തിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഇതിനുളള നടപടികള്‍ തുടങ്ങുമെന്നും അഖില വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.