Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്തിനാണ് വാട്സാപ്പും ട്വിറ്ററും? വ്യാജവാർത്ത പ്രചരിപ്പിക്കാൻ മോദിയുണ്ടല്ലോ’

Divya-Spandana-Ramya കോൺഗ്രസിന്റെ സമൂഹമാധ്യമ മേധാവി ദിവ്യ സ്പന്ദന. ചിത്രം: ഫെയ്സ്ബുക്

ബെംഗളൂരു∙ രാജ്യത്തു വ്യാജവാർത്താ പ്രചാരണത്തെ നയിക്കുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു കോൺഗ്രസിന്റെ സമൂഹമാധ്യമ മേധാവി ദിവ്യ സ്പന്ദന. പ്രധാനമന്ത്രി മോദിയുള്ളപ്പോൾ ബിജെപിക്കു വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ സമൂഹമാധ്യമങ്ങൾ എന്തിനാണെന്നും ദിവ്യ ചോദിച്ചു. കർണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഡിഎൻഎയ്ക്കു നൽകിയ അഭിമുഖത്തിലാണു മോദിക്കെതിരെ മാണ്ഡ്യ എംപി കൂടിയായ ദിവ്യയുടെ കടുത്ത ആരോപണം.

‘‘തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രചരിക്കുന്ന വ്യാജ വാർത്തകളെ ഗൗരവത്തിലാണു കാണുന്നത്. യുഎസിൽ ഡോണൾഡ് ട്രംപും ഇന്ത്യയിൽ നരേന്ദ്ര മോദിയും തിരഞ്ഞെടുക്കപ്പെട്ടതിൽ വ്യാജവാർത്തകൾക്കു പങ്കുണ്ടെന്നു നമുക്കറിയാം. കർണാടകയിൽ ഇതിനെ പ്രതിരോധിക്കാനാണു കോൺ‌ഗ്രസ് ശ്രമിക്കുന്നത്. പക്ഷേ ബിജെപി എല്ലാ തിരഞ്ഞെടുപ്പിലും അത് ഉപയോഗിക്കുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പുകാലത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ മോദി നടത്തിയ പ്രസ്താവനയും അഹമ്മദ് പട്ടേലിനെതിരായ നിശബ്ദ പ്രചാരണവും നമ്മൾ കണ്ടതാണ്. ഇവിടെയും അതുപോലെ ‘നാശനഷ്ടം’ ഉണ്ടാക്കാമെന്നാണു ബിജെപി കരുതുന്നത്.’’

‘‘പ്രധാനമന്ത്രി മോദി തന്നെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുമ്പോൾ എന്തു ചെയ്യാനാകും? പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നു മൻമോഹനെതിരെ മോദി പറഞ്ഞത് എന്തടിസ്ഥാനത്തിലായിരുന്നു? കഴമ്പില്ലാത്ത ആരോപണങ്ങളാണു മോദി ഉന്നയിക്കുന്നത്. ബിജെപിക്കു വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ വാട്സാപ്പോ ട്വിറ്ററോ വേണമെന്നില്ല, അവർക്കു സ്വന്തമായി പ്രധാനമന്ത്രിയുണ്ടല്ലോ.’’

‘‘2014 ൽ നരേന്ദ്ര മോദിയുടെ പ്രചാ‌രണത്തിൽ  ആർഎസ്എസിനൊപ്പം ഫെയ്സ്ബുക്കും പങ്കാളിയായിരുന്നു. ഇപ്പോൾ ഡേറ്റാചോർച്ച വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക് പ്രഖ്യാപിച്ച സുരക്ഷാനടപടികളിൽ അത്ര വിശ്വാസമില്ല. പറഞ്ഞതു വിശ്വസിക്കാമെങ്കിൽ ഫെയ്സ്ബുക്കിന്റേതുപ്രതീക്ഷയുളവാക്കുന്ന തീരുമാനമാണ്. സംസ്ഥാനം ഭരിക്കുന്ന കോൺ‌ഗ്രസ് നടത്തിയ വികസന പ്രവർത്തികളെക്കുറിച്ചാണു ഞങ്ങൾ പ്രചാരണം നടത്തുന്നത്. കേന്ദ്രത്തിലുള്ള ബിജെപിക്ക് പറയാനൊന്നുമില്ല. സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞു. പുതിയ തൊഴിലവസരങ്ങളില്ല. എന്നിട്ടും വ്യാജപ്രചാരണങ്ങളിലൂടെ രംഗം കയ്യടക്കാനാണു ബിജെപിയുടെ ശ്രമം.’’

‘‘ബിജെപി ഉയർത്തിവിടുന്ന ഹിന്ദുത്വ വിഷയങ്ങളും മറ്റു വിവാദങ്ങളും പരമാവധി ഒഴിവാക്കിയാണു കോൺഗ്രസ് മുന്നോട്ടു പോകുന്നത്. പ്രശ്നങ്ങളെക്കുറിച്ചു ക്രിയാത്മകമായി സംസാരിക്കാൻ അവർ തയാറാകുന്നില്ല. കോൺഗ്രസ് വികസനം ചൂണ്ടിക്കാട്ടുന്നു. പക്ഷേ ബിജെപിയുടെ വ്യാജപ്രചാരണങ്ങളാണ് വളരെ വേഗം ആളുകളിൽ എത്തുന്നത്. സാങ്കേതികവിദ്യ മുതൽ വനിതാശാക്തീകരണം വരെയുള്ള കാര്യങ്ങളിൽ ഒന്നാമതാണ് കർണാടക. ഇതാണു ‍ഞങ്ങൾ വോട്ടർമാരോടു പറയുന്നത്.’’– ദിവ്യ വ്യക്തമാക്കി.

related stories