Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി; വനിതാ ഡോക്ടർക്കു വധഭീഷണി

Kerala-Police Representative Image

കണ്ണൂർ∙ സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നതിനിടെ എസ്ഐ അപമര്യാദയായി പെരുമാറിയെന്നു പരാതിപ്പെട്ട വനിതാ ഡോക്ടർക്കു ഫോണിൽ വധഭീഷണി. ഡോക്ടറുടെ ബന്ധുക്കൾ ഡിജിപിക്കു നേരിട്ടു പരാതി നൽകി. ജില്ലയ്ക്കു പുറത്തുനിന്നുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നു ഡിജിപി ഉറപ്പു നൽകിയതായി ബന്ധുക്കൾ പറഞ്ഞു. വനിതാ ഡോക്ടറുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും.

കഴിഞ്ഞ അപ്രഖ്യാപിത ഹർത്താൽ ദിവസമാണു പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയത്. പൊലീസുമായി ഏറ്റുമുട്ടിയ സമരക്കാരെ വൈദ്യപരിശോധനയ്ക്കു കൊണ്ടുവന്ന ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ജില്ലാ ആശുപത്രി കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ. കെ.പ്രതിഭ ഐജിക്കും എസ്പിക്കും പരാതി നൽകിയിരുന്നു. ഇതേപ്പറ്റി മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഡോക്ടറുടെ ഫോണിലേക്കു പലതവണ ഭീഷണിക്കോളുകൾ വന്നതായി ബന്ധുക്കൾ പറഞ്ഞു.

പരാതി പിൻവലിച്ചില്ലെങ്കിൽ വകവരുത്തും, കണ്ണൂരിൽ ജോലി ചെയ്യാൻ അനുവദിക്കില്ല തുടങ്ങിയവയാണു ഭീഷണി. ഹൈക്കോടതിയിൽ അഭിഭാഷകനായ ഭർത്താവും ഡോക്ടറുടെ പിതാവുമാണു ഡിജിപിയെ കണ്ടു പരാതി നൽകിയത്.  അതേസമയം, ഹർത്താൽ ദിനത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിന് അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുന്നതിനു മുൻപുള്ള വൈദ്യപരിശോധന വേഗത്തിലാക്കാൻ ആവശ്യപ്പെടുക മാത്രമാണു ചെയ്തതെന്നാണു ടൗൺ പൊലീസിന്റെ വിശദീകരണം.