Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെട്ടിടം വീഴ്ചയിൽ തൂണുകൾ ‘കുലുങ്ങിയില്ല’; കലൂരിലേക്ക് വീണ്ടും മെട്രോ സർവീസ്

Metro Kochi Kaloor Building കലൂരിൽ ഇടിഞ്ഞു താഴ്ന്ന കെട്ടിടത്തിനു സമീപത്തെ മെട്രോ തൂണുകൾ. ചിത്രം: റോബിൻ ടി.വർഗീസ്

കൊച്ചി ∙ കലൂരിൽ മെട്രോ തൂണിനു സമീപം രണ്ടുനില കെട്ടിടം താഴ്ന്നു പോയതിനെത്തുടർന്നു നിര്‍ത്തിവച്ച മെട്രോ ഗതാഗതം പുനരാരംഭിച്ചു. വ്യാഴാഴ്ച രാത്രിയോടെ നിര്‍ത്തി വച്ച സർവീസുകളാണ് വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും തുടങ്ങിയത്. കലൂരിനും ലിസി ആശുപത്രി സ്റ്റേഷനും ഇടയിലുള്ള ട്രാക്കിനു സമീപമാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. തുടർന്ന് ആലുവയിൽ നിന്നു കലൂരിലേക്കുള്ള സര്‍വീസ് നിർത്തിവയ്ക്കുകയായിരുന്നു. പകരം പാലാരിവട്ടം വരെ മാത്രമേ സർവീസ് ഉണ്ടായിരുന്നുള്ളൂ. ഇതാണിപ്പോൾ പുനഃസ്ഥാപിച്ചത്.

Building Kaloor 2 കലൂരിനു സമീപം ഇടിഞ്ഞു താഴ്ന്ന കെട്ടിടം. ചിത്രം: ജിൻസ് മൈക്കിൾ

മെട്രോ തൂണുകൾക്കു തകരാർ സംഭവിച്ചിട്ടില്ലെന്ന് പൊതുമരാമത്തു വകുപ്പ് എൻജിനീയർമാരുടെ പരിശോധനയിൽ വ്യക്തമായി. രാവിലെ ആളെ കയറ്റാതെ സർവീസ് നടത്തി മെട്രോ തൂണുകളുടെ ബലം പരിശോധിച്ചിരുന്നു. മെട്രോ തൂണുകൾ 40 അടി ആഴത്തിലുള്ളതാണ്. ശക്തിയേറിയ ഭൂചലനത്തെ പോലും പ്രതിരോധിക്കാൻ ഇതിനു കെൽപുണ്ട്. എങ്കിലും തൂണുകൾക്കോ, മെട്രോ നിർമിതികൾക്കോ സമീപം അസ്വഭാവികമായെ എന്തെങ്കിലും ഉണ്ടായാൽ സർവീസ് തുടരരുത്  എന്നു ചട്ടമുള്ളതിനാലാണു സർവീസ് ഇന്നലെ രാത്രി നിറുത്തിവച്ചതെന്നും അധികൃതർ അറിയിച്ചു. 

അതിനിടെ കെട്ടിടം ഇടിഞ്ഞതിനെപ്പറ്റി പരിശോധിക്കാൻ കലക്ടർ വിദഗ്ധ സംഘത്തെ നിയോഗിച്ചു. പിഡബ്ല്യുഡി സൂപ്രണ്ടിങ് എൻജിനീയർ (റോഡ്സ്) ടി.കെ.ബൽദേവ്, പിഡബ്ല്യുഡി എക്സി.എൻജിനീയർ (റോഡ്സ്) എം.ടി.ഷാബു, പിഡബ്ല്യുഡി എക്സി. എൻജി.(ബിൽഡിങ്സ്) റെജീന ബീവി, കെഎംആർഎൽ എംജിഎം അബ്ദുൽ കലാം, കുസാറ്റിലെ എമിരിറ്റസ് പ്രഫ. ഡോ.ബാബു, സ്ട്രക്ചറൽ എൻജിനീയറിങ് വിദഗ്ധൻ ഡോ.അനിൽ ജോസഫ് എന്നിവരടങ്ങുന്ന ആറംഗ സംഘമാണു പരിശോധന നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കലക്ടർക്കു നൽകും. റോഡ് നിർമാണത്തിലെ അപാകതയല്ല കെട്ടിടം ഇടിഞ്ഞു താഴാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. കൂടുതൽ കാര്യങ്ങൾ പരിശോധനയ്ക്കു ശേഷം മാത്രമേ വ്യക്തമാകൂ എന്നും വിദഗ്ധ സംഘം അറിയിച്ചു.

Kaloor Building 4 കലൂരിൽ ഇടിഞ്ഞു വീണ കെട്ടിടം. ചിത്രം: റോബിൻ ടി.വർഗീസ്
Kaloor Building 3 ഇടിഞ്ഞു താഴ്ന്ന കെട്ടിടം. ചിത്രം: റോബിൻ ടി. വർഗീസ്
Kaloor Road, Building Collapse നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്നു സമീപ റോഡിലൂടെയുളള ഗതാഗതം തടഞ്ഞപ്പോള്‍, കലൂർ മെട്രോ സ്റ്റേഷന്‍ സമീപം. ചിത്രം: റോബർട് വിനോദ്
Kochi Kaloor Building Collapse ഇടിഞ്ഞു താഴ്ന്ന കെട്ടിടം, സമീപം മെട്രോ തൂണുകൾ. ചിത്രം: റോബർട് വിനോദ്

ഗതാഗത നിയന്ത്രണം

Kaloor Building Collapse കലൂർ മെട്രോ സ്റ്റേഷനു സമീപം നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു വീണപ്പോൾ. ചിത്രം: റോബർട് വിനോദ്

അതിനിടെ പരിസരത്തെ റോഡ് ഗതാഗതം ഇപ്പോഴും പുനസ്ഥാപിച്ചിട്ടില്ല. കലൂരിൽ നിന്ന് എറണാകുളത്തേക്കു പോകുന്ന വാഹനങ്ങൾ സെന്റ് സെബാസ്റ്റ്യൻസ് റോഡ് വഴി തിരിച്ചുവിടുകയാണ്. കലൂരിലേക്കു പോകാൻ എസ്എ റോഡ് വഴി വരുന്നവർക്ക് കത്രിക്കടവ് റോഡ് ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു. എറണാകുളം നോർത്തിൽ നിന്നുള്ള വാഹനങ്ങൾ മണപ്പാട്ടിപറമ്പ്, പേരണ്ടൂർ വഴി വേണം കലൂരിലേക്കു പോകാൻ. കലൂരിൽ നിന്ന് എറണാകുളം ഹൈക്കോടതി ഭാഗത്തേക്ക് സെന്റ് സെബാസ്റ്റ്യൻസ് റോഡ്– ലിസി വഴി തിരിഞ്ഞു പോകണമെന്നും അധികൃതർ അറിയിച്ചു.

Kaloor Building Collapse കലൂർ മെട്രോ സ്റ്റേഷനു സമീപം നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു വീണപ്പോൾ. ചിത്രം: റോബർട് വിനോദ്
Kaloor Building Collapse കലൂർ മെട്രോ സ്റ്റേഷനു സമീപം നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു വീണപ്പോൾ റോഡരുകിലുണ്ടായ വിളളല്‍. ചിത്രം: റോബർട് വിനോദ്

കലൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം വ്യാഴാഴ്ച രാത്രിയാണ് ഭൂമിയ്ക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. രാത്രി പത്തോടെ കലൂർ മെട്രോ സ്റ്റേഷനു സമീപമായിരുന്നു സംഭവം. തുടർന്നു സുരക്ഷയുടെ ഭാഗമായി മെട്രോ സർവീസും സമീപത്തു കൂടിയുള്ള റോഡ് ഗതാഗതവും താൽകാലികമായി നിർത്തിവച്ചു.

Read in English

മെട്രോയുടെ തൂണുകൾ കടന്നു പോകുന്ന ഭാഗത്ത് റോഡിനോടു ചേർന്നു ഗർത്തം രൂപപ്പെട്ടതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിർമാണത്തൊഴിലാളികൾ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കലൂർ മെട്രോ സ്റ്റേഷനു സമീപം ഗോകുലം പാർക്കിനോടു ചേർന്ന് പൈലിങ് ജോലികൾ നടക്കുന്നതിനിടെയാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. ഇവിടെ എത്തിച്ചിരുന്ന രണ്ട് ജെസിബിയും മറ്റു നിർമാണ വസ്തുക്കളും കെട്ടിടത്തിന് അടിയിൽപ്പെട്ടു. ഇതു വഴിയുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആലുവയിൽ നിന്നുള്ള പമ്പിങ്ങും നിർത്തി വച്ചു.

രാത്രി തന്നെ കലക്ടർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശത്തെ കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്.