Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ട്: ഡിജിപി

Loknath-Behera

തിരുവനന്തപുരം∙ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടാണെന്നു സ്ഥിരീകരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. ചിലര്‍ ഇതിനു മനഃപൂര്‍വം ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. അവരെ കണ്ടെത്താനുള്ള അന്വേഷണം സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്. സംഭവത്തിൽ അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. അതേസമയം, വര്‍ഗീയ കലാപത്തിനു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടർന്നു സംസ്ഥാനത്ത് മൂന്നു ദിവസത്തെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

അപ്രഖ്യാപിത ഹര്‍ത്താലും അതിന്റെ മറവില്‍ നടന്ന അക്രമങ്ങളും വര്‍ഗീയ സംഘടനകള്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കഠ്‌വ സംഭവത്തിന്റെ മറപിടിച്ചു മതസ്പര്‍ധ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എസ്ഡിപിഐ പോലുള്ള തീവ്ര മുസ്‌ലിം അനുകൂല സംഘടനകളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചതെന്നും പൊലീസ് കണ്ടെത്തി.

അറസ്റ്റിലായവരുടെ പശ്ചാത്തലം കേന്ദ്രീകരിച്ചും ഹര്‍ത്താല്‍ പ്രചാരണത്തിനു തുടക്കമിട്ടവരെ നിരീക്ഷിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം വര്‍ഗീയകലാപം ലക്ഷ്യമിട്ടുള്ള അക്രമങ്ങള്‍ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് ഇനിയുമുണ്ടായേക്കാമെന്നാണു പൊലീസിന്റെ വിലയിരുത്തല്‍. അതു തടയാനായി എല്ലായിടത്തും പരമാവധി പൊലീസുകാരെ വിന്യസിച്ചു സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചു. രാത്രിയിലടക്കം വാഹനപരിശോധനയും പട്രോളിങും ശക്തമാക്കും. പൊലീസുകാർ ഏതു സമയവും സര്‍വസജ്ജമായിരിക്കണമെന്നു കാട്ടി ഡിജിപി സര്‍ക്കുലറും ഇറക്കി.

അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ അക്രമത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്താണു നടപടി. അതിനിടെ, ഹര്‍ത്താലാണെന്ന പ്രചാരണത്തിനു തുടക്കമിട്ട ഒരാളെ ഹൈടെക് സെല്‍ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയായ യുവാവിന്റെ പക്കല്‍ വിദ്വേഷജനകമായ സന്ദേശങ്ങളും കണ്ടെത്തി.

related stories